|    Oct 16 Tue, 2018 8:06 pm
FLASH NEWS

മലയോര മേഖലയില്‍ കനത്തമഴ : ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടം; 30 വീടുകള്‍ തകര്‍ന്നു

Published : 15th September 2017 | Posted By: fsq

 

മുണ്ടക്കയം: കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മലയോരമേഖലയില്‍ വന്‍ നാഷനഷ്ടം. നാലിടത്തായുണ്ടായ ഉരുള്‍ പൊട്ടലില്‍ ഏക്കറുകണക്കിനു കൃഷി ഭൂമി ഒലിച്ചുപോയി. കൊക്കയാര്‍ കൂട്ടിക്കല്‍ പഞ്ചായത്തുകളിലായി 26 വീടുകള്‍ തകര്‍ന്നു. പത്തോളം റോഡുകള്‍ ഒലിച്ചുപോയി.ബുധനാഴ്ച ഉച്ചമുതല്‍ രാത്രി വൈകുവോളം പെയ്ത മഴയിലാണ് മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മൂപ്പന്‍മലയിലാണ് മേഖലയിലെ ഏറ്റവും വലിയ  ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇവിടെ പാമ്പക്കല്‍ മധുവിന്റെ കൃഷി ഭൂമി ഒലിച്ചു പോയി. മ്ലാക്കര ഭാഗത്ത് 39ല്‍ നടപ്പുപാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് എസ് കോളനി ഒറ്റപ്പെട്ടു. ഇവിടെ റോഡില്‍ കല്ലും മണ്ണും അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. കൊടുങ്ങ ഭാഗത്ത് മ്ലാക്കര ചുരുതാ എസ്റ്റേറ്റില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 30ഓളം റബര്‍ മരങ്ങളും വാഴകളും ഒലിച്ചുപോയി. കല്ലും മണ്ണും അടിഞ്ഞുകൂടി മ്ലാക്കര ഭാഗത്തേക്കുള്ള റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കളത്വാ ഭാഗത്ത് കൊല്ലക്കുടി ഭാസ്‌കരന്റെ മുറ്റം ഇടിഞ്ഞു വീട് അപകടാവസ്ഥയിലായി. വല്ല്യേന്ത മേനോത്ത് ഗോപാലകൃഷ്ണന്റെ അര ഏക്കറോളം സ്ഥലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. ഇളംകാട്-വാഗമണ്‍ റോഡില്‍ വല്ല്യന്ത അമ്പലം ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. കൂട്ടിക്കല്‍ ടൗണില്‍ പുല്ലകയാറിന്റെ സംരംക്ഷണ ഭിത്തിയിടിഞ്ഞ് സമീപത്തെ വ്യാപാര സ്ഥാപനം അപകട ഭീഷണിയിലായി. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഞര്‍ക്കാട്-കൂനാട് റോഡ് വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പഞ്ചായത്തില്‍ 10ല്‍ അധികം വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അറിയിച്ചു. സംഭവ സ്ഥലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍,കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ ജോര്‍ജ് ജോസഫ്,ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍,ആന്റണി കടപ്ലാക്കല്‍. സിപിഐ കൂട്ടിക്കല്‍ ലോക്കല്‍ സെക്രട്ടറി വിനീത് പനമൂട്ടില്‍, കെഎസ്ഇബി, പോലിസ് അധികൃതര്‍ എന്നിവര്‍ സന്ദര്‍ശിച്ചുകൊക്കയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ ശക്തമായ മഴയില്‍ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പഞ്ചായത്തിലെ അഴങ്ങാട് ആനചാരി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ് തകരുകയും നാലു വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. തൈക്കാട്ടിടയില്‍ സാബു, പോള്‍ ജോസഫ്, അലമാക്കല്‍ റോയി, നെല്ലിമല ടോമി, എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കൂടുതലായും റോഡിന്റെ സംരംക്ഷണ ഭിത്തി ഇടിഞ്ഞ് വീടുകള്‍ക്ക് മുകളിലേക്കു വീണാണ് അപകടമുണ്ടായത്. മുളംകുന്ന് കരിനാട് ലിസ്സി സണ്ണി, രത്‌നഗിരി പുതിയപറമ്പില്‍ റോസമ്മ, മോലോരം വയലുങ്കല്‍ ജോസ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.ഏന്തയാര്‍ വടക്കേമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷി നാശമുണ്ടായി. വൈദ്യുതി വിതരണ സംവിധാനം തകരുകയും ചെയ്തു. മേപ്പുഴു തോട്ടിലൂടെ ഒഴുകിയ വെള്ളത്തില്‍ സമീപ പ്രദേശത്തെ വീടുകളും പെട്ടു. മേഖലയിലെ റോഡുകളും തകര്‍ന്നിട്ടുണ്ട്. മുക്കുളം-വെമ്പാല റോഡ് പൂര്‍ണമായും തകര്‍ന്നു. ദുരന്തബാധിത പ്രദേശങ്ങള്‍ പീരുമേട് തഹസീല്‍ദാര്‍ ഷൈനി,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം മോളി ഡോമിനിക്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ റെജി, സ്വര്‍ണലത അപ്പുക്കുട്ടന്‍, രജനി സുഗുണന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജയിംസ് വി അമ്പാട്ട്, വര്‍ക്കി ആരുവേലി സന്ദര്‍ശിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മഴയത്ത് രൂപപ്പെട്ട ഗര്‍ത്തം പഞ്ചായത്ത് അധികൃതര്‍ നികത്തി പൂര്‍വ സ്ഥിതിയിലാക്കി. കോസ്‌വേ പാലത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജുവിന്റെ നേതൃത്വത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss