|    Jan 16 Mon, 2017 8:45 pm
FLASH NEWS

മലയോരത്തിന് പൂക്കളമൊരുക്കാന്‍ വിദ്യാര്‍ഥികളുടെ പൂക്കള്‍

Published : 6th September 2016 | Posted By: SMR

ഇരിട്ടി: പൂക്കളമൊരുക്കാന്‍ ഇക്കുറി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ല. മലയോര വാസികളുടെ ഓണാഘോഷത്തിന് നാടന്‍ പൂക്കളുടെ നറുമണവും.
ഇരിട്ടിക്കടുത്ത് വിളക്കോടിലെ ഗ്ലോബല്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളൊരുക്കിയ മനോഹരമായ പൂന്തോട്ടത്തില്‍ നിന്നുള്ള പൂക്കള്‍ മലയോരത്തെ വീട്ടുമുറ്റങ്ങളില്‍ ഇത്തവണ പൂന്തോട്ടമൊരുക്കും. സ്‌കൂളിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് മനോഹരമായ പൂപ്പാടം സ്ഥിതിചെയ്യുന്നത്.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്നു കൊണ്ടുവന്ന ഹൈബ്രേഡ് വിത്തുപയോഗിച്ചാണ് പൂന്തോട്ടം ഒരുക്കിയത്. 90 ദിവസം കൊണ്ട് പൂക്കള്‍ നിറഞ്ഞു. ജൈവ-രാസവളങ്ങളുടെ മിശ്രിതമാണ് വളമായി നല്‍കിയത്.
യാതൊരുവിധ കീടനാശിനിയും ഉപയോഗിക്കാതിരുന്നതിനാല്‍ പൂന്തോട്ടം നിറയെ പൂമ്പാറ്റകളും വണ്ടുകളും നിറഞ്ഞിരിക്കുകയാണ്. വിദ്യാര്‍ഥികളില്‍ കാര്‍ഷിക പ്രവൃത്തി പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി ഇക്കോ ക്ലബ്ബിന്റെയും മുഴക്കുന്ന് കൃഷിഭവന്റെയും നേതൃത്വത്തില്‍ ഒരേക്കറോളം സ്ഥലത്ത് ജൈവ പച്ചക്കറിത്തോട്ടവും കുട്ടികള്‍ ഒരുക്കിയിട്ടുണ്ട്.
സ്വന്തം പൂക്കളമൊരുക്കാന്‍ വിഷരഹിത നാടന്‍ പൂക്കള്‍ എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ വേറിട്ടൊരു കൃഷിരീതി പരീക്ഷിച്ചത്. മുഴക്കുന്ന് കൃഷിഭവന്റെ സഹകരണവും മാനേജ്‌മെന്റ് സഹായവും എല്ലാം ഒത്തുവന്നപ്പോള്‍ വിദ്യാര്‍ഥികളുടെ ലക്ഷ്യം പൂര്‍ത്തിയായി.
100 രൂപയാണ് ഇപ്പോള്‍ ഒരു കിലോ പൂവിന്റെ വില. ഉത്രാടം നാളില്‍ അത് 200 രൂപ വരെ ഉയരാറുണ്ട്. മലയോരത്ത് ആദ്യമായി വന്ന ഈ വസന്തത്തെ കാണാന്‍ നിരവധി ആളുകളാണ് പൂന്തോട്ടത്തില്‍ എത്തിച്ചേരുന്നത്.
പൂന്തോട്ടങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലേക്ക് പോയിരുന്ന മലയാളിക്ക് ഇനി സ്വന്തം നാട്ടിലെ പൂന്തോട്ടംകണ്ട് പൂക്കളും വാങ്ങിപ്പോവാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക