|    Apr 19 Thu, 2018 11:17 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മലിനീകരണത്തിനെതിരേ പൊതുബോധമുയരണം

Published : 9th January 2016 | Posted By: SMR

ഒരാഴ്ച മുമ്പ് ശബരിമല സന്നിധാനത്ത് ചത്ത മ്ലാവിന്റെ വയറ്റില്‍ നാലേമുക്കാല്‍ കിലോ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ചരിഞ്ഞ ആനയുടെ വയറ്റിലുമുണ്ടായിരുന്നു പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍. ഈ കണ്ടെത്തലുകള്‍ ഒരു കാര്യം വ്യക്തമാക്കുന്നു- ശബരിമലയിലെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദേവസ്വം ബോര്‍ഡ് തികഞ്ഞ പരാജയമാണ്. മലിനീകരണം തടയാമെന്നു സുപ്രിംകോടതിയില്‍ ഉറപ്പു നല്‍കി 10 വര്‍ഷം കഴിഞ്ഞതിനു ശേഷമുള്ള സ്ഥിതിയാണിത്. പ്ലാസ്റ്റിക് നിരോധനം നിലവിലുള്ള ശബരിമല പ്രദേശത്ത് മാലിന്യ നിര്‍മാര്‍ജനം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നതാണ് വസ്തുത. ശരണംവിളികളുമായെത്തുന്ന ഭക്തരെ മലിനീകരണത്തിന്റെ വിപദ്ഫലങ്ങളെക്കുറിച്ചു ബോധവാന്‍മാരാക്കാന്‍ ദേവസ്വം ബോര്‍ഡിനോ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധിക്കുന്നില്ല. വനംവകുപ്പിന് ഇക്കാര്യത്തില്‍ പരാതിയുമുണ്ട്.
വിവിധ മതക്കാര്‍ നടത്തിപ്പോരുന്ന തീര്‍ത്ഥാടനങ്ങളും മതസമ്മേളനങ്ങളും നേര്‍ച്ചകളുമെല്ലാം വലിയൊരളവോളം പരിസര മലിനീകരത്തിനു വഴിവയ്ക്കുന്നുണ്ട്. രാഷ്ട്രീയകക്ഷികളുടെയും അവയോട് വൈകാരിക ആഭിമുഖ്യമുള്ള സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയുമെല്ലാം സമ്മേളനങ്ങളും വന്‍തോതില്‍ മലിനീകരണമുണ്ടാക്കുന്നു. ഫഌക്‌സ് ബോര്‍ഡുകളുടെ പെരുപ്പത്തെക്കുറിച്ച് കുറച്ചു മുമ്പ് കേരള സംസ്ഥാന മുസ്‌ലിംലീഗ് അധ്യക്ഷന്‍ തന്നെ വേവലാതിപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ അനുയായികള്‍ പോലും അതു വകവച്ചില്ലെന്ന സംഗതി വേറെ.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടം നമ്മുടെ നാട്ടില്‍ ഭീതിദമായ തോതില്‍ വര്‍ധിച്ചതിനൊരു കാരണം മതസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളുമാണ്. മതവും രാഷ്ട്രീയവുമെല്ലാം അടങ്ങിയ വിഷയമായതിനാലാവാം, സര്‍ക്കാരിന്റെ കണ്ണുകളും ആ വശത്തേക്ക് എത്താറില്ല. ഫഌക്‌സിനെതിരേ നീങ്ങിയ സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളിലാണ് തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങിയത്. മലയാളികള്‍ കുപ്പിവെള്ളത്തിന്റെ ഉപയോഗം ശീലമാക്കിയത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടിലുടനീളം പെരുകാന്‍ കാരണമായി. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ നാട്ടിലുടനീളം നിത്യക്കാഴ്ചയാണ്. പ്ലാസ്റ്റിക് നിരോധിത പ്രദേശങ്ങളില്‍ പോലും കുപ്പിവെള്ളത്തിനു വിലക്കില്ല. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളാറുമില്ല.
പ്ലാസ്റ്റിക് ഉപയോഗം പെരുകുന്നതിന് അതിന്റെ വിലക്കുറവും ഒരു കാരണമാണ്. ഒരു കിലോ മാമ്പഴത്തിന് 50 രൂപ വിലയാണെന്നു വയ്ക്കുക. അതു കൊണ്ടുപോകാനുള്ള പ്ലാസ്റ്റിക് സഞ്ചി സൗജന്യമായി ലഭിക്കും. അതിനു പകരം പ്ലാസ്റ്റിക് സഞ്ചിക്ക് 10 രൂപ വില കൊടുക്കണമെന്നുണ്ടെങ്കില്‍ ആളുകള്‍ അല്‍പമൊന്നു മടിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ഫലപ്രദമായ വഴി, പ്രസ്തുത ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തി വില വര്‍ധിപ്പിക്കുക എന്നതുതന്നെയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിജയകരമായി പരീക്ഷിച്ച മാര്‍ഗവുമാണിത്. എന്നാല്‍, നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ ഇത്തരം ക്രിയാത്മക നടപടികളെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുക തന്നെയാണ് പ്രധാനം!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss