മലേഗാവ് കേസ് : പ്രധാന രേഖകള്‍ കാണാതായി
Published : 9th April 2016 | Posted By: SMR
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസിലെ നിര്‍ണായക സാക്ഷിമൊഴികള്‍ കാണാനില്ല. ഐപിസി 164 പ്രകാരം മജിസ്ട്രേറ്റിന്റെ മുമ്പില്‍ വച്ച് രേഖപ്പെടുത്തിയ പ്രധാന സാക്ഷികളുടെ മൊഴിയാണ് കോടതി രേഖകളില്‍ നിന്നു കാണാതായത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസിന്റെ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക മകോക്ക കോടതിയെ അറിയിച്ചു.
ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് നേതാവ് സാധ്വി പ്രജ്ഞാസിങ്, ആര്‍എസ്എസ് പ്രവര്ത്തകന് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവര്‍ക്കെതിരേ ശക്തമായ തെളിവായി എന്‍ഐഎ കരുതിയിരുന്ന മൊഴികളും കാണാതായവയില്‍ ഉള്‍പ്പെടും. മലേഗാവില്‍ ബോംബ് വച്ചതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാംജി കല്‍സാംഗ്രയുടെ പങ്ക് വെളിപ്പെടുത്തുന്ന രേഖകളും നഷ്ടമായതില്‍ ഉള്‍പ്പെടുന്നു.
നേരത്തെ കോടതി ജീവനക്കാര്‍ കേസിലെ എന്‍ഐഎ അഭിഭാഷകയായിരുന്ന രോഹിണി സല്യാനെ സമീപിച്ച് സാക്ഷിമൊഴികളുടെ പകര്പ്പുണ്ടോയെന്നു ചോദിച്ചതോടെയാണ് രേഖകള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. മജിസ്ട്രേറ്റിന് മുമ്പാകെ ആറോ ഏഴോ സാക്ഷികള്‍ നല്കിയ മൊഴി നിങ്ങളുടെ അടുത്തുണ്ടോയെന്നുള്ള കോടതി ജീവനക്കാരുടെ ചോദ്യം അദ്ഭുതപ്പെടുത്തുന്നതാണെന്ന് രോഹിണി സല്യാന്‍ പറഞ്ഞു. കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് രാജിവച്ചതോടെ തന്റെ കൈവശമുള്ള മുഴുവന്‍ രേഖകളും പകരക്കാരനായി എത്തിയ അവിനാഷ് റസലിനു കൈമാറിയിരുന്നു. ഒറിജിനല്‍ രേഖകള്‍ കോടതിയിലായിരിക്കും സൂക്ഷിച്ചിരിക്കുകയെന്നും അവര്‍ പറഞ്ഞു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തി ല്‍ വന്നതിനു ശേഷം കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ആഗസ്തില്‍ രോഹിണി സല്യാന്‍ വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയാണ്. 12 പ്രതികളാണ് കേസിലുള്ളത്. എന്നാല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അവിനാശ് റസല്‍ രേഖകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് തികച്ചും നിരുത്തരവാദപരമായാണു സംസാരിച്ചത്. അത് അവിടെയെവിടെയെങ്കിലും കാണും എന്ന് അഴകൊഴമ്പന്‍ മറുപടിയാണ് അദ്ദേഹം നല്‍കിയത്.
കിട്ടിയില്ലെങ്കില്‍ പകര്‍പ്പ് ഹാജരാക്കുമെന്നും അത് രണ്ടാം തെളിവായി സമര്‍പ്പിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐപിസി 164 പ്രകാരം ഹാജരാക്കിയ സാക്ഷിമൊഴിക ള്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അത് നഷ്ടപ്പെടുന്നത് കേസ് ദുര്‍ബലപ്പെടാന്‍ കാരണമാവുമെന്നും നിയമവൃത്തങ്ങള്‍ സമര്‍ഥിക്കുന്നു. അതുപോലെ പകര്‍പ്പ് ഹാജരാക്കുന്നതിലൂടെ കൃത്രിമത്തിനുള്ള സാധ്യതയും ഏറെയാണ്.
2008 സപ്തംബര്‍ 29നു മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷമേഖലയായ മലേഗാവിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും 79 പേര്‍ക്കു പരി ക്കേല്‍ക്കുകയും ചെയ്തിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.