|    Apr 23 Mon, 2018 11:32 am
FLASH NEWS
Home   >  National   >  

മലേഗാവ്; ഭീകരവിരുദ്ധ കേസുകള്‍ അന്വേഷിക്കേണ്ട എന്‍ഐഎ ഭീകരരെ രക്ഷിക്കുന്ന സംവിധാനമായി മാറി: പിണറായി

Published : 14th May 2016 | Posted By: swapna en

pinarayi

തിരുവനന്തപുരം: ഭീകരവിരുദ്ധ കേസുകള്‍ അന്വേഷിക്കേണ്ട എന്‍ഐഎ ഭീകരരെ രക്ഷിക്കുന്ന  സംവിധാനമായി മാറിയെന്ന് പിണറായി വിജയന്‍. ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ ആര്‍എസ്എസ് ഏജന്‍സിയാക്കിയെന്നും പിണറായി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിങ്് ഠാക്കൂര്‍ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ എന്‍ഐഎ നടപടിക്കെതിരെ ആയിരുന്നു പിണറായിയുടെ പോസ്റ്റ്.

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2008ലെ മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിംങ് ഠാക്കൂര്‍ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ എന്‍ഐഎ നടപടി ആര്‍ എസ് എസ് അജണ്ടയാണ്. ഭീകര വിരുദ്ധ കേസുകള്‍ അന്വേഷിക്കേണ്ട എജന്‍സി ഭീകരരെ രക്ഷിക്കുന്ന സംവിധാനമായി മാറിയിരിക്കുന്നു. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കം എട്ടു പേരെ ഒഴിവാക്കിയത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്.

ആദ്യം ഇസ്ലാമിക തീവ്രവാദികളാണ് ബോംബുവെച്ചതെന്നു പ്രചരിപ്പിച്ച് ഒരു സമൂഹത്തെയാകെ വേട്ടയാടാനാണ് ആര്‍ എസ് എസ് തയ്യാറായത്. ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഹിന്ദുത്വ തീവ്രവാദികളാണ് കുറ്റം ചെയ്തത് എന്ന് സംശയാതീതമായി തെളിഞ്ഞത്. കര്‍ക്കറെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയുന്ന തരത്തിലുള്ളതാണ് മുംബൈ കോടതിയില്‍ എന്‍ഐഎ നല്‍കിയ പുതിയ ചാര്‍ജ്ജ് ഷീറ്റ്. രാജ്യത്തിന് വേണ്ടി ഭീകരരോട് പോരാടി മൃത്യുവരിച്ച കര്‍ക്കറെ എന്ന ധീരനായ ഉദ്യോഗസ്ഥനെ അപമാനിക്കുക കൂടിയാണ് ഇതിലൂടെ.

മോഡി സര്‍ക്കാര്‍ വന്നതു മുതല്‍ മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേസില്‍ മൃദുസമീപനം അനുവര്‍ത്തിക്കണം എന്ന ആവശ്യത്തിനു വഴങ്ങാതിരുന്ന സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാണിനെ ആദ്യം മാറ്റി. ഇപ്പോള്‍ പ്രത്യേക പബ്‌ളിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ അറിയാതെയാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.

ആര്‍ എസ് എസ് തലവന്‍ തന്നെ നേരിട്ട് ഇടപെടുന്ന കേസ് ആണിത്. മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കറെ മരണമടഞ്ഞ ശേഷം, മലേഗാവ് സ്‌ഫോടനം സംബന്ധിച്ച് അദ്ദേഹത്തെ പരാമര്‍ശിച്ച് പ്രസ്താവന നടത്തിയതിന് മോഹന്‍ ഭാഗവത് സുപ്രീം കോടതിയുടെ വിമര്‍ശം നേരിടേണ്ടി വന്നിട്ടുണ്ട്. മെക്ക, സംത്സൗത, മലേഗാവ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളില്‍ അന്വേഷണ ഏജന്‍സി ആര്‍ എസ് എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സമര്‍പ്പിച്ചിട്ടും കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള ഈ നീക്കം രാജ്യത്തിന്റെ ഭരണ ഘടനയോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ മതനിരപേക്ഷ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss