|    Oct 20 Fri, 2017 7:14 am

മലയോര മേഖലയില്‍ കാറ്റിലും മഴയിലും കനത്ത നാശം

Published : 11th July 2016 | Posted By: SMR

പൂക്കോട്ടുംപാടം: ഇന്നലെയുണ്ടായ കാറ്റിലും മഴയിലും മലയോരമേഖലയില്‍ കനത്ത നാശം. അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളും കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്നു. ഉച്ചയ്ക്ക് രണ്ടോടെ വീശിയടിച്ച കാറ്റില്‍ തട്ടിയേക്കല്‍ മാളിയേക്കല്‍ മുഹമ്മദ്, കാഞ്ഞിരംപാടം കദീജ എന്നിവരുടെ വീടിനു മുകളില്‍ തേക്ക് മരം വീണു ഭാഗികമായി തകര്‍ന്നു. പൂക്കോട്ടുംപാടം അങ്ങാടിയില്‍ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന് മുകളില്‍ മരം വീണു. അവധിദിനമായതിനാല്‍ അപകടമൊഴിവായി. പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ പിടിഎ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. വില്ലൂത്ത് ക്ഷേത്രത്തിലെ നടപന്തലിന്റെ ആസ്ബറ്റോസ് ഷീറ്റുകളും നാലമ്പലത്തിന്റെ ഓടുകളും കാറ്റില്‍ പറന്നു പോയി. ക്ഷേത്രത്തിനു മുന്നിലെ മരം കടപുഴകി വീണു. പായമ്പാടം മൂച്ചിക്കലില്‍ ഇലവന്‍ കെവി ലൈനിന് മുകളില്‍ മരം വീണ് നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. എടവണ്ണയില്‍ നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. പന്നിപ്പാറ, പത്തപ്പിരിയം, ഐന്തൂര്‍, കുണ്ട്‌തോട്, ചാത്തല്ലൂര്‍ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടം. പത്തപ്പിരിയത്ത് പോത്ത് വെട്ടി-ശീലക്കുന്ന് റോഡില്‍ തെങ്ങ് റോഡിനു കുറുകെ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പികള്‍ പൊട്ടി റോഡില്‍ വീണു.
എടവണ്ണ: എടവണ്ണയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. പന്നിപ്പാറ, പത്തപ്പിരിയം, കുണ്ട്‌തോട്, ചാത്തല്ലൂര്‍ മേഖലകളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. വൈദ്യുതി കാമ്പികള്‍ പൊട്ടി റോഡില്‍ വീണു. കമ്പികള്‍ സമീപത്തെ വീടിനു മുകളില്‍ വീഴാതിരുന്നത് ദുരന്തം ഒഴിവാക്കി.
കാളികാവ്: കാളികാവ് മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ഉച്ചയ്ക്ക് 2.30ഓടെയാണ് മേഖലയെ വിറപ്പിച്ച കാറ്റ് വീശിയത്. ഒട്ടേറെ റബര്‍ മരങ്ങളും വാഴകളും കാറ്റില്‍ നശിച്ചു. ചോക്കാട് പന്നിക്കോട്ടുമുണ്ടയില്‍ മരം വീണ് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. അഞ്ചച്ചവിടി ഗ്രൗണ്ടിന് സമീപത്ത് കാറ്റില്‍ മരം വീണ് ചെറുവള്ളി അബ്ദു മുസ്‌ല്യാരുടെ വീട് പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത ടി പി കബീറിന്റെ വീടിനും കേടുപാടുപറ്റി. മൂച്ചിക്കല്‍ വി പി സലീനയുടെ റബര്‍ മരങ്ങള്‍ കടപുഴകി വീണു. അഞ്ചച്ചവിടി ഭാഗത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചോക്കാട് പഞ്ചായത്തിലെ മഞ്ഞപ്പെട്ടി മൈലാടിച്ചോലയില്‍ കാറ്റില്‍ മരം വീണ് മുപ്രമ്മല്‍ ശോഭനയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഗ്രാമപ്പഞ്ചായത്ത് അംഗം ബൈജു സ്ഥലം സന്ദര്‍ശിച്ചു. പന്നിക്കോക്കോട്ടുമുണ്ടയില്‍ നരിപ്പെറ്റ റംലത്തിന്റെ വീടിനും കാറ്റില്‍ മരം വീണ് നാശം സംഭവിച്ചു. കല്ലാമൂല മരുതങ്കാടിന് സമീപം കല്‍പ്പകശ്ശേരി വേലായുധന്‍ എന്നയാളുടെ വീടിന്റെ കുളിമുറ കാറ്റില്‍ തകര്‍ന്നു. വീടിനും നാശം സംഭവിച്ചു. കാളികാവ് നിലമ്പൂര്‍ റൂട്ടില്‍ പന്നിക്കോട്ടുമുണ്ടയില്‍ മരം വീണ് വൈദ്യുതിലൈന്‍ തകര്‍ന്നത് ചോക്കാട് മേഖലയില്‍ വൈദ്യുതി മുടക്കത്തിന് കാരണമായി. കാറ്റില്‍ നാശം സംഭവിച്ച പ്രദേശങ്ങള്‍ റവന്യു അധികൃതര്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കാളികാവ് ഗ്രാമപ്പഞ്ചായത്ത് അംഗം സി ടി സക്കറിയ സ്ഥലം സന്ദര്‍ശിച്ചു.
കാളികാവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ലൈനുകല്‍ തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണം ഭാഗിമായി മാത്രമാണ് ഉണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക