|    Jan 20 Fri, 2017 5:39 pm
FLASH NEWS

മലേഗാവ് കേസ്: പുരോഹിതിന് ജാമ്യമില്ല

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. സ്‌ഫോടനവുമായി ബന്ധമില്ലെന്നും താന്‍ ചെയ്തതെല്ലാം ജോലിയുടെ ഭാഗമായിരുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ വാദം തള്ളിയാണ് മുംബൈയിലെ എന്‍ഐഎ കോടതിയുടെ നടപടി.
മലേഗാവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തു ബോംബ് വയ്ക്കാനായി സംഘപരിവാര പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്ന എന്‍ഐഎയുടെ കണ്ടെത്തല്‍ പുരോഹിത് നിഷേധിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോസ്ഥനായ താന്‍ ജോലിയുടെ ഭാഗമായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു യോഗം ചേര്‍ന്നത് എന്ന പുരോഹിതിന്റെ വാദമാണ് മുംബൈയിലെ പ്രത്യേക കോടതി തള്ളിയത്. പുരോഹിതിന്റെ വാദത്തിന് തെളിവു കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് അവസരം നല്‍കുകയാണെന്നും കോടതി പറഞ്ഞു. കേസിലെ കൂട്ടുപ്രതി മേജര്‍ ഉപാധ്യായയുമായി നടത്തിയ സംഭാഷണമാണ് കേസില്‍ പുരോഹിതിനെതിരായ തെളിവ്.
മുഖ്യ പ്രതികളിലൊരാളും തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് നേതാവുമായ സാധ്വി പ്രഗ്യാസിങ് അറസ്റ്റിലായതിന്റെ തൊട്ടടുത്ത ദിവസമാണ് തെളിവിനാസ്പദമായ ഇരുവരുടെയും സംഭാഷണം നടന്നത്. സംസാരത്തിനിടെ പ്രഗ്യാസിങ് തന്റെ പേരു പറയുമോയെന്ന് ഉപാധ്യായ് ആശങ്കപ്പെടുന്നുമുണ്ട്.
ഇതിനുശേഷം അഭിനവ് ഭാരതില്‍നിന്ന് മാറിനില്‍ക്കാനും തല്‍ക്കാലം ജനങ്ങളുമായി ബന്ധപ്പെടേണ്ടെന്നും പുരോഹിത് അദ്ദഹത്തിനു നിര്‍ദേശം കൊടുത്തു. എന്നാല്‍, പുരോഹിത് തന്റെ ജോലി ചെയ്യുകയാണ് ചെയ്തതെങ്കില്‍ പിന്നെയെന്തിനാണ് അദ്ദേഹം ബാക്കിയുള്ളവരോട് മുന്‍കരുതല്‍ നടപടികളെടുക്കാന്‍ പറഞ്ഞതെന്നും അദ്ദേഹം ഭയപ്പെടുന്നതെന്തിനാണെന്നും പ്രത്യേക ജഡ്ജി എസ്ഡി തെക്കാലെ ചോദിച്ചു.
തന്നെയുമല്ല; ജോലിയുടെ ഭാഗമായിട്ടാണ് യോഗത്തില്‍ സംബന്ധിച്ചതെങ്കില്‍ കേസില്‍ പുരോഹിത് എന്തുകൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം തേടിയില്ലെന്നും കോടതി ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക