|    May 26 Fri, 2017 1:02 pm
FLASH NEWS

മലേസ്യയില്‍ വിവാദ ദേശീയ സുരക്ഷാനിയമം പ്രാബല്യത്തില്‍

Published : 2nd August 2016 | Posted By: SMR

ക്വാലാലംപൂര്‍: ദേശവ്യാപകമായ വിമര്‍ശനം മറികടന്ന് മലേസ്യയില്‍ ദേശീയ സുരക്ഷാനിയമം നിലവില്‍ വന്നു. കര്‍ക്കശമായ നിയമം ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രധാനമന്ത്രി നജീബ് റസാഖിന്റെ എതിരാളികള്‍ക്കെതിരേ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഡിസംബറിലാണ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആക്റ്റ് നജീബ് റസാഖ് സര്‍ക്കാര്‍ പാര്‍ലമെന്റിലെത്തിക്കുന്നത്. അഴിമതിയാരോപണത്തിന്റെ പേരില്‍ ഭീഷണി നേരിടുകയാണ് സര്‍ക്കാര്‍.
നജീബിന്റെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം വ്യാപകമായ പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.
പുതിയ നിയമപ്രകാരം സുരക്ഷാഭീഷണിയുടെ പട്ടികയിലുള്‍പ്പെടുത്തി സൈന്യത്തിന്റേതിനു സമാനമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. രാഷ്ട്രീയവെല്ലുവിളികളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നിയമം പാസാക്കിയതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ജനങ്ങള്‍ക്ക് സമാധാനപരമായി പോലും പ്രതിഷേധ പ്രകടനം നടത്തുന്നതിനും നിയമം ഭീഷണിയായിരിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇക്കണോമിക് അഫയേഴ്‌സ് മേധാവി വാന്‍ സെയ്ഫുല്‍ വാന്‍ ജാന്‍ അഭിപ്രായപ്പെട്ടു. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൗരാവകാശങ്ങള്‍ റദ്ദാക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സമിതിക്ക് സാധിക്കും. വാറന്റില്ലാതെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും അറസ്റ്റ് നടത്താനും പോലിസിനും സൈന്യത്തിനും അധികാരമുണ്ടാവും.
ഭീകരവാദത്തെ മറികടക്കാന്‍ നിയമം അത്യന്താപേക്ഷിതമാണെന്നാണ് നജീബ് റസാഖ് പറയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 1-എംഡിബി നിക്ഷേപക സ്ഥാപനത്തില്‍ നിന്നും വന്‍ തുക സ്വന്തമാക്കിയെന്നതാണ് നജീബിനെതിരേയുള്ള ആരോപണം. സുരക്ഷാസമിതിയിലെ അംഗങ്ങള്‍ നജീബിന്റെ വിശ്വസ്തരാണെന്നതും ഭീഷണിക്ക് ആക്കം കൂട്ടുന്നു.
നിയമം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും യുഎന്‍ മനുഷ്യാവകാശസമിതിയും മനുഷ്യാവകാശസംഘടനകളും ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day