|    Oct 16 Tue, 2018 3:00 am
FLASH NEWS

മലയോരത്തിന് പ്രതീക്ഷയായി കോടോത്ത് പുതിയ ഐടിഐ

Published : 21st September 2017 | Posted By: fsq

 

കാഞ്ഞങ്ങാട് : മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയുടെ ഉന്നത വിദ്യാഭ്യാസത്തിന് പുതിയ പ്രതീക്ഷ നല്‍കി കോടോം-ബേളൂരില്‍ ഐടിഐക്ക് അനുമതിയായി.  സിവില്‍ എന്‍ജിനിയറിങ്, പ്ലംബിങ് ആന്റ് ഇലക്ട്രിഫിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ക്കാണ് അനുമതി ലഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ ഐടിഐക്ക് അനുമതി ലഭിച്ചിരുന്നുവെങ്കിലും തസ്തിക അനുവദിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചില്ല. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തസ്തിക, ഫണ്ട് സംബന്ധിച്ച വിഷയങ്ങളിലെ തടസം നീക്കി ഐടിഐക്ക് അനുമതി നല്‍കുകയായിരുന്നു. ഐടിഐയ്ക്കുള്ള സ്ഥലവും കെട്ടിടവും ഫര്‍ണിച്ചറും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം. ഇതിനായി കോടോം-ബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളത്ത് പൊതു ആവശ്യത്തിനായി നീക്കിവച്ച അഞ്ച് ഏക്കര്‍ റവന്യൂ ഭൂമി വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോളജ് താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, യുവധാര ക്ലബ്ബ്, ഗ്രാമ സേവ കേന്ദ്രം എന്നീ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ അധ്യയന വര്‍ഷം തന്നെ പ്രവേശനം നടത്തി പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. നൂറോളം കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും.  ജില്ലയില്‍ പുല്ലൂര്‍, കാസര്‍കോട്, കുമ്പള, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഐടിഐ ഉള്ളത്. സാങ്കേതിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാത്ത മലയോര പ്രദേശത്ത് ഐടിഐ അനുവദിച്ചത് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാകും. റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടോത്ത് ഐടിഐ അനുവദിച്ചത്. കോടോം-ബേളൂരിനൊപ്പം സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പുതിയ ഐടിഐ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss