|    Oct 24 Wed, 2018 2:25 am
FLASH NEWS

മലയോരത്ത് മഴ കനത്തു, വ്യാപക നാശനഷ്ടം

Published : 29th September 2017 | Posted By: fsq

 

എടക്കര: കനത്ത മഴയെത്തുടര്‍ന്ന്  മാമാങ്കരയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരി മരിച്ചതുള്‍പെടെ മലയോര മേഖലയില്‍ വ്യാപക നാശ നഷ്ടം.  പോത്തുകല്ലില്‍ നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലായിട്ടുണ്ട്. ചാലിയാര്‍ പുഴയുടെ തീരങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പാണ്ടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് മണക്കാട് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പുഴയോരത്തെ നിരവധി കര്‍ഷകരുടെ നാളീകേരമടക്കമുള്ള കാര്‍ഷികവിളകള്‍ മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയി.  ഉദിരകുളത്തെ കുനിയംപറ്റ ആമിനയുടെ കോഴി ഫാമില്‍ വെള്ളം കയറി എഴൂനൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. പാണ്ടിപ്പുഴയില്‍ നിന്നും വെള്ളം കയറിയാണ്   കോഴിക്കുഞ്ഞുങ്ങള്‍ ചത്തത്. നാല്‍പ്പത്തിയെട്ട് രൂപ വീതം നല്‍കി എഴുനൂറ്റിയന്‍പത് കുഞ്ഞുങ്ങളെ  കഴിഞ്ഞ ദിവസമാണ് ആമിന വാങ്ങിയത്.  ഫാമിന്റെ കൂടുതല്‍  ഭാഗവും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്.   ബുധനാഴ്ച രാവിലെ മുതലാണ് മേഖലയില്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങിയത്. വ്യാഴാഴ്ച ഉച്ചവരെ മഴ തുടര്‍ന്നു. പോത്തുകല്‍ വെളുമ്പിയംപാടം-കാനക്കുത്ത് റോഡിലെ തോടിന് കുറുകയുള്ള കലുങ്ക് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. രാത്രി എട്ടരയോടെയാണ് കലുങ്ക് തകര്‍ന്നത്. ഇതോടെ പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ യാത്രാമാര്‍ഗമില്ലാതെ ദുരിതത്തിലായി. ഇപ്പോള്‍ റോഡിന് കുറുകെ തെങ്ങുകള്‍ മുറിച്ചിട്ടാണ് നാട്ടുകാര്‍ യാത്രാസൗകര്യം പുനസ്ഥാപിച്ചത്. അമ്പിട്ടാംപൊട്ടി-ലിങ്ക് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ഇത് മൂലം  നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലായി.  കയനിക്കല്‍ ഹബിബ് റഹ്മാന്‍, സമീപവാസികളായ രൂപേഷ്, ഷേര്‍ളി, അഫ്‌സത്ത് എന്നിവരുടെ വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. ഇവരില്‍ പലരെയും ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കുനിപ്പാലയില്‍ ചാലിയാര്‍ പുഴയോട് ചേര്‍ന്നുള്ള ഏഴ് വീടുകളില്‍ ബുധനാഴ്ച രാത്രി വെള്ളം കയറി. പോത്തുകല്‍ ടൗണില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നാശനഷ്ടം നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.  പാലേമാട് വെറ്ററിനറി ഡോക്ടര്‍ കോഴിഫാം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss