|    Jan 17 Tue, 2017 8:35 pm
FLASH NEWS

മലയോര ഹര്‍ത്താല്‍ പൂര്‍ണം; വാഹനങ്ങള്‍ തടഞ്ഞു

Published : 30th August 2016 | Posted By: SMR

ഇരിക്കൂര്‍:  മലയോര ഹൈവേയുടെ നിര്‍മാണ പ്രവൃത്തി നിര്‍ത്തിയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ പൂര്‍ണം. ശ്രീകണ്ഠപുരത്ത് വഴിതടഞ്ഞ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു നീക്കി.
ചുണ്ടപ്പറമ്പില്‍ ദൃശ്യമാധ്യമ സംഘത്തെ ഒരു സംഘം കൈയേറ്റം ചെയ്തു. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലും ചെറുപുഴ പഞ്ചായത്തിലും വിളമന വില്ലേജിലുമാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ മലയോര ഗ്രാമങ്ങളെ നിശ്ചലമാക്കി. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളുമടക്കം പ്രവര്‍ത്തിച്ചില്ല.
ഇരുചക്ര വാഹനങ്ങളെ മാത്രമാണ് പോവാന്‍ അനുവദിച്ചത്. രാവിലെ സര്‍വീസ് നടത്തിയ കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് തേര്‍ത്തല്ലിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് എരുവാട്ടി വഴി തിരിച്ചുവിട്ടു. ശ്രീകണ്ഠപുരത്ത് കെഎസ്ആര്‍ടിസിയടക്കം വാഹനങ്ങള്‍ തടഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം ഒ മാധവന്‍ മാസ്റ്റര്‍ (63), കാഞ്ഞിരത്തിങ്കല്‍ സുരേഷ് ജോര്‍ജ് (52), കോട്ടൂരിലെ ജനാര്‍ദ്ദനന്‍ (55), ശ്രീകണ്ഠപുരത്തെ സീരകത്ത് മുസാന്‍ (52), പി ജെ ടോമി (36) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍, ഏരുവശ്ശേരി, ചെമ്പേരിയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
പയ്യാവൂരില്‍ റോഡില്‍ കല്ലുകള്‍ നിരത്തിയാണ് വാഹന ഗതാഗതം തടസ്സപ്പെടുത്തിയത്. പോലിസെത്തി കല്ലുകള്‍ നീക്കം ചെയ്തു. ശ്രീകണ്ഠപുരം ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.
കെ സി ജോസഫ് എംഎല്‍എ, എം ഒ മാധവന്‍, പി ജെ ആന്റണി, വി പി മൂസാന്‍കുട്ടി, പി ടി കുര്യാക്കോസ്, എം പ്രകാശന്‍, എ കെ വാസു നേതൃത്വം നല്‍കി. സംഘര്‍ഷം കണക്കിലെടുത്ത് സിഐ വി വി സതീശന്‍, എസ്‌ഐ പി ബി സജീവ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘമാണ് ടൗണില്‍ നിലയുറപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക