|    Jan 20 Fri, 2017 11:51 pm
FLASH NEWS

മലാപ്പറമ്പ് സ്‌കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടണമെന്നു ഹൈക്കോടതി

Published : 28th May 2016 | Posted By: SMR

കൊച്ചി: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഉത്തരവ് നടപ്പാക്കുന്നതിനു സഹായിക്കുന്നതിനായി ആഭ്യന്തര സെക്രട്ടറി, ഡിജിപി, കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍, ജില്ലാ കലക്ടര്‍ എന്നിവരെ സ്വമേധയാ കേസില്‍ കക്ഷിചേര്‍ക്കാനും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉത്തരവിട്ടു. തടസ്സം സൃഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യുകയോ തടയുകയോ ചെയ്യാമെന്നും നിര്‍ദേശിച്ചു.
കോടതി ഉത്തരവ് നടപ്പാക്കുന്നതു തടയുകയെന്നത് ജനാധിപത്യ സ്ഥാപനത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തെ വെല്ലുവിളിക്കലാണ്. ഇതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. കോടതി ഉത്തരവുകളെ പൊതുജനം ബഹുമാനിക്കണമെന്ന് സുപ്രിംകോടതി വിധിയുണ്ടെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. 2016 ജനുവരി 18ന് സ്‌കൂള്‍ അടച്ചൂട്ടാന്‍ ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. ഇതുമൂലം നടപടിക്രമങ്ങള്‍ വൈകുമ്പോള്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതെ നിശബ്ദരായിരിക്കാനാവില്ല. ഉത്തരവ് നടപ്പാക്കാന്‍ എഇഒ ശ്രമം നടത്തിയതായി കാണുന്നില്ല. കോടതിയെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപരിചിതരാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസാവകാശ നിയമപ്രകാരം സ്‌കൂള്‍ അടച്ചുപൂട്ടുന്നതിന് വിലക്കില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇത്തരത്തില്‍ വിധിപ്രഖ്യാപനം നടത്തിയത്. എന്നാല്‍, കേരള വിദ്യാഭ്യാസ നിയമത്തിലെ (കെഇആര്‍) നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇതിനു തയ്യാറാവാത്തത്. എങ്കിലും അപ്പീല്‍ നല്‍കിയിട്ടില്ല. കെഇആറിലെ ഒരു ചട്ടത്തിന്റെ പിന്‍ബലത്തില്‍ സ്‌കൂളിന്റെ മുന്‍ മാനേജര്‍ പി കെ പത്മരാജനാണ് സ്‌കൂള്‍ പൊളിച്ചുമാറ്റണമെന്ന വിധി സമ്പാദിച്ചത്. മാര്‍ച്ച് 31നകം ഉത്തരവ് നടപ്പാക്കാന്‍ എഇഒക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ ഇന്നലെ സര്‍ക്കാര്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് കോടതി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്.
സ്‌കൂളിന്റെ പ്രവേശനകവാടത്തില്‍ ജനകീയ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധസമരം നടത്തിവരികയാണ്. 2014 ഏപ്രില്‍ 11ന് അര്‍ധരാത്രി മാനേജ്‌മെന്റ് പൊളിച്ച സ്‌കൂള്‍ രണ്ടുമാസത്തിനുള്ളില്‍ ജനകീയകമ്മിറ്റി പുനര്‍നിര്‍മിക്കുകയും അധ്യയനം തുടരുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക