|    Aug 22 Wed, 2018 11:20 am
FLASH NEWS

മലയോരത്ത് വ്യാപക ഉരുള്‍പൊട്ടല്‍

Published : 9th August 2018 | Posted By: kasim kzm

ഇരിട്ടി: കനത്ത മഴയില്‍ മലയോരത്ത് വ്യാപക ഉരുള്‍പൊട്ടല്‍. ഇരിട്ടി മേഖലയില്‍ മാത്രം എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉളിക്കല്‍, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടലും ശക്തമായ വാഴയും ജനജീവിതം സ്തംഭിപ്പിച്ചത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയം, ബാരാപോള്‍, ഉരുപ്പുംകുറ്റി, തുടിമരം, കളിതട്ടുംപാറ മേഖലയിലും ഉളിക്കല്‍ മേഖലയിലെ അറബിയിലും കൃഷിയിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
മേഖലയില്‍ 50ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മുടിക്കയം അങ്കണവാടിയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. പ്രദേശത്തെ എട്ടു കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷിയിടം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. മുടിക്കയം-പുല്ലുംപാറ തട്ട് റോഡ് ഒഴുകിപ്പോയി. മുടിക്കയം-തൊടിമരം-കൊല്ലി റോഡില്‍ കല്ലും മണ്ണും നിറഞ്ഞ് 30ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്ത് നിരവധി വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. മുടിക്കയത്തെ മങ്കരയില്‍ ദേവസ്യ, മാമ്പള്ളി തങ്കച്ചന്‍ എന്നിവരുടെ കൃഷിയിടത്തിലും ബാരാപോളില്‍ പല്ലാട്ട് ജോസിന്റെ കൃഷിയിടത്തിലുമാണ് ഉരുള്‍പൊട്ടിയത്. ബാരാപോള്‍ പുഴയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ഉരുപ്പുംകുറ്റിയിലും തുടിമരത്തും വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടിയത്. കളിതട്ടുംപറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആനപ്പന്തി, അങ്ങാടിക്കടവ്, വാണിയപ്പാറ ടൗണുകളില്‍ വെള്ളം കയറി. വാണിയപ്പാറയില്‍ നിരവധി വീടുകളിലും വെള്ളം കയറി.
ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ബാവലി പുഴ നിറഞ്ഞുകവിഞ്ഞു. പാലപുഴ പാലം നിറഞ്ഞൊഴുകിയതിനാല്‍ കാക്കയങ്ങാട്, ആറളം ഫാം, കീഴ്പള്ളി റുട്ടിലേക്കുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പുഴയിലെ ഇരു കരകളിലുമുള്ള താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പാലപ്പുഴ വെള്ളത്തില്‍ മുങ്ങുന്നത്. ഉളിക്കല്‍ മേഖലയിലെ കാഞ്ഞിരക്കൊല്ലി, അലവിക്കുന്ന്, അറബിക്കുളം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
കര്‍ണാടക വനത്തിലുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിനു കാരണം. മണിക്കടവ് പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ ടൗണിലെ 20ഓളം കടകളില്‍ വെള്ളംകയറി. മേഖലയില്‍ 10 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ 50ഓളം വീടുകളില്‍ വെള്ളം കയറി. വട്ട്യാംതോട് ടൗണില്‍ വെള്ളംകയറി. പാലം വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നുച്യാട് പുഴ കരകവിഞ്ഞ്് കൊക്കാട്, പൊയൂര്‍ക്കരി പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. റോഡും പാലവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഉളിക്കല്‍ പയ്യാവൂര്‍ മലയോര ഹൈവേയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. പൊയൂര്‍ക്കരി, പരിക്കളം, വയത്തൂര്‍, പേരട്ട എന്നിവിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കയറി.
മണിക്കടവ്, മാട്ടറ ഭാഗങ്ങളിലേക്കും വാഹന ഗതാഗതം തടസ്സപെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ കഷ്ടപ്പെട്ടു. മേഖലയിലെ പല വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പേരട്ട തൊട്ടില്‍പാലം റോഡില്‍ വെള്ളം കയറിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞ് തൊട്ടില്‍പാലത്തെ എ മേരി വനജയുടെ വീട് പൂര്‍ണമായും തകര്‍ന്നു. കൂട്ടുപുഴയില്‍ കഴുവാറ്റില്‍ ജോസഫിന്റെ വീട്ടില്‍ വെള്ളംകയറി. കച്ചേരിക്കടവ് പാലത്തിന് സമീപം കുന്നിടിച്ചല്‍ ഉണ്ടായി. അയ്യംകുന്നിലെ പാറയ്ക്ക പാറയില്‍ ഉരുള്‍പൊട്ടി 30ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പാറയ്ക്കപാറയിലെ തൊഴുതുങ്കല്‍ പറമ്പില്‍ സാജു, റെജി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
കല്ലു മണ്ണൂം ചെളിയും ഒഴുകിയെത്തി നിരവധി പേരുടെ കൃഷി നശിച്ചു. പരിപ്പുതോട് പാലം മുങ്ങി 35 കുട്ടികള്‍ ഒറ്റപ്പെട്ടു. വെളിമാനം, മാങ്ങോട് സ്‌കൂളുകളിലെ കുട്ടികളാണ് ഒറ്റപ്പെട്ടത്. ഇവരെ ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആറളം പോലിസ് സ്‌റ്റേഷനിലെത്തിച്ചു. സണ്ണിജോസഫ് എംഎല്‍എ, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, പഞ്ചായത്ത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
രാത്രിയും ഭയാശങ്കയോടെയാണ് വനാതിര്‍ത്തിയിലുള്ളവര്‍ കഴിയുന്നത്. റവന്യു വകുപ്പ് അധികൃതര്‍ മേഖലയിലെ പഞ്ചയാത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാക്കൂട്ടം വനത്തില്‍ മെതിയടി പാലത്തിന് സമീപം റോഡിന് കുറുകെ മരം വീണ് ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss