|    Feb 24 Sat, 2018 3:15 pm
FLASH NEWS

മലയോര മേഖലയില്‍ ചെറുകിട കര്‍ഷകരും തൊഴിലാളികളും ദുരിതത്തില്‍

Published : 17th January 2017 | Posted By: fsq

 

തിരുവനന്തപുരം: റബറിന്റെ വിലക്കുറവും നോട്ടുനിരോധനവും മൂലം ജില്ലയിലെ മലയോരമേഖലയിലെ ചെറുകിടകര്‍ഷകരും തൊഴിലാളികളും കടുത്ത ദുരിതത്തില്‍. റബര്‍ വിലസ്ഥിരതാ ഫണ്ടും ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇതു കൂടാതെ കൃഷിനാശവും കൂടി വന്നതോടെ ജീവിതം ദുസ്സഹഹമായി. അഞ്ചുവര്‍ഷം മുമ്പ് 250രൂപ വരെവന്ന റബര്‍വില ഇപ്പോള്‍ 146ലാണ്. ജനുവരിയുടെ തുടക്കത്തില്‍ 131 രൂപയായിരുന്നതാണ് ഇപ്പോള്‍ 146 ആയത്. നോട്ടുനിരോധനവും നിയന്ത്രണവും കാരണം കര്‍ഷകര്‍ക്ക് റബ്ബറിന്റെ വില കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികള്‍. മഴ കുറഞ്ഞത് റബ്ബര്‍ ഉല്‍ പാദനത്തില്‍ കുറവുണ്ടാക്കി. കൂലി കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടാപ്പിങ് നിര്‍ത്തിവച്ചു. ഇത് ടാപ്പിങ് തൊഴിലാളികള്‍ക്ക് പണിയില്ലാതാക്കി. നാട്ടുകാരുടെ കൈയില്‍ പണമില്ലാതായതോടെ കച്ചവടമേഖലകള്‍ സ്തംഭനത്തിലായി. ടാപ്പിങ് തൊഴിലാളികള്‍ കടക്കെണിയിലാണ്. കാര്‍ഷിക, വിദ്യാഭ്യാസവായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടവ് നടക്കുന്നില്ല. കെഎസ്എഫ്ഇ ചിട്ടിയെടുത്തതില്‍ മിക്കവരും കുടിശ്ശികക്കാരായി.  രാത്രി ഒമ്പതുമണിവരെ സജീവമായിരുന്ന ജങ്ഷനുകളില്‍ ഇപ്പോള്‍ സന്ധ്യയോടെ ആളനക്കം ഇല്ലാത്ത സ്ഥിതിയാണ്. കച്ചവടക്കാര്‍ ഏഴരയ്ക്കുമുമ്പേ കട പൂട്ടും. മരച്ചീനി, ചേമ്പ്, ചേന, കാച്ചില്‍, വാഴ തുടങ്ങിയ കൃഷികള്‍ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത് പതിവാണിവിടെ. തേങ്ങ, കരിക്ക്, ചക്ക, മാങ്ങ തുടങ്ങിയവ കുരങ്ങുകളും നശിപ്പിക്കുന്നു. വേനലായതോടെ ആഹാരവും വെള്ളവും തേടി പന്നികളും കുരങ്ങുകളും കൂട്ടത്തോടെയാണ് നാട്ടിലിറങ്ങുന്നത്. പന്നികളുടെ ശല്യം രാത്രിയിലും കുരങ്ങുകളുടെ ശല്യം പകലുമാണ്. വന്യമൃഗങ്ങളില്‍ കൃഷിനാശം നേരിടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. കള്ളിക്കാട്, അമ്പൂരി, വെള്ളറട, ഒറ്റശേഖരമംഗലം തുടങ്ങിയ മലയോരപഞ്ചായത്തിലെ ആളുകള്‍ നേരിട്ടും അല്ലാതെയും റബ്ബറിനെ ആശ്രയിച്ചു കഴിയുന്നവരാണ്. പത്തുസെന്റ് മുതല്‍ രണ്ടേക്കര്‍വരെ റബ്ബര്‍ കൃഷിയുള്ളവരാണ് ഭൂരിഭാഗവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss