|    Nov 13 Tue, 2018 7:59 am
FLASH NEWS

മലയോര മേഖലയില്‍ വ്യാപക മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും; നഗരം വെള്ളക്കെട്ടില്‍

Published : 15th August 2018 | Posted By: kasim kzm

താമരശ്ശേരി: മലയോര മേഖലയില്‍ വീണ്ടും വ്യാപക മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും.വയനാടന്‍ ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞുവീണു ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.ഇതേടൊപ്പം വനത്തില്‍ നിന്നും വലിയ തോതില്‍ വെള്ളപ്പാച്ചിലും അനുഭവപ്പെട്ടത് ചുരം യാത്രക്ക് വലിയ തടസ്സം നേരിട്ടു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും. ചുരത്തില്‍ ഉരുള്‍ പൊട്ടിയതാണെന്ന പ്രചരണം ഏറെ പരിഭ്രാന്തി പരത്തി.ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചുരത്തിലെ വെള്ളപ്പാച്ചിലില്‍ അടിവാരം കൈതപ്പൊയില്‍ പുഴകള്‍ കരകവിഞ്ഞൊഴുകി. പല വീടുകളിലും വെളളം കയറി.
ഈങ്ങാപ്പുഴയില്‍ പുഴ കരകവിഞ്ഞതിനാല്‍ ദേശീയ പാതിയില്‍ വെള്ളം കയറി. ഇതുമൂലം ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങള്‍ മാത്രം ഈ വഴിയിലൂടെ യാത്ര തുടര്‍ന്നു. ദേശീയ പാതയില്‍ വെള്ളം കയറിയതോടെ താമരശ്ശേരി ചുങ്കത്ത് വയനാട് ഭാഗത്തേക്കള്ള വാഹനങ്ങള്‍ പോലീസ് തടഞ്ഞിട്ടു.
ചുരത്തില്‍ ഒമ്പതാം വളവിനു പുറമെ ആറാം വളവിലും മണ്ണിടിഞ്ഞുവീണു. താമരശ്ശേരി പോലീസും അഗ്നി ശമന വിഭാഗവും ചുരം സംരക്ഷണ പ്രവര്‍ത്തകരും രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു മണ്ണ് നീക്കിയതോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടിയ കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ചെറിയ തോതില്‍ ഉരുള്‍ പൊട്ടി. കണ്ണപ്ന്‍ കുണ്ട് വരാല്‍ മലവാരത്തിലാമ് ഉരുള്‍ പൊട്ടിയത്. ഇതിനെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.
പല വീടുകളിലും വീണ്ടും വള്ളം കയറി.കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന വീട്ടുകാരില്‍ ചിലര്‍ രാവിലെ സ്വന്തം വീടുകളിലേക്ക് എത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും ഇവരെ വീണ്ടും ക്യാംപുകളിലേക്ക് അയച്ചു.
മഴ ശക്തമായാല്‍ ഈ പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടുമെന്ന ഭയപ്പാടിലാണ് പ്രദേശ വാസികള്‍. കട്ടിപ്പാറ ചീടിക്കുഴിയില്‍ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും മൂലം പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകി.പുഴയോരത്തെ പല വീടുകളിലും വെള്ളം കയറി. രാത്രി ഏറെ വൈകിയും വെള്ളപ്പാച്ചില്‍ മൂലമുള്ള കുത്തൊഴുക്ക് നിലച്ചിട്ടില്ല.
കോടഞ്ചേരി മുറിപ്പുഴയിലും തുഷാരഗിരി, ചെമ്പുകടവ് എന്നിവിടങ്ങളിലും വനത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ചെമ്പുകടവ് പാലത്തിനു മുകളിലേക്ക് വെള്ളം ഇരച്ചുകയറിയത് ആശങ്ക പരത്തി.പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പ് വെള്ളത്തില്‍ തകര്‍ന്നു.കണ്ണപ്ന്‍ കുണ്ട് പാലത്തില്‍ ഇന്നലെയുണ്ടായ വെള്ളപ്പാച്ചിലില്‍ മരങ്ങളും പാറക്കല്ലുകളും വന്നടിഞ്ഞത് പുഴ വീണ്ടും ഗതി മാറി ഒഴുകാന്‍ കാരണമായി.പാലത്തിന്റെ ഉയരക്കുവും സാധാരണയില്‍ കവിഞ്ഞ തൂണുകള്‍ നിര്‍മിച്ചതുമാണ് പാലത്തില്‍ മനരങ്ങളും കല്ലുകളും തങ്ങാന്‍ കാരമണമാവുന്നത്.ഈ പാലം പൊളിച്ചു മാറ്റി വലിയ പാലം നിര്‍മിക്കണമെന്നാവശ്യം ശക്തമാവുന്നു.
മുക്കം: മലയോര മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി ഉരുള്‍പൊട്ടി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി ഗതാഗതം തടസ്സപ്പെട്ടു.തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ വനത്തിനുള്ളിലും കൂടരഞ്ഞി പഞ്ചായത്തിലെ നായാടാന്‍ പൊയിലിലുമാണ് ഉരുള്‍ പൊട്ടിയത്. മല പ്രദേശത്ത് രണ്ടിടങ്ങളിലായി ഉരുള്‍ പൊട്ടിയതോടെ ഇരുവഴിഞ്ഞിയിലും ചെറുപുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലില്‍ വെള്ളപ്പൊക്കവും ഉണ്ടായി .തിരുവമ്പാടി ആനക്കാംപൊയില്‍ റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് വെള്ളത്തിനടിയിലായത്.
ഇതോടെ മലയോരത്തെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.കാരശ്ശേരി പഞ്ചായത്തിലെ നെച്ചൂലിപൊയില്‍ കാരാട്ട് കോളനി പയ്യടി കോളനി തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറി ഒട്ടേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എല്‍പി സ്‌കൂള്‍ ആസാദ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിച്ചു.പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ് ഇരുവഴിഞ്ഞിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് .തിരുവമ്പാടി ഇലന്ത കടവിലെ തുരുത്ത് പ്രദേശം പൂര്‍ണമായും വെള്ളത്തിനടിയിലായി.
നിരവധി കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് വെള്ളപ്പൊക്ക കെടുതി അനുഭവപ്പെടുന്നത്. ഉരുള്‍പൊട്ടിയത് പകല്‍സമയത്ത് അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായ് .ശക്തമായ കാറ്റില്‍ പ്രദേശത്തുള്ള വൈദ്യുതി ലൈനുകളും തകര്‍ന്നതോടെ മലയോരത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശ സ്ഥാപന സ്ഥാപനങ്ങളും റവന്യൂ വകുപ്പും ആവശ്യപ്പെട്ടു .
കോഴിക്കോട്: ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗര ഹൃദയഭാഗമായ മാവൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് വരെയുള്ള ഭാഗം പൂര്‍ണമായും വെള്ളത്തിനടിയിലായി. കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോവാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഇവിടെ വെള്ളം കയറി.
പുതിയ ബസ് സ്റ്റാന്റിന് മുന്നിലെ സ്റ്റേഡിയം ബസ് സ്റ്റോപ്പ് ഭാഗത്തും വെള്ളം കയറി. ഈ ഭാഗത്ത് ബസില്‍ കയറാന്‍ യാത്രക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥവന്നു. പുതിയ സ്റ്റാന്റ് മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് വരെയുള്ള ഭാഗം പ്രളയ അവസ്ഥയിലാണ്. ശ്രീകണ്‌ഠേശ്വര ക്ഷേത്രം റോഡും വെള്ളത്തില്‍ മുങ്ങി. ഓടകള്‍ നിറഞ്ഞൊഴുകി.
മീറ്ററോളം നീളത്തില്‍ മലിനജലം കെട്ടികിടക്കുകയാണ്. ക്ഷേത്രത്തിന് മുന്‍വശത്തേക്കു പോകാന്‍ പോലും പറ്റാത്ത നിലയില്‍ മുട്ടോളം ഉയരത്തില്‍ വെള്ളം കെട്ടികിടക്കുന്നു. ക്ഷേത്രത്തിന്റെ തെക്കേഭാഗത്തു കൂടിയുള്ള റോഡിലും അഴുക്കുചാല്‍ നിറഞ്ഞ് വെള്ളം റോഡില്‍ കെട്ടികിടക്കുന്ന അവസ്ഥയാണുള്ളത്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും നഗരഹൃദയത്തിലെ പ്രധാന റോഡില്‍ മാലിന്യം പരന്നൊഴുകുന്നത് ഭീഷണിയായിരിക്കുകയാണ്. ക്ഷേത്രത്തിന്റെ തെക്കെഭാഗത്തുള്ള റോഡില്‍ വീടുകളും കടകളും ധാരാളമുണ്ട്. ഇവിടെയുള്ളവര്‍ക്ക് മലിനജലം ചവിട്ടാതെ പോവാന്‍ കഴിയില്ല. വര്‍ഷങ്ങളായി ഈ ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടാറുണ്ട്. ചെറിയ മഴ പെയ്താല്‍ വരെ ഇവിടെ വെള്ളക്കെട്ടുണ്ടാവും. സ്റ്റേഡിയത്തിന്റെ മുന്‍വശത്തു കൂടിയുള്ള പ്രധാന റോഡിലും വെള്ളക്കെട്ടുണ്ടാവാറുണ്ടായിരുന്നു.
ഈ റോഡ് പൂര്‍ണമായും ഉയര്‍ത്തുകയും അഴുക്കുചാല്‍ വീതികൂട്ടുകയും ചെയ്‌തെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. അതേ സമയം ക്ഷേത്രത്തിന് മുന്‍വശത്തുകൂടിയുള്ള വഴിയില്‍ വെള്ളം ഒഴുകിപോവാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഈ ഭാഗത്താണിപ്പോള്‍ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss