|    Sep 23 Sun, 2018 7:49 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘മലില ഒരു വിടവാങ്ങല്‍ പൂവല്ല’

Published : 12th December 2017 | Posted By: kasim kzm

തിരുവനന്തപുരം: മുല്ലപ്പൂക്കള്‍ ചേര്‍ത്തുവച്ചൊരുക്കുന്ന കലാരൂപം പോലെ സൗരഭ്യം നിറഞ്ഞതല്ല ‘മലില.. ദി ഫെയര്‍വെല്‍ ഫഌവര്‍’ എന്ന തായ്‌ലന്‍ഡ് ചിത്രം. എന്നാല്‍ പേരു സൂചിപ്പിക്കും പോലെ അതൊരു വിടവാങ്ങല്‍ പുഷ്പവുമല്ല. മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ കണ്ണുകളെ കാര്‍ന്നുതിന്നുന്ന രംഗങ്ങളുണ്ടെങ്കിലും അവസാനമറിയാനുള്ള ത്വര നമ്മെ പിടിച്ചിരുത്തും. ബുദ്ധസന്യാസത്തിന്റെ നാള്‍വഴികള്‍ വരച്ചുകാട്ടുന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗവും പ്രമേയമാവുന്നുണ്ട്. വളരെയേറെ വെല്ലുവിളികള്‍ തന്നെയാണു വിഷയം തിരഞ്ഞെടുത്തതില്‍ അനൂച ഭു ന്ന്യവന്ദനയെന്ന സംവിധായിക നേരിട്ടതെന്നു വ്യക്തം. യഥാര്‍ഥ സ്‌നേഹത്തിനു മരണത്തിനപ്പുറവും സ്ഥാനമുണ്ടെന്നു വിവരിക്കുകയാണു സംവിധായിക ഇതിലൂടെ. പിച്ച്, ഷേന്‍ എന്നീ രണ്ടു സുഹൃത്തുക്കളിലൂടെയാണു കഥ തുടങ്ങുന്നത്. മുമ്പ് അവര്‍ സ്വവര്‍ഗാനുരാഗികളായിരുന്നു. പിന്നീട് പിരിയുന്ന ഇരുവരും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ പിച്ച് കാന്‍സര്‍ രോഗബാധിതനായി ത്തീര്‍ന്നിരുന്നു. ഇതിനിെട മകളെ നഷ്ടപ്പെട്ട ഷേന്‍ മദ്യപാനിയാവുന്നതോടെ ഭാര്യയും ഉപേക്ഷിച്ചുപോയി.മുല്ലപ്പൂവുകള്‍ കൊണ്ടു നിര്‍മിക്കുന്ന തായ്കലാ രൂപമുണ്ടാക്കുന്നതില്‍ പിച്ച് വളരെ പ്രഗല്ഭനായിരുന്നു. ഷേനി ന്റെ  ഓര്‍മകള്‍ക്കായി മുല്ലപ്പൂത്തോട്ടം പരിപാലിക്കുന്ന ജോലി ഏറ്റെടുക്കുന്നതിനിടെയാണു അയാള്‍ തിരികെയെത്തുന്നത്. ഷേന് സമ്മാനിക്കാന്‍ ഒരിക്കല്‍ക്കൂടി പൂക്കള്‍ ഒരുക്കുന്നതിനിടെ പിച്ച് മരണപ്പെടുന്നു. ഒറ്റയ്ക്കാവുന്ന ഷേന്‍ പിന്നീട് പിച്ചിന്റെ ആഗ്രഹ പ്രകാരം ബുദ്ധസന്യാസിയാവുകയാണ്. സന്യാസം നിരവധി പരീക്ഷണങ്ങള്‍ അയാള്‍ക്കു കരുതിവച്ചിരുന്നു. കൊടുംകാട്ടില്‍ മഴയും വിശപ്പും സഹിച്ച് ഒടുവില്‍ ഏകാഗ്രത ശീലിക്കാന്‍ ഗുരുവിന്റെ തീരുമാനം വന്നയിടത്താണു ഷേന്‍ യഥാര്‍ഥ പരീക്ഷണം നേരിട്ടത്. ജീര്‍ണിച്ച മൃതശരീരത്തിനു മുന്നില്‍ നിന്നു ധ്യാനിക്കേണ്ടി വരുന്ന അയാള്‍ വിവശനായി. രണ്ടാം ദിനം തിരികെ എത്തിയപ്പോള്‍ പിച്ചിന്റെ ശരീരമാണതെന്നു മനസ്സിലാക്കിയ ഷേന്‍ അതിനു മുന്നില്‍ അറപ്പും വെറുപ്പുമില്ലാതെ ധ്യാനിച്ചു. പുഴുക്കള്‍ നുരയ്ക്കുന്ന ശരീരത്തില്‍ പിച്ചിന്റെ ആത്മാവിനെ കണ്ടെത്താനും അതുമായി സംവദിക്കാനും ഷേന് സാധിച്ചു. ഗുരുവിനു പോലും സാധ്യമാവാത്ത ആ സംവാദം അയാളെ യഥാര്‍ഥ സന്യാസിയാക്കി മാറ്റി. ജീവാത്മാവും പരമാത്മാവും ഒന്നാകുന്നു എന്ന തത്ത്വമാണ് ഇതിലൂടെ സംവിധായിക പറയുന്നത്. ആത്മാവിനെ തിരിച്ചറിഞ്ഞാല്‍ പിന്നെ മരണമില്ലെന്ന കണ്ടെത്തല്‍ ഷേന്‍ എന്ന നായകനൊപ്പം പ്രേക്ഷകരും അനുഭവിക്കുകയാണ്. പത്തില്‍ താഴെ കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ കുഞ്ഞുസിനിമ മല്‍സര ചിത്രങ്ങളില്‍ വേറിട്ടതാവുമെന്നതില്‍ സംശയമേതുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss