|    Sep 25 Tue, 2018 6:04 pm
FLASH NEWS

മലവേടരുടെ പരാതി പരിഹരിക്കണം: കലക്ടര്‍

Published : 21st January 2017 | Posted By: fsq

 

കണമല: കാട്ടിലെ ഭാഷയും പ്രത്യേക സംസ്‌കാരവുമായി ഒരുമിച്ചുകഴിയുന്ന ആദിവാസി മലവേടരുടെ ഊരില്‍ കലക്ടര്‍ സി എ ലത ഇന്നലെ ചെലവഴിച്ചത് മണിക്കൂറുകളോളം. ആദിവാസി ജനതയുടെ പരാതികള്‍ സശ്രദ്ധം കേട്ട കലക്ടര്‍ ഉടനടി പരിഹരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ നിര്‍ദേശം നല്‍കി. ഒപ്പം കോളനിയില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്ത് മരുന്ന് വിതരണവും നിര്‍വഹിച്ചാണ് കലക്ടര്‍ മടങ്ങിയത്. അപ്രതീക്ഷിതമായി ഊരിലെത്തിയ കലക്ടറെ മാലയും പുഷ്പങ്ങളും നല്‍കിയാണ് കാടിന്റെ മക്കള്‍ വരവേറ്റത്. സ്വീകരണം ജീവിതത്തിലെ ഏറ്റവും വേറിട്ട അനുഭവമായിരുന്നുവെന്നും വികസന കാര്യങ്ങളില്‍ കോളനിക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ഇന്നലെ എരുമേലിക്കടുത്ത് എരിത്വാപ്പുഴ മലവേടര്‍ കോളനിയിലാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഊരില്‍ ഒരുദിനം എന്ന പരിപാടിയിലാണ് കലക്ടര്‍ പങ്കെടുത്തത്. അക്ഷരാഭ്യാസം കുറഞ്ഞ കോളനിവാസികള്‍ ഏതാനും വര്‍ഷം മുമ്പു മുതലാണ് നാട്ടിലെ ജീവിത രീതികളുമായി പൊരുത്തപ്പെട്ട് തുടങ്ങിയത്. പരമ്പരാഗത വേഷവും ഭാഷയും ആചാരവും വിവാഹ-മരണാനന്തര ചടങ്ങുകളുമുള്ള ആദിവാസി മലവേടര്‍ വിഭാഗത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുപ്പ് നടത്തി ഊരു മൂപ്പനെ നിശ്ചയിച്ചത്. ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്ത് മൂപ്പനെ തിരഞ്ഞെടുത്തത് മുതല്‍ ആധുനിക ജീവിത സമ്പ്രദായത്തിലേയ്ക്ക് കോളനിയില്‍ വികസനം എത്തുകയായിരുന്നു. തുടര്‍ന്ന് നിര്‍മിച്ച കമ്മ്യൂണിറ്റി ഹാളിലാണ് ഇന്നലെ കലക്ടര്‍ ഉള്‍പ്പെടെ കോളനിവാസികളായ നുറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നത്. തുല്യതാ പരീക്ഷയിലൂടെ സാക്ഷരത നേടി ചരിത്രം സൃഷ്ടിച്ച കോളനിക്ക് ഇനിയും ഏറെ ഉയരാനുണ്ടെന്ന് ഇവര്‍ പറഞ്ഞു. തലയില്‍ പാളതൊപ്പിയുമണിഞ്ഞ് ഊരുമൂപ്പന്‍ ഇ കെ ഗോപി കലക്ടര്‍ക്കും, വിശിഷ്ട അഥിതികള്‍ക്കും സ്വാഗതം പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. ഡോക്ടര്‍മാരായ ഷംല, നീരജ സുരേഷ്, ജയശ്രീ, വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ ക്യാംപ്. താലൂക്ക് ലീഗല്‍ സര്‍വീസ് അദാലത്തിന്റെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടന്നു. ലഭിച്ച 30 പരാതികള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിദ്യാധരന്‍ പഞ്ചായത്ത് അംഗങ്ങളായ അനീഷ് കണമല, രജനി ചന്ദ്രശേഖരന്‍, ഇ കെ സുബ്രമണ്യന്‍, റെജിമോള്‍ ശശി, ബാര്‍ അസോസിയേഷന്‍ ഭാരവാഹി എം കെ അനന്തന്‍, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എം ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശ്, പ്രമോദ്, നെസി സലാം, ലീഗല്‍ സര്‍വീസ് കമ്മറ്റി അഭിഭാഷകരായ പി എസ് ജോസഫ്, ആര്യ സുരേന്ദ്രന്‍, ദീപാ സോമന്‍, പാലാ ലീഗല്‍ വോളണ്ടിയര്‍മാരായ സോജാ ബേബി, ജെസി കാവാലം, എം എന്‍ റസാക്ക്  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss