|    Oct 18 Thu, 2018 10:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലയോര ഹൈവേ 2019ല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: മലയോര ഹൈവേ 2019ലും തീരദേശ ഹൈവേ 2020ലും പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രണ്ട് ഹൈവേകളുടെയും പുരോഗതി വിലയിരുത്തി. കാസര്‍കോട് നന്ദാരപ്പടവു മുതല്‍ പാറശ്ശാല വരെ 1251 കിലോമീറ്ററിലാണു മലയോര ഹൈവേ പണിയുന്നത്. പദ്ധതിക്കാവശ്യമായി വരുന്ന 3,500 കോടി രൂപ കിഫ്ബിയില്‍നിന്നു ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവേ കടന്നുപോവും. ആദ്യഘട്ടമായി 13 ജില്ലകളില്‍ 25 റീച്ചുകളിലെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. പദ്ധതി രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അറിയിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരദേശ ഹൈവേ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ വരെ 623 കിലോമീറ്ററിലാണു പണിയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍കോട് എന്നീ 9 ജില്ലകളിലൂടെ ഹൈവേ കടന്നുപോവും. വല്ലാര്‍പ്പാടം, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും തീരദേശ ഹൈവേ ബന്ധിപ്പിക്കും. ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക, പ്രധാന മല്‍സ്യബന്ധന തുറമുഖങ്ങളെയും മല്‍സ്യബന്ധന മേഖലകളെയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6,500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവേ പണിയുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ 7 മീറ്ററും വീതിയുണ്ടാവും. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുള്ള പണവും ലഭ്യമാക്കുന്നത്. പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.  അതേസമയം, ശബരിമല മണ്ഡല-മകരവിളക്ക് മഹോല്‍സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമല ഉല്‍സവത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്‌ടോബര്‍ 15നകം നല്‍കും. കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ദേവസ്വം, ധനവകുപ്പ് സെക്രട്ടറിമാരെ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 37 ഇടത്താവളങ്ങള്‍ വികസിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം 10 ഇടത്താവളങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാവുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 145 കോടി രൂപയാണ് ഇടത്താവള വികസനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്തമാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു യോഗംകൂടി ചേരുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ പോലിസ്, ഫയര്‍ഫോഴ്‌സ്, വനം, ദേവസ്വം വകുപ്പുകളുടെ സംയുക്ത യോഗം വനം, ദേവസ്വം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേരും പത്തനംതിട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ശബരിമലയിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss