|    Nov 21 Wed, 2018 9:11 am
FLASH NEWS

മലേസ്യയില്‍ പോയ മകനെ ഒരു നോക്ക് കാണാന്‍ 17 വര്‍ഷമായി കാത്തിരിക്കുന്നു ഈ അമ്മ

Published : 12th August 2018 | Posted By: kasim kzm

പൊന്നാനി: മലേസ്യയില്‍ ജോലിതേടിപോയ മകനെ 17 വര്‍ഷമായി സരസ്വതിയമ്മ കാത്തിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് മകനെ ഒരു വട്ടമെങ്കിലും കാണാന്‍ ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. 2001ല്‍ 26ാം വയസിലാണ് മകന്‍ ധനുഘോഷ് ലാല്‍ ജോലിതേടി മലേസ്യയിലേക്കുപോയത്. നാട്ടില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന അച്ഛന്‍ നായരശേരി സാമുവിന്റെ മരണത്തോടെ കുടുംബഭാരം ധനുഘോഷിനായി.
ഏക സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ബാധ്യത ഇരട്ടിയായി. ഈ സമയത്താണ് വിസ ഏജന്റ് വഴി മലേഷ്യയില്‍ ജോലിനേടുന്നത്. 85,000 രൂപ ഏജന്റിന് നല്‍കി അമ്മയോട് യാത്രപറഞ്ഞ് ഇറങ്ങി. മലേഷ്യയില്‍ ‘നോക്കിയ’ മൊബൈല്‍ കമ്പനിയിലായിരുന്നു ജോലി. എല്ലാ ദിവസവും രണ്ടുതവണയെങ്കിലും അമ്മയെയും സഹോദരിയെയും ഫോണ്‍ ചെയ്യുമായിരുന്ന ധനുഘോഷ് ഇടയ്‌ക്കൊക്കെ കത്തും അയച്ചു. വീട്ടുചെലവിനുള്ള പണം സമയത്ത് അയച്ചു.
നാട്ടില്‍ വരുന്നതിനുമുമ്പ് പെണ്ണിനെ കണ്ടുവയ്ക്കാന്‍ അമ്മയോട് പറഞ്ഞ ധനുഘോഷിന്റെ ജീവിതത്തില്‍ പിന്നെയെന്ത് സംഭവിച്ചെന്ന് അറിയില്ല. ഫോണ്‍ വിളിപോലും ആഴ്ചയിലേക്കും മാസങ്ങളിലേക്കും മാറി. ഒരിക്കല്‍ അമ്മയെ വിളിച്ച് കമ്പനിയില്‍ ജോലിചെയ്യുന്നയാളെ വിവാഹംചെയ്തുവെന്നും ക്ഷമിക്കണമെന്നും പറഞ്ഞു.
സഹോദരിയുടെ വീടുപണിക്കായി മലേഷ്യയില്‍നിന്ന് വാതിലിന്റെ പൂട്ടുകളും വിവാഹ ഫോട്ടോയും അയച്ചു. പിന്നീട് വിളിയേ ഇല്ലാതായി. വിളിക്കുന്ന നമ്പറും കിട്ടാതായി. ഒപ്പം പോയ മറ്റ് മൂന്നുപേരും നാട്ടില്‍ വന്നു. മകന്‍ മലേഷ്യയില്‍നിന്ന് ഇന്തോനേഷ്യയിലേക്ക് പോയതായി അവരിലൊരാള്‍ പറഞ്ഞതായി അമ്മ ഓര്‍ക്കുന്നു. ഏഴുവര്‍ഷം കഴിഞ്ഞു അവസാനമായി ഫോണ്‍ വിളിച്ചിട്ട്. മകള്‍ ധന്‍സ്യയെ എറണാകുളത്തേക്ക് വിവാഹം കഴിച്ചയച്ചതോടെ വീട്ടില്‍ ഒറ്റക്കായി.
പാലപ്പെട്ടി ആശുപത്രിയില്‍ താല്‍ക്കാലിക അറ്റന്‍ഡറായി ജോലിചെയ്ത് കിട്ടുന്ന വരുമാനമാണ് ജീവിതമാര്‍ഗം.ലോകത്തിന്റെ ഏത് കോണിലായാലും തന്റെ മകന്‍ ഒരിക്കല്‍ തിരിച്ചെത്തുമെന്ന വിശ്വാസത്തില്‍ അവന്‍ അയച്ച ഫോട്ടോയും കത്തുകളും നോക്കി ഈ 62കാരി ജീവിതം തള്ളിനീക്കുകയാണ്. കാത്തിരിക്കുന്നവനിലേക്ക് എല്ലാം വരും വൈകിയാണെങ്കിലും നീതിയും തേടിവരും എന്ന വിശ്വാസത്തിലാണ് ഈ അമ്മ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss