|    Oct 24 Tue, 2017 7:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയോര, തീരദേശ ഹൈവേകള്‍ നിര്‍മിക്കാന്‍ പദ്ധതി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി തീരദേശത്തും മലയോര മേഖലയിലും വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ സുഗമമായ യാത്ര സാധ്യമാക്കുന്ന രണ്ട് ഹൈവേകള്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ ധനകാര്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേ ര്‍ന്ന ഉന്നതതല യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരമായത്.
10,000 കോടിയുടെ പദ്ധതി അഞ്ചുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ പണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴിയാണ് കണ്ടെത്തുക. മൊത്തം 1,800 കിലോമീറ്റര്‍ നീളം വരുന്ന രണ്ടു ഹൈവേകളുടെ നിര്‍മാണത്തിനാണ് അടിയന്തര പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കി നാലുമാസത്തിനകം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കിയത്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം.
പ്ലാസ്റ്റിക്, റബര്‍, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് എന്നിവ നിര്‍മാണത്തില്‍ ഉപയോഗിക്കും. പദ്ധതി സംബന്ധിച്ച പ്രൊജക്ട് റിപോര്‍ട്ട് നാലുമാസത്തിനുള്ളിലാണ് സമര്‍പ്പിക്കേണ്ടത്. മരാമത്ത് ചീഫ് എന്‍ജിനീയര്‍ സതീശന്‍, ദേശീയപാത ചീഫ് എന്‍ജിനീയര്‍ പ്രഭാകരന്‍ എന്നിവരുമായി നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച നടത്തി. കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം കടുക്കറ വരെ 1,195 കിലോമീറ്ററാണ് മലയോര ഹൈവേയുടെ നീളം. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലൂടെ ഈ ഹൈവേ കടന്നുപോവും. നാറ്റ്പാക്കാണ് അലൈന്‍മെന്റ് നിര്‍ദേശിച്ചത്. മലയോര ഹൈവേക്കു മാത്രമായി ഏകദേശം 6,500 കോടി ചെലവു പ്രതീക്ഷിക്കുന്നുവെന്നും ഇത് നബാര്‍ഡ് പദ്ധതി വഴി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
606 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കാനുദേശിക്കുന്ന തീരദേശ ഹൈവേ കേരളത്തിലെ ഒമ്പതു ജില്ലകളിലൂടെ കടന്നുപോവും.  ഇരു ഹൈവേകളും ഏഴു മീറ്റര്‍ വീതിയില്‍ രണ്ടുവരി പാതയിലാവും നിര്‍മിക്കുക. നിലവില്‍ പാതയുള്ള ഭാഗങ്ങളില്‍ അവ വികസിപ്പിച്ചാവും ഹൈവേ കടന്നുപോവുക. 10 കോടിക്ക് മുകളിലുള്ള പദ്ധതികളെല്ലാം കിഫ്ബിയിലൂടെയാണ് ആവിഷ്‌കരിക്കുന്നത്. കിഫ്ബിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇതുവരെ 5,000 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ന ല്‍കി. പണം ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണങ്ങള്‍ തുടങ്ങും.
വായ്പയെടുത്തുള്ള സമ്പ്രദായമായതിനാല്‍ മുഖ്യമന്ത്രിയുടെ കൃത്യമായ നിരീക്ഷണത്തിലൂടെയായിരിക്കും കിഫ്ബി പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക