|    Jan 17 Tue, 2017 12:49 am
FLASH NEWS

മലേസ്യന്‍ പ്രധാനമന്ത്രിക്കെതിരേ മുന്‍ പ്രധാനമന്ത്രി രംഗത്ത്

Published : 24th September 2016 | Posted By: SMR

ക്വാലാലംപൂര്‍: അഴിമതിയില്‍ മുങ്ങിക്കുളിച്ച മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ പുറത്താക്കാന്‍ 22 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഡോ. മഹാതീര്‍ മുഹമ്മദ് രംഗത്ത്. 1988ല്‍ താന്‍ ഉപപ്രധാനമന്ത്രിസ്ഥാനത്തുനിന്നു നാടകീയമായി പുറത്താക്കിയ അന്‍വര്‍ ഇബ്രാഹിമിനെയാണ് മഹാതീര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. കള്ളക്കേസില്‍ കുടുക്കി നജീബ് ജയിലിലിട്ട അന്‍വറിനെ ഈയിടെ മഹാത്തീര്‍ കോടതിയില്‍ വച്ചു കാണുകയും പുതിയ രാഷ്ട്രീയ സഖ്യത്തെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
നജീബ് എംഡിബി എന്ന പൊതുമേഖലാ നിക്ഷേപസ്ഥാനത്തിന്റെ കോടിക്കണക്കിനു ഡോളര്‍ തട്ടിയെടുത്തതു സംബന്ധിച്ച വിവാദം പുകഞ്ഞുനില്‍ക്കുമ്പോഴാണു ബര്‍സാത്തു എന്ന പേരില്‍ പുതിയ മുന്നണിക്ക് മഹാതീര്‍ രൂപംകൊടുക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു സൗദി രാജകുമാരന്‍ തനിക്കു സംഭാവന നല്‍കിയതാണ് തുകയെന്നും അതു താന്‍ തിരിച്ചടച്ചുവെന്നും നജീബ് വിശദീകരിക്കുന്നുവെങ്കിലും ജനങ്ങള്‍ അതു തള്ളിക്കളയുകയാണ്.
ഭരണകക്ഷിയായ അംനോയിലെ അംഗങ്ങളെ വശത്താക്കി നജീബ് അധികാരത്തില്‍ തുടരുകയാണ്. ഇനിയും അത് പൊറുപ്പിക്കാനൊക്കില്ല എന്ന നിലപാടിലാണ് 91 കാരനായ മഹാതീര്‍. പുറത്താക്കപ്പെട്ടതിനുശേഷം ഇസ്‌ലാമിക യുവജന പ്രസ്ഥാനത്തിന്റെ ജനപ്രിയ നായകനായിരുന്ന അന്‍വര്‍ മഹാതീറുമായി ബന്ധപ്പെട്ടിരുന്നില്ല. മൂന്നുവര്‍ഷം മുമ്പ് പൊതുതിരഞ്ഞെടുപ്പില്‍ അംനോക്ക് തിരിച്ചടിയുണ്ടായെങ്കിലും തുടര്‍ന്നു പ്രതിപക്ഷം ശിഥിലമാവുകയായിരുന്നു. ചൈനീസ് വംശജര്‍ക്കു മുന്‍തൂക്കമുള്ള ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടിയും ഇസ്‌ലാമികരുടെ പാര്‍ട്ടൈ ഇസ്‌ലാമും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ അന്‍വറിനു സാധിക്കാത്തതു നജീബിന് ആശ്വാസമായി. പ്രശ്‌നങ്ങള്‍ ഒതുക്കുന്നതില്‍ വിജയിച്ചുവെന്ന ധാരണയില്‍ അദ്ദേഹം 2018ല്‍ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് അഭ്യൂഹമുണ്ട്.
രാജ്യത്ത് അഴിമതി വ്യവസ്ഥാപിതമാക്കുന്നതില്‍ മഹാതീറിനു വലിയ പങ്കുണ്ടെന്നു വിമര്‍ശകര്‍ ആരോപിക്കുന്നു. അംനോയില്‍ സമ്മര്‍ദം ചെലുത്തി തന്റെ പുത്രന്‍ മുഖ്‌രാസിനെ പ്രധാനമന്ത്രിയാക്കുകയാണ് മഹാതീറിന്റെ ലക്ഷ്യമെന്നുമവര്‍ കരുതുന്നു. മഹാതീര്‍ ഇത് നിഷേധിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക