|    Sep 20 Thu, 2018 9:01 am
FLASH NEWS

മലയോര മേഖലയിലെ കോലിഞ്ചി കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 19th January 2017 | Posted By: fsq

 

കോന്നി: അധ്വാനത്തിനൊത്ത വില ലഭിക്കാത്തത് കോലിഞ്ചി കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. റാന്നി, കോന്നി താലൂക്കുകളിലെ പമ്പാവാലി, പെരുനാട്, നാരാണംമൂഴി, വെച്ചൂച്ചിറ, വടശേരിക്കര, സീതത്തോട്, ആങ്ങംമൂഴി, ചിറ്റാര്‍, തണ്ണിത്തോട്, തേക്കുതോട് പ്രദേശങ്ങളിലെ കോലിഞ്ചി കര്‍ഷകരാണ് അധ്വാനത്തിനൊത്ത വില ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. വിപണിയില്‍ വിറ്റഴിക്കുന്ന കോലിഞ്ചിക്ക് കൃത്യമായ വില നിര്‍ണ്ണയിക്കപ്പെടാത്തതാണ് കര്‍ഷകരെ ഈ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കോലിഞ്ചി കൃഷി ചെയ്യുന്ന സമയം. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിളവെടുപ്പ് കാലവും. തേക്കുത്തോട്ടിലെ വിപണന കേന്ദ്രത്തിലാണ് കര്‍ഷകര്‍ ഇപ്പോള്‍ കോലിഞ്ചി വിറ്റഴിക്കുന്നത്.എന്നാല്‍ പുറത്തെ മാര്‍ക്കറ്റില്‍ വിറ്റഴിച്ചാല്‍ കൂടുതല്‍ വില ലഭിക്കുമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.വിലയിലുണ്ടാകുന്ന പ്രതിസന്ധികളോടൊപ്പം തന്നെ വന്യമൃഗ ശല്യവും കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്. കാട്ടുപന്നികളും ആനയുമൊക്കെയാണ് പ്രധാന ശല്യക്കാര്‍. മലമുകളിലും റബര്‍ മരങ്ങള്‍ക്ക് ഇടവിളയുമൊക്കെയായാണ് കോലിഞ്ചി കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന പന്നിയും ആനയുമെല്ലാം ഇവ നശിപ്പിച്ചതിന് ശേഷമാവും തിരികെ മടങ്ങുന്നതെന്നും കര്‍ഷകര്‍ പറയുന്നു.എന്നാല്‍ ആനയുടെയും കാട്ടുപന്നിയുടെയും ശല ്യം കൂടുതലുള്ള പ്രദേശങ്ങളില്‍ വനംവകുപ്പ് സൗരോര്‍ജ വേലികള്‍ സ്ഥാപിക്കാത്തതും വന്യമൃഗ  ശല്യം രൂക്ഷമാകുന്നതിന് കാരണമാകുന്നു. കുരങ്ങുകളും ശല്യക്കാരായി ഇപ്പോള്‍ മാറിയിട്ടുണ്ട്. കിളച്ചെടുത്ത കോലിഞ്ചി തൊഴിലാളികളെ ജോലിക്ക് നിര്‍ത്തി തൊലി ചെത്തി കളഞ്ഞ് ഉണക്കിയാണ് കര്‍ഷകര്‍ കമ്പോളത്തില്‍ വിറ്റഴിക്കുന്നത്. പത്ത് കിലോ കോലിഞ്ചി തൊഴിലാളികള്‍ ചെത്തിയൊരുക്കുമ്പോള്‍ അന്‍പത് രൂപ എന്ന കണക്കിലാണ് കൂലി നല്‍കുന്നത്. എന്നാല്‍ ഇത് വിപണിയില്‍ എത്തിക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്ന ലാഭം തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ പോലും തികയുന്നില്ല. കോലിഞ്ചി കിളച്ചെടുക്കുന്നതു മുതല്‍ തുടങ്ങുന്ന കര്‍ഷകരുടെ കഠിനാധ്വാനം ഇത് വിപണിയില്‍ എത്തിക്കുന്നതുവരെയും തുടരുന്നുണ്ട്. കിളച്ചെടുത്ത കോലിഞ്ചികള്‍ ചെത്തി തൊലി ചെത്തിയൊരുക്കിയതിന് ശേഷം വെയിലത്ത് ഉണക്കിയാണ് ഇത് വിപണിയില്‍ എത്തിക്കുന്നത്. കോലിഞ്ചി ചെത്തി ഒരുക്കുന്ന സമയത്ത് കൈകള്‍ നീറി പുകയാറുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ഇത് മരുന്നുകള്‍ക്കും മറ്റുമായി വിദേശത്തേക്ക് കയറ്റി അയക്കാറുമുണ്ട്.കോലിഞ്ചികള്‍ വന്യമൃഗങ്ങള്‍ സ്ഥിരമായി നശിപ്പിക്കുമ്പോഴും ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരോ മറ്റ ബന്ധപ്പെട്ട ഉദേ്യാഗസ്ഥരോ അന്വേഷിക്കാറുപോലും ഇല്ലെന്നും കര്‍ഷര്‍ക്ക് ആക്ഷേപമുണ്ട്.മാറി മാറി വരുന്ന ഗവണ്‍മെന്റുകളും ഇവരുടെ കാര്യത്തില്‍ ശ്രദ്ധകൊടുക്കാറില്ലെന്നും പരാതിയുണ്ട്.തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ചെന്നാല്‍ ചെത്തിയൊരുക്കിയ കോലിഞ്ചികള്‍ റോഡരുകില്‍ വെയിലത്ത് ഉണക്കാനിട്ടിരിക്കുന്ന കാഴ്ച്ചയും ഇപ്പോള്‍ പതിവാണ്. തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷകരുടെ പ്രധാന വിളകളില്‍ ഒന്നുകൂടിയാണ് കോലിഞ്ചി. കോലിഞ്ചി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാവും കര്‍ഷകര്‍ നീങ്ങുന്നതെന്നും ഇവര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss