|    Dec 13 Wed, 2017 6:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മല്ലേലി ശ്രീധരന്‍ നായര്‍ സത്യസന്ധനെന്ന് ബാബുപ്രസാദിന്റെ മൊഴി

Published : 27th October 2016 | Posted By: SMR

കൊച്ചി: പത്തനംതിട്ടയിലെ വ്യവസായിയും  മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ ആരോപണം ഉന്നയിക്കുകയും ചെയ്ത മല്ലേലില്‍ ശ്രീധരന്‍ നായര്‍ സത്യസന്ധനും ദൈവവിശ്വാസിയുമാണന്ന് മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ബാബു പ്രസാദ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. ശ്രീധരന്‍ നായര്‍ അമ്മാവനാണന്നും അടുത്ത ബന്ധമുണ്ടെന്നും ബാബു പ്രസാദ് പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. എന്നാല്‍ അതിന്റെ ഉള്ളടക്കത്തെപറ്റി അറിയില്ല. ഉമ്മന്‍ചാണ്ടിക്കെതിരേ രഹസ്യമൊഴിയില്‍ പരാമര്‍ശമുണ്ടായിരുന്നു എന്ന് കമ്മീഷന്‍ ബാബു പ്രസാദിനെ അറിയിച്ചു. ശ്രീധരന്‍ നായര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലും സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടകാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. ശ്രീധരന്‍നായര്‍ക്ക് കോടതിയില്‍ കള്ളംപറയേണ്ട കാര്യമില്ലന്നായിരുന്നു ബാബുപ്രസാദിന്റെ മറുപടി.
സരിത എസ് നായരുടെ ടീം സോളാറുമായി ശ്രീധരന്‍നായര്‍ ഇടപാടു നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ തടയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നതിനാല്‍ അനര്‍ട്ടിന്റെ ലിസ്റ്റില്‍ ഉള്ള കമ്പനികളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അനര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് സോളാറിനെക്കുറിച്ച് അറിവില്ലാത്തതുമൂലമാണ് ഈ രംഗത്ത് തട്ടിപ്പുകാര്‍ വരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ സോളാറിനെക്കുറിച്ച് നടന്ന സെമിനാറിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കാനായില്ല. ആ സെമിനാറില്‍ സരിത ക്ലാസ് എടുത്തകാര്യം അന്ന് കെഎസ്ഇബി ചെയര്‍മാനായിരുന്ന മുഹമ്മദലി റാവുത്തര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടെ പറഞ്ഞിരുന്നതായും ബാബു പ്രസാദ് മൊഴി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക