|    Dec 17 Mon, 2018 5:44 pm
FLASH NEWS

മലയോരത്ത് നാശം; പൊന്മുടിയില്‍ മണ്ണിടിച്ചില്‍

Published : 15th August 2018 | Posted By: kasim kzm

ആര്യനാട്: മലയോര മേഖലകളില്‍ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ഇലക്ട്രിക് ലൈനുകള്‍ തകരാറിലാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. തകര്‍ന്ന വീടുകളുടെ കണക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരുന്നു. രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോഡുകള്‍ക്ക് കുറുകേ മരം വീണതിനാല്‍ ഗതാഗത തടസ്സവും നേരിട്ടു. ആര്യനാട് ഇറവൂര്‍ മേഖലയില്‍ ശക്തമായ കാറ്റില്‍ 13ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
നിരവധി വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് നാശനഷ്ടം ഉണ്ടായത്. വണ്ടയ്ക്കല്‍ ചേങ്കോട് കറ്ററ വീട്ടില്‍ അനില്‍കുമാര്‍, വെട്ടയില്‍ വീട്ടില്‍ സുനില എന്നിവര്‍ക്ക് വീട് നിര്‍മാണത്തിനിടെ മരം വീണ് പരിക്കേറ്റു. കാലിന് പരിക്കേറ്റ അനില്‍കുമാറിനെയും കൈയ്ക്ക് പരിക്കേറ്റ സുനിലയെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറവൂര്‍ വണ്ടയ്ക്കല്‍ ഭാഗത്തെ ഭുവനേശ്വരി, മുരുകപ്പാപിള്ള, ദാമോധരന്‍, സുജ, ശാന്തിമതിയമ്മ, സുഷീല, സന്തോഷ്, മരിയമ്മ, ഭൂസുരന്‍, പൊന്നന്‍, സുരേഷ്, ഗോപി, രാജന്‍, പ്രഭുല്ല ചന്ദ്രന്‍ നായര്‍, ആര്യനാട് ആതിര ഓഡിറ്റോറിയത്തിന് സമീപം അജിത എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ആര്യനാട് ഈഞ്ചപ്പുരി ചെറുമഞ്ചലില്‍ ഭാനുവിന്റെ വീടിന് മുകളില്‍ സമീപത്തെ പുരയിടത്തില്‍ നിന്ന തേക്ക് വീണ് വീട് തകര്‍ന്നു. ശക്തമായ കാറ്റില്‍ ഇറവൂര്‍ ഭാഗങ്ങളിലാണ് കൂടുതലും നഷ്ടമുണ്ടായിരിക്കുന്നത്. ഇറവൂര്‍ ഏലായിലെ ഏക്കര്‍ കണക്കിന് വാഴ കൃഷി കാറ്റടിച്ച് നശിപ്പിച്ചു. ഓണം വിപണി ലക്ഷ്യമിട്ടുള്ള കൃഷികളാണ് ഏറെയും നശിച്ചത്.
ഈമേഖലയില്‍ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നെടുമങ്ങാട് തഹസില്‍ദാര്‍ എംകെ അനില്‍കുമാര്‍, കൃഷി ഓഫിസര്‍ ഉല്ലാസ്, വില്ലേജ് ഓഫിസര്‍ വിഎസ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു, സിപിഐ ആര്യനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുകുമാരന്‍ നായര്‍ എന്നിവര്‍ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അടിയന്തര സഹായം എത്തിക്കമമെന്ന് ആവശ്യപ്പെട്ടു.
കാട്ടാക്കട: കൈതകോണത് വന്‍ മരം കടപുഴകി വീണു. കാറ്റിലും മഴയിലും മരം കടപുഴകി ട്രാന്‍സ്‌ഫോമറിലും സമീപത്തെ അബ്ദുല്‍ സലാമിന്റെ വീടിന്റെ വശത്തും പതിച്ചു. രണ്ടു വൈദ്യുതി തൂണുകള്‍ മറിഞ്ഞു വീഴുകയും ചെയ്—തു. ഈ സമയം കാട്ടാക്കട നിന്നു വെള്ളനാട് പോവുകയായിരുന്ന കെഎസ്ആര്‍റ്റി സി ബസ് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. മരം കടപുഴകുന്നതു കണ്ടു യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് പിന്നോട്ടെടുത്തു. കാട്ടകട അഗ്‌നിശമന സേനയും കെഎസ്ഇബി ജീവനക്കാരും പോലിസും ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
നെടുമങ്ങാട്: ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വന്‍ നാശം. ഇന്നലെ വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപെട്ടു. വൈദ്യുതി ബന്ധം താറുമാറായി. മരം വീണു ചിലയിടങ്ങളില്‍ വീടുകളില്‍ ഭാഗികമായി തകര്‍ന്നു. തെങ്കാശി അന്തര്‍ സംസ്ഥാന പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും വെള്ളക്കെട്ടും കാരണം ഗതാതം തടസ്സപെട്ടു. വൈകീട്ട് പെയ്ത ശക്തമായ മഴയില്‍ ഇടിഞ്ഞാര്‍ ജങ്ഷന്‍ വെള്ളത്തിനടിയിലായി. കടകളിലും വീടുകളിലും വെള്ളം കയറി. അതേസമയം പൊന്‍മുടിയില്‍ ഉരുള്‍ പൊട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശരിയല്ലെന്നും മേഖലയില്‍ മണ്ണിടിച്ചിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss