|    Dec 10 Mon, 2018 12:27 am
FLASH NEWS

മലയോര മേഖലയില്‍ മരണം വിതച്ച് ഇരുചക്രവാഹനങ്ങള്‍

Published : 14th February 2018 | Posted By: kasim kzm

മുഹമ്മദ് അന്‍സാരി

പീരുമേട്: ഹൈറേഞ്ചിലെ മലയോര മേഖലയില്‍ ചെറുതും വലുതുമായ ഇരുചക്രവാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയി ല്‍  പൊലിഞ്ഞത് 14  ജീവനുകള്‍. ഇതില്‍ 15 ദിവസത്തിനുള്ളില്‍  മാത്രം 4 ജീവനുകളാണ് റോഡില്‍ നഷ്ടമായത്. കുമളി ഒന്നാം മൈലില്‍ വെച്ച് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആല്‍ബിനെന്ന പത്തൊന്‍പതുകാരനാണ് അവസാനമായി ജീവന്‍ ബലി കഴിച്ചത്.  അമിത വേഗതയും ആശ്രദ്ധമായി വാഹനം ഓടിക്കുന്നതുമാണ്  അപകടങ്ങള്‍ക്ക് പ്രധാന കാരണം.2016 തുടക്കത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ലോറിയും ദേശിയ പാത 183ല്‍ അമ്പത്തി ഏഴാംമൈലിനു സമീപത്ത് വെച്ച് കൂട്ടിയിടിച്ച് കരടിക്കുഴി സ്വദേശി അരുണ്‍ എന്ന ഇരുപത്തൊന്ന്കാരന്‍ മരിച്ചു. അതേ മാസം ദേശിയ പാത മുറിഞ്ഞ പുഴയില്‍ വെച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശി രാജീവ് മരണപ്പെടുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന മധ്യവയസ്‌കന്‍ ഓടിച്ച കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. അതേ വര്‍ഷം ആഗസ്റ്റ് മാസമാണ് സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ട് ടിപ്പറിനടയില്‍പ്പെട്ട് ജെസ് എന്ന പതിനൊന്നാം ക്ലാസുകാരന്റെ ജീവന്‍ പൊലിഞ്ഞത്. സഹോദരന്‍ പരിക്കുകളോടെ രക്ഷപെട്ടു. വിനോദ സഞ്ചാര കേന്ദ്രമായ പരുന്തന്‍പാറയില്‍ വെച്ചായിരുന്നു അപകടം. ദേശിയ പാതയില്‍ അറുപത്തി അഞ്ചാംമൈലില്‍ അമിത വേഗതയിലായിരുന്ന ബൈക്ക് ജീപ്പിലിടിച്ച് വാളാടി സ്വദേശിയായ യുവാവ് മരിച്ചതും 2016ല്‍ തന്നെയാണ്. വര്‍ഷ അവസാനത്തില്‍ വികലാംഗനായ വയോധികന്റെ മുചക്ര വാഹനത്തില്‍ ബൈക്കിടിച്ച് വികലാംഗന്‍ മരണത്തിന് കീഴടങ്ങി. 2017 ലും പോയ വര്‍ഷത്തിന്റെ തനി അവര്‍ത്തനം തന്നെയാണ് ഉണ്ടായത്. അഞ്ച് പേരാണ് മരിച്ചത്. ഭൂരിഭാഗം അപകടങ്ങളും അമിത വേഗത തന്നെയാണ് കാരണം. 2017 പുതുവര്‍ഷ തുടക്കത്തിലാണ് മൗണ്ട് സത്രം റോഡില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് തോട്ടം തൊഴിലാളിയായ മഹേന്ദ്രന്‍ എന്ന യുവാവ് മരിച്ചത്. തൊട്ടടുത്ത മാസം  പീരുമേട് മരിയഗിരി സ്‌കൂളിനു സമീപം ബന്ധുവിന്റെ പിന്നിലിരുന്നു ബൈക്കില്‍ യാത്ര ചെയ്ത നേഴ്‌സിംഗ് വിദ്യാര്‍ഥിനി ടിപ്പര്‍ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ച് വിണ് സംഭവ സ്ഥലത്ത് വച്ച് മരിച്ചിരുന്നു. ടിപ്പറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന വാഹനത്തെ കണ്ട് നിയന്ത്രണം വിട്ടായിരുന്നു ബൈക്ക് മറിഞ്ഞത്. സെപ്റ്റംബര്‍ മാസം പെരിയാര്‍  വള്ളക്കടവ് റോഡില്‍  ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 2017 അവസാനത്തില്‍ കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് സംഭവസ്ഥലത്ത് ഒരാളും, ചികില്‍സയിലായിരുന്ന യുവാവും മരിച്ചതോടെ  അഞ്ചു പേരാണ് പോയവര്‍ഷം മാത്രം റോഡില്‍ ജീവിതം അവസാനിപ്പിച്ചത്.ഈ വര്‍ഷം ഫെബ്രുവരിയില്‍ 13  ദിവസത്തിനുള്ളില്‍ മാത്രം 4 പേരാണ് മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ 4 ാം തീയതി കൊട്ടാരക്കര  ദിണ്ഡുക്കല്‍ ദേശീയ പാതയില്‍ കുട്ടിക്കാനത്തിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും സഹയാത്രികന് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനു ശേഷം വാഗമണ്‍ പുളളിക്കാനം റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഉപ്പുതറയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചതും ഇതേ മാസത്തിലാണ്. കഴിഞ്ഞ ദിവസം കുമളിയില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവാണ് അവസാനത്തെ ഇര.  ഇത് കൂടാതെ ചെറുതും വലുതുമായ ബൈക്ക് അപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇക്കാലയളവില്‍ വണ്ടിപ്പെരിയാര്‍, പീരുമേട്, കുമളി, തുടങ്ങിയ പ്രദേശങ്ങളില്‍ നൂറോളം പേരാണ് ബൈക്കപടങ്ങളില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരിക്കുന്നത്. റോഡുകളില്‍ അരങ്ങേറുന്ന അപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇരുചക്രവാഹനക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്നും കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണെന്നും നിയമം ഉണ്ടെങ്കിലും  ഇത് പാലിക്കാന്‍ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല. പോലിസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മറ്റ് ധരിക്കുകയും അല്ലാത്ത സമയം ഹാന്‍ഡിലിലോ കൈയിലോ ഇടുന്ന ശീലമാണ് മിക്കവര്‍ക്കും.  പോലിസിനെ കണ്ടാല്‍ പിഴയില്‍ നിന്നു രക്ഷപെടാന്‍ വേണ്ടി മാത്രമെ ഹെല്‍മറ്റ് ധരിക്കാറുള്ളു. അമിതവേഗതയില്‍ വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രക്കാരും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റോഡിലെ വന്‍ കുഴികളില്‍ ചാടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോഴും അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആഡംബര ബൈക്കുകളിലുള്ള അമിത വേഗതയിലുള്ള യാത്ര സ്വന്തം ജീവനും ഒപ്പം സഞ്ചരിക്കുന്നവരുടെയും കാല്‍ നട യാത്രക്കാരുടെയും ജീവനു ഒരു പോലെ ഭീഷണിയാണ്. പോലിസ്, മോട്ടോര്‍ വാഹന വകുപ്പ്കള്‍ റോഡില്‍ പരിശോധന കര്‍ശനമാക്കുമ്പോഴും നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ചെറിയ പിഴകള്‍ മാത്രമാണ് ഈടാക്കുത്. ഇത് അടച്ച് വീണ്ടും നിയമലംഘനം നടത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss