|    Oct 22 Mon, 2018 3:25 pm
FLASH NEWS

മലയോര ഹൈവേ കോട്ടയം ജില്ലയില്‍ പ്ലാച്ചേരി മുതല്‍ മുണ്ടക്കയം വരെ

Published : 22nd September 2017 | Posted By: fsq

 

എരുമേലി: കാസര്‍കോട് മുതല്‍ പാറശ്ശാല വരെ 3500 കോടി ചെലവിട്ട് നിര്‍മിക്കുന്ന 1267 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട മലയോര ഹൈവേ കോട്ടയം ജില്ലയില്‍ കടന്നുപോവുന്നത് 23 കിലോമീറ്റര്‍ ദൂരം. ഇത്തവണ തീര്‍ത്ഥാടനകാലത്തിനു മുമ്പേ ശബരിമല പാതകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. പ്ലാച്ചേരിയില്‍ നിന്ന് എരുമേലി വഴി മുണ്ടക്കയം വരെയാണു നിര്‍ദിഷ്ട മലയോര ഹൈവേ ജില്ലയില്‍ കടന്നുപോവുന്നത്. ഈ പാത നിലവില്‍ ഭരണിക്കാവ് മുണ്ടക്കയം ദേശീയപാതയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മലയോര ഹൈവേയ്ക്കായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരുന്നില്ല. ഏഴു മീറ്റര്‍ ടാറിങ് ഉള്‍പ്പടെ 12 മീറ്റര്‍ വീതിയാണ് മലയോര ഹൈവേക്കായി വേണ്ടിവരികയെന്നു മരാമത്ത് അധികൃതര്‍ പറഞ്ഞു. ഭരണിക്കാവ് മുണ്ടക്കയം പാതയ്ക്കായി റോഡ് നവീകരണം നടത്തുമ്പോള്‍ 12 മീറ്റര്‍ വീതി സാധ്യമാക്കാനാണു നീക്കം. വീതി 12 മീറ്ററാക്കുന്നതിനു വേണ്ടി സ്ഥലമെടുക്കലിനായി ഫണ്ട് ചെലവിടില്ല. സ്ഥലം സൗജന്യമായി വിട്ടുകിട്ടാനാണ് ശ്രമിക്കുക. കയര്‍ ഭൂവസ്ത്രവും പ്ലാസ്റ്റിക്കും കോണ്‍ക്രീറ്റിങും ബിറ്റുമിന്‍ ടാറിങ് കൂടാതെ ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ട്.നിലവില്‍ എരുമേലിയില്‍ ഭാവിയില്‍ ടൗണ്‍ ഒഴിവാക്കി കടന്നുപോകാവുന്ന നാലുവരിപ്പാതയ്ക്കായാണ് ഭരണിക്കാവ് മുണ്ടക്കയം പാതയുടെ ഭാഗമായി അലൈന്‍മെന്റ് തയ്യാറാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ നിന്ന് എരുമേലി വരെ 14 കിലോമീറ്ററോളവും എരുമേലിയില്‍ നിന്ന് മുണ്ടക്കയം വരെ ഒമ്പതു കിലോമീറ്ററോളം ദൂരവുമാണ് ദൈര്‍ഘ്യം. മലയോര ഹൈവെയായി മാറുന്ന ഈ പാതയുള്‍പ്പടെ ശബരിമല തീര്‍ത്ഥാടനവുമായ ബന്ധപ്പെട്ട റോഡുകളിലാണ് തീര്‍ത്ഥാടനകാലം ആരംഭിക്കുന്ന നവംബറിനകം അറ്റകുറ്റപ്പണികള്‍ നടത്താന്‍ ടെന്‍ഡര്‍ നടപടിയിലെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31നകം പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹെവി മെയിന്റനന്‍സ് കരാര്‍ ചെയ്ത് നിര്‍മിച്ച റോഡുകളില്‍ ഗാരന്റി കാലാവധി കഴിഞ്ഞിട്ടില്ലാത്ത പ്ലാച്ചേരി എരുമേലി റോഡില്‍ അറ്റകുറ്റപ്പണികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയിട്ടില്ല. കരാറുകാരന്റെ ചെലവിലാണ് ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുക. മൂക്കന്‍പെട്ടി കോരുത്തോട്, എയ്ഞ്ചല്‍വാലി മൂലക്കയം, കൊരട്ടി കണ്ണിമല, കാഞ്ഞിരപ്പള്ളി മണിമല, പ്ലാച്ചേരി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, പനച്ചേപ്പള്ളി എന്നീ പാതകള്‍ ഉള്‍പ്പടെ 33 റോഡുകളിലാണ് ഉടന്‍ അറ്റകുറ്റപ്പണികള്‍. ശബരിമല പാതകളെല്ലാം തന്നെ തകര്‍ച്ചയുടെ വക്കിലായതിനു പിന്നാലെ അറ്റകുറ്റപ്പണികള്‍ എത്തുന്നതിനാല്‍ പാതയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണു കരുതുന്നത്. ഓടകള്‍ മൂടിയ നിലയിലാണു പാതകളിലെല്ലാം. ഇതു മൂലം വെള്ളക്കെട്ട് നിറഞ്ഞ് റോഡുകളില്‍ ഗട്ടറുകളുടെ എണ്ണം കൂടുകയുമാണ്. വശങ്ങളിലെ കാടുകള്‍ നീക്കി ഓടകള്‍ പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. മലയോര ഹൈവെ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അപകട വളവുകളും ദുര്‍ഘട കയറ്റങ്ങളും ചെരിവുകളില്ലാത്ത പാതയായി ശബരിമല പാത മാറുമെന്ന് അധികൃതര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss