|    Jan 22 Sun, 2017 1:14 am
FLASH NEWS

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനെതിരേ വിജിലന്‍സ് അന്വേഷണം

Published : 1st October 2016 | Posted By: Abbasali tf

കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍, മുന്‍ മെംബര്‍ സെക്രട്ടറി പി മോളിക്കുട്ടി എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം. ആലുവ എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീശക്തി പേപ്പര്‍ മില്‍സ് ലിമിറ്റഡ് എന്ന പേപ്പര്‍&പള്‍പ് വ്യവസായത്തിന് മതിയായ മാലിന്യ ശുദ്ധീകരണ സംവിധാനമില്ലാതിരുന്നിട്ടും പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയതിലെ അഴിമതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ജനജാഗ്രതയുടെ പ്രവര്‍ത്തകന്‍ കെ കെ മുഹമ്മദ് ഇക്ബാല്‍ അഭിഭാഷകരായ അഡ്വ. കെ കെ അഷ്‌കര്‍, ആഷിറ അഷ്‌കര്‍ എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ പ്രതികള്‍ക്കെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. നിയമവിരുദ്ധമായി 2010, 2013, 2016 കാലങ്ങളിലാണ് ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയത്. കമ്പനിക്ക് എഫഌവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റില്ല എന്നും നിയമവിരുദ്ധമായി ശുദ്ധീകരിക്കാത്ത മലിനജലം കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കൊഴുക്കുന്നുവെന്നും അന്വേഷണം നടത്തി പരിസ്ഥിതി എന്‍ജിനീയര്‍ റിപോര്‍ട് നല്‍കിയിട്ടും 2013ല്‍ കമ്പനിയുടെ പ്രവര്‍ത്തനാനുമതി ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ പുതുക്കി നല്‍കുകയായിരുന്നു. കൂടാതെ ഏറ്റവും മലിനീകരിക്കുന്ന 17 തരം വ്യവസായങ്ങളിലൊന്നായ ഈ കമ്പനിയില്‍ 2015 ജൂണ്‍ 30നകം ഓണ്‍ലൈന്‍ മലിനജല നിരീക്ഷണ സംവിധാനവും മലിനവായു നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തണമെന്നും അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ചെലവാകുന്ന തുകയ്ക്ക് കമ്പനിയുടെ കൈയില്‍നിന്നും ബാങ്ക് ഗ്യാരന്റി വാങ്ങണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാന ബോര്‍ഡ് ചെയര്‍മാന് സ്റ്റാറ്റിയൂട്ടറി ഡയറക്ഷന്‍ നല്‍കിയിരുന്നു. 2015 ജൂണ്‍ 30നകം ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം ഏര്‍പെടുത്തിയില്ലെങ്കില്‍ ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടണമെന്നും കമ്പനിയുടെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്നും ചെയര്‍മാനോട് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. 2015 ജൂണ്‍ 30നകം ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം ഏര്‍പെടുത്താതിരുന്നിട്ടും ബാങ്ക് ഗ്യാരണ്ടി കമ്പനിയില്‍ നിന്ന് വാങ്ങുകയോ പ്രവര്‍ത്തനാനുമതി പിന്‍വലിക്കുകയോ ചെയ്യാതെ കമ്പനിക്ക് അനര്‍ഹമായ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ തന്റെ നിയമപരമായ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ചെയര്‍മാന്‍ സജീവന്‍ കമ്പനിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി 2016ല്‍ പുതുക്കി നല്‍കി. ചെയര്‍മാന്‍ കെ സജീവനാണ് ഒന്നാം പ്രതി. കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദേശം അനുസരിക്കാന്‍ സംസ്ഥാന ബോര്‍ഡ് ജല മലിനീകരണ നിയന്ത്രണ നിയമപ്രകാരം ബാധ്യസ്ഥരാണ്. അത്തരം നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ജല നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. ആയതിനു ചെയര്‍മാനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് ജനജാഗ്രത അനുമതി ചോദിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും അനുമതി നല്‍കിയിട്ടില്ല. അനുമതി അപേക്ഷയില്‍ തീര്‍പ്പാവശ്യപ്പെട്ട് ജനജാഗ്രത ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ്. 2010ല്‍ ശ്രീശക്തി കമ്പനിക്ക് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയ മുന്‍ മെംബര്‍ സെക്രട്ടറി പി മോളിക്കുട്ടിയാണ് രണ്ടാം പ്രതി. ശ്രീശക്തി കമ്പനിയും അതിന്റെ എംഡി എസ് രാജ്കുമാര്‍, ഓപറേഷന്‍സ് ഡയറക്ടര്‍ ഇ പദ്മനാഭന്‍ എന്നിവരാണ് മൂന്നുമുതല്‍ അഞ്ചു വരെ പ്രതികള്‍. വിജിലന്‍സ് മധ്യമേഖലാ ഡയറക്ടറോട് ദ്രുത പരിശോധന നടത്തി ഒക്ടോബര്‍ 30നകം റിപോര്‍ട് സമര്‍പ്പിക്കാനാണ്  വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ ഉത്തരവിട്ടിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക