|    Aug 19 Sat, 2017 9:18 am
FLASH NEWS

മലയോരത്ത് ആറാം മദ്യശാല ; പ്രതിഷേധം ശക്തമാവുന്നു

Published : 9th August 2017 | Posted By: fsq

 

ഇരിട്ടി: മദ്യവിരുദ്ധ ശക്തികളുടെ പ്രതിഷേധങ്ങളെല്ലാം അവഗണിച്ച് മലയോരത്ത് ആറാമതൊരു മദ്യശാല കൂടി തുറക്കാന്‍ നീക്കം തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്യവിപത്തിനെതിരേ സമരം നടത്തി ബീവറേജസിന്റെ ചില്ലറ മദ്യവില്‍പ്പന ശാല പൂട്ടിച്ച ഉളിക്കല്‍ പഞ്ചായത്തിലാണ് വിദേശ മദ്യഷാപ്പ് തുറക്കാന്‍ നീക്കം നടക്കുന്നത്. ഇതിനായി ബിവറേജസ് അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലപരിശോധനയും മാറ്റും നടത്തി. സുപ്രിം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കണ്ണൂരിലെ ദേശീയപാതയോരത്തു നിന്നു മാറ്റിയ ബിവറേജസ് ഔട്ട്‌ലെറ്റാണ് ഉളിക്കലില്‍ സ്ഥാപിക്കാന്‍ പുതിയ നീക്കം നടക്കുന്നത്. ഉളിക്കലില്‍ കൂടി മദ്യശാല വരുന്നതോടെ ഇരിട്ടി ഉള്‍പ്പെടുന്ന മലയോരമേഖലയില്‍ ആറാമത്തെ മദ്യശാലയായിരിക്കും. ആദിവാസികളും തൊഴിലാളികളും ഏറെയുള്ള മലയോരത്ത് കൂടുതല്‍ മദ്യശാല വരുന്നത് ആശങ്കയോടെയാണ് വീട്ടമ്മമാര്‍ കാണുന്നത്. നിലവില്‍ കേളകത്ത് ബിവറേജസിന്റെ ചില്ലറ മദ്യശാല നേരത്തേ തുറന്നിരുന്നു. ബാറുകള്‍ തുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പേരാവൂരിലും കാക്കയങ്ങാട്ടും പൂട്ടിയ ബാറുകള്‍ തുറന്നു. ഇരിട്ടിയിലെ രണ്ട് ബാറുകളും ഇതൊടൊപ്പം തുറന്നതോടെ നിലവില്‍ അഞ്ചുമദ്യശാലകള്‍ 15 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പമാണ് മറ്റൊന്നുകൂടി ഉളിക്കലില്‍ തുറക്കാനുളള തകൃതിയായ നീക്കം നടക്കുന്നത്.ഇരിട്ടിയില്‍ നിന്നു മട്ടന്നൂര്‍ വഴി കണ്ണൂരിലേക്ക് പുറപ്പെട്ടാല്‍ കണ്ണൂരില്‍ മാത്രമാണ് മദ്യശാലയുള്ളത്. ഇരിട്ടിയില്‍ നിന്നു ഇരിക്കൂര്‍ വഴി പോവുമ്പോള്‍ ശ്രീകണ്്ഠാപുരത്തും തളിപ്പറമ്പിലും ഒന്നും മദ്യശാലയില്ല. പയ്യന്നൂരില്‍ മാത്രമാണ് രണ്ട് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ ഇരിട്ടിക്കടുത്ത് പായത്തെ ജബ്ബാര്‍ക്കടവില്‍ ബിവറേജസ് മദ്യശാല സ്ഥാപിക്കാനുള്ള നീക്കം നടത്തിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് വേണ്ടെന്നുവച്ചത്. ഇത്രയും മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം കര്‍ണാടക മദ്യവും വ്യാപകമായി മലയോരത്ത് എത്തുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ എക്‌സൈസും ഇരിട്ടി പോലിസും ചേര്‍ന്ന് 500ലധികം കുപ്പി കര്‍ണാടക മദ്യമാണ് പിടികൂടിയത്. കൂടാതെ ആറളം ഫാം പോലുള്ള മേഖലകളില്‍ വ്യാജ വാറ്റും നടക്കുന്നുണ്ട്. സര്‍ക്കാര്‍ തന്നെ മേഖലയില്‍ കൂടുതല്‍ മദ്യശാല സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നത് ആശങ്കയോടെയാണ് കുടിയേറ്റ ജനത കാണുന്നത്. ഉളിക്കല്‍ പള്ളി വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.ഉളിക്കലില്‍ പൂട്ടിയ മദ്യശാല തുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസും പാരിഷ് കൗണ്‍സിലും ആവശ്യപ്പെട്ടു. ഫാ. ജോസഫ് ആനിത്താനം, ജേക്കബ് കാരാമയില്‍, ദേവസ്യ മുണ്ടപ്പള്ളില്‍ പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക