|    Nov 19 Mon, 2018 8:19 am
FLASH NEWS

മലയോര മേഖലയില്‍ പനിയും മഞ്ഞപ്പിത്തവും പടരുന്നു

Published : 25th August 2018 | Posted By: kasim kzm

താമരശ്ശേരി: മാസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴ മാറിയതോടെ മലയോര മേഖലയില്‍ പനിയും മഞ്ഞപ്പിത്തവും പടരുന്നു. പനിക്കൊപ്പം പലര്‍ക്കും ജലദോശത്തോടൊപ്പമുള്ള ശക്തമായ മൂക്കൊലിപ്പ് അസുഖവുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
പലര്‍ക്കും പനിയും കലശലായ ശരീരവേദനയും അനുഭവപ്പെടുന്നു. ശക്തമായ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മൂലം പല വീടുകളിലും മലിന ജലം കയറിയതും വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞൊഴുകിയതും സാംക്രമിക രോഗത്തിനും ഹേതുവാകുന്നു. അറൂനൂറോളം പേരാണ്് താമരശ്ശേരി താലൂക്കാശുപത്രിയില്‍ ദിനേന ചികില്‍സ തേടിയെത്തുന്നത്.
ഇതിനു പുറമെ സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും എത്തുന്നവരുടെ സംഖ്യ ഇതിലും കൂടുതലാണ്. മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ കണക്ക് ആരോഗ്യ വകുപ്പിനു ലഭ്യമല്ല. രോഗികളില്‍ മിക്കപേരും ഒറ്റമൂലി ചികില്‍സയും ആയൂര്‍വേദ ചികില്‍സയുമാണ് സ്വീകരിക്കുന്നത്. ഇത് മൂലം ഇത്തരം രോഗികളെ കുറിച്ചോ പ്രദേശങ്ങളെ കുറിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ധാരണയുണ്ടാവാറില്ല.
കിണറുകള്‍ മലിനമായ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ട്. എന്നാല്‍ പല വീടുകളുടെയും പരിസരം ഇപ്പോഴും വെള്ളക്കെട്ടിന്റെ അവശിഷ്ടമായി ചെളിയും മണ്ണും അടിഞ്ഞു കൂടിയ നിലയിലാണ്. വീടുകള്‍ ശുചീകരിച്ചിട്ടും പരിസരപ്രദേശങ്ങള്‍ ശുചീകരിക്കാത്തത് പകര്‍ച്ചവ്യാധികള്‍ക്ക് ആക്കം കൂട്ടുമെന്ന ഭയപ്പാടിലാണ് നാട്ടുകാര്‍. പുഴയില്‍ വെള്ളം കയറിയതോടെ മാംസാവശിഷ്ടങ്ങടക്കമള്ള മാലിന്യങ്ങള്‍ തള്ളുന്ന സംഘവും സജീവമാണ്.
പൂനൂര്‍പുഴയില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചവരെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ രക്ഷപ്പെടുകയായിരുന്നു. രാത്രിയുടെ മറവിലാണ് പുഴയില്‍ മാലിന്യം ഒഴുക്കി വിടുന്നത്. ഇത് പുഴയോരത്തെ കുറ്റിക്കാടുകളിലും മറ്റും തങ്ങി ദുര്‍ഗന്ധം വമിക്കുകയും സാംക്രമിക രോഗം പകര്‍ത്തുകയും ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss