|    Nov 15 Thu, 2018 7:21 am
FLASH NEWS

മലയോര പട്ടയം അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

Published : 3rd August 2018 | Posted By: kasim kzm

തൃശൂര്‍: മലയോര പട്ടയം അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തൃശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്. 1977 ജനുവരി ഒന്നിന് മുമ്പ് മലയോര ഭൂമി കൈവശത്തിലുള്ള മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ജൂലൈ 16 മുതല്‍ 26 വരെ തൃശൂര്‍ ജില്ലാ കലക്ടറേറ്റിനു മുന്നില്‍ കര്‍ഷക സംഘം നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെയാണ് സംഘം നേതാക്കളുടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞ കണക്കനുസരിച്ച് തന്നെ 3000ലധികം പേര്‍ക്ക് പട്ടയം നല്‍കാനുണ്ട്. കര്‍ഷക സംഘം ശേഖരിച്ച കണക്കനുസരിച്ച് പട്ടയത്തിന് അര്‍ഹതയുള്ള 8002 പേര്‍ ഇതിനകം തന്നെ എല്ലാ വിവരങ്ങളും അടങ്ങുന്ന അപേക്ഷകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്.
അടുത്തഘട്ടമെന്ന നിലയില്‍ ആഗസ്ത് 16ന് മലയോരത്തെ 30ഓളം വില്ലേജുകളില്‍ കൃഷിക്കാര്‍ അപേക്ഷകള്‍ സമര്‍പ്പിക്കും. ജൂണ്‍ 22ന് തൃശൂരില്‍ മലയോര കൃഷിക്കാരുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേര്‍ന്ന് സമര പ്രഖ്യാപന രേഖ അംഗീകരിച്ചിരുന്നു. എ ല്‍ഡിഎഫ് പ്രകടന പത്രികയി ല്‍ അര്‍ഹതയുള്ള നാലു ഏക്കര്‍ വരെ ഭൂപരിധിയുള്ള കൃഷിക്കാര്‍ക്കെല്ലാം ഉപാധിരഹിത പട്ടയം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് മുഖ്യമന്ത്രിക്ക് നല്‍കി. നിവേദക സംഘത്തില്‍ സംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎല്‍എ, ഭാരവാഹികളായ എ എസ് കുട്ടി, എം എം അവറാച്ചന്‍, പി ആര്‍ വര്‍ഗീസ്, രവീന്ദ്രന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss