|    Oct 18 Thu, 2018 12:44 pm
FLASH NEWS

മലയോരം പൂര്‍ണമായും ഒറ്റപ്പെട്ടു

Published : 10th August 2018 | Posted By: kasim kzm

നിലമ്പൂര്‍: രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയും, ഉരുള്‍പൊട്ടലും നിലമ്പൂരിനെ വെള്ളത്തില്‍ മുക്കി. ചാലിയാര്‍ പുഴയും പോഷക നദികളും നിറഞ്ഞൊഴുകുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം, ആഡ്യന്‍പാറ എന്നിവിടങ്ങലില്‍ ഉരുള്‍പൊട്ടല്‍. അഞ്ചംഗ ആദിവാസി കുടുംബത്തെ കാണാതായി.
നിലമ്പൂര്‍ ജനതപ്പടി, ജേ്യാതിപ്പടി, വെളിയംതോട് തുടങ്ങിയിടങ്ങളില്‍ വെള്ളം കയറി കെഎന്‍ജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കെഎന്‍ജി റോഡില്‍ ചുങ്കത്തറ എടമലയില്‍ മലയിടിഞ്ഞ് വീണു കല്ലും മണ്ണും റോഡില്‍ വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി നിലമ്പൂര്‍ മേഖലയില്‍ പെയ്ത് മഴ 172സെന്റി മീറ്റര്‍. മഴ ഇടമുറിയാതെ പെയ്യുന്നതിനാല്‍ ഇനിയും വെള്ളം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ സേന നിലമ്പൂരില്‍ ക്യാംപ്് ചെയ്യുന്നു. നിലമ്പൂര്‍ വീട്ടിക്കുത്ത്, ജനതപ്പടി, മിനര്‍വ്വപ്പടി തുടങ്ങിയിടങ്ങളില്‍ 60ഓളം വീടൂകളില്‍ വെള്ളം കയറി, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
ഏറനാട് താലൂക്ക്
മഞ്ചേരി: അതിവര്‍ഷം ഏറനാട് താലൂക്കില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചു. അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 61 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ഊര്‍ങ്ങാട്ടിരി ഓടക്കയം ജിയുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. നെല്ലിയായി കോളനിയില്‍ നിന്ന് രണ്ടും കൊടുമ്പുഴ കോളനിയില്‍ നിന്ന് ഏഴും കുടുംബങ്ങളില്‍ നിന്നായി 34 പേരെ ക്യാമ്പിലേക്ക് മാറ്റി. ഇതില്‍ പത്ത് സത്രീകളും 11 കുട്ടികളും ഉള്‍പ്പെടും. എടവണ്ണ വില്ലേജില്‍ നിന്ന് ചെറിയപറമ്പ് കോളനിയില്‍ വേട്ടാടി രാമന്‍, കുന്നത്ത് ഹംസ എന്നിവരുടെ കുടുംബങ്ങളില്‍ ഉള്‍പ്പെട്ട 12 പേരെ മാറ്റിപാര്‍പ്പിച്ചു.
പെരകമണ്ണ വില്ലേജില്‍ വേരുപാലത്തില്‍ നിന്ന് മധുരക്കറിയന്‍ അമീര്‍ അലി, അരിഞ്ചീരി സുരേഷ്, പള്ളിപറമ്പന്‍ യൂനസ്, കൊളത്തിങ്ങല്‍ മുഹമ്മദ്, നാഗരി അബൂബക്കര്‍, നാലകത്ത് ആമിന, കടൂരന്‍ നൗഫല്‍, നാലകത്ത് അബ്ദുല്‍ ഹമീദ്, അരീക്കോട് വില്ലേജില്‍ അബ്ദുല്‍ റഷീദ്, അര്‍ഷാദ്, അബുദുല്‍ നാസര്‍, മുഹമ്മദ് വാജിത്, വലിയപീടിയേക്കല്‍ മന്‍സൂര്‍, പറമ്പന്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ കുടുംബത്തെയും അരീക്കോട് വില്ലേജിലെ അബ്ദുല്‍ റഷീദ്, അര്‍ഷാദ്, മുഹമ്മദ് ഷെരീഫ്, അബ്ദുല്‍നാസര്‍ എന്നിവരെയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്ത് ഒമ്പതു ആദിവാസി കുടുംബങ്ങളെയും അരീക്കോട് പൂങ്കുടിയില്‍ നാല് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.
അരീക്കോട് നിന്നും കോഴിക്കോട്, എടവണ്ണപ്പാറ, മുക്കം, ഒതായി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗതാഗതം മുടങ്ങിയതിനാല്‍ ഉള്‍ നാടന്‍ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. മലയോര ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതും ദുരിതം തീര്‍ക്കുന്നു. ശക്തമായ മണ്ണൊലിപ്പില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കടുകുത്തി മൈമൂനയുടെ വീടിനുമുകളില്‍ മണ്ണിടിഞ്ഞ് 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. ചെമ്പ്രശ്ശേരി വില്ലേജില്‍ കോലോതൊടി ചോഴിയുടെ മകന്‍ സുബ്രഹ്മണ്യന്റെ എട്ടംഗ കുടുംബം താമസിക്കുന്ന വീടിടിഞ്ഞ് 25,000 രൂപയുടെ നഷ്ടമുണ്ടായി.
എടക്കരയിലും
നാശം
എടക്കര: കനത്ത മഴയില്‍ മേഖലയിലെ വീടുകളില്‍ വെള്ളം കയറി. ചുങ്കത്തറയില്‍ പതിനാല് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കെഎന്‍ജി പാതയില്‍ എടമല വളവില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഏറെനേരം ഗതാഗതം തടസപ്പെട്ടു. മേഖലയിലെ പ്രധാന പുഴകളിലും കൈതോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ചുങ്കത്തറ പഞ്ചായത്തിലെ പൂച്ചക്കുത്തിലെ അഞ്ച് വീടുകളിലും കുന്നത്ത്, അമ്പലകുന്ന് എന്നിവിടങ്ങളിലെ ആറ് വീടുകളിലും മാതയിലെ ആറ് വീടുകളിലുമാണ് വെള്ളം കയറിയത്. ബുധനാഴ്ച രാത്രിയോടെ പെയ്ത ശക്തമായ മഴയെതുടര്‍ന്നാണ് വീടുകളിലേക്ക് വെള്ളം കയറിയത്. വെള്ളത്തിനടിയിലായ വീട്ടുകാരായ അമ്പലക്കല നീലി, മീമ്പറ്റ നാടിച്ചി, ഇന്ദിര പകുതിയാര്‍തൊടി, പൂങ്കോട്ടാല്‍ നവീന്‍ നെല്‍സണ്‍, കുഞ്ഞിമുഹമ്മദ് പൂച്ചക്കുത്ത്, ചൂണ്ടിയംമൂച്ചി ജയരാജന്‍, സഹോദരങ്ങളായ നാടി, തങ്ക, കോനാല്‍ സുന്ദരന്‍, നറുക്കില്‍ സരോജിനി, മണ്ണേല്‍ ലീല എന്നിവരുടെ കുടുംബങ്ങളെയാണ് വാര്‍ഡംഗം റിയാസ് ചുങ്കത്തറ, പഞ്ചായത്തംഗങ്ങളായ സി.കെ. സുരേഷ്, എം കെ ലെനിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാറ്റിപാര്‍പ്പിച്ചത്. ചുങ്കത്തറ ഗവ. എല്‍പി സ്‌കൂളില്‍ പുനരധിവാസ ക്യാംപ് തുറന്നെങ്കിലും ഇവര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റുകയായിരുന്നു. മാതയിലെ മരോട്ടിക്കല്‍ പരമേശ്വരന്‍, മലമ്മല്‍ സുബ്രഹ്മണ്യന്‍, എരൂത്ത് സക്കീന, എരഞ്ഞിക്കല്‍ മുഹമ്മദ്, മനക്കല്‍ സെബാസ്റ്റ്യന്‍, എരൂത്ത് അബ്ദുല്‍ സലാം എന്നിവരുടെ വീടുകളും വെള്ളത്തിനടിയിലാണ്. വ്യാപാരികളുടെ സഹായത്തോടെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കി. പൂച്ചക്കുത്ത്, കുന്നത്ത്, അമ്പലകുന്ന് പ്രദേശങ്ങളിലെ വീടുകളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. മോഹന്‍ദാസ്, വില്‌ളേജ് ഓഫ#ിസര്‍ അലി എന്നിവര്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് എടമല വളവില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും കെഎന്‍ജി റോഡില്‍ ഗതാഗതം തടസപ്പെട്ടത്.
വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിവീണിട്ടുണ്ട്. ഏറെസമയമെടുത്ത് രാവിലെ പതിനൊന്നരയോടെയാണ് ഗതാഗത തടസം നീക്കിയത്. മേഖലയിലെ പ്രധാന പുഴകളായ ചാലിയാര്‍, പുന്നപ്പുഴ, കലക്കന്‍പുഴ എന്നിവയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. വൈകിട്ടുവരെ ശക്തമായ മഴ തുടര്‍ന്നു. അഞ്ച് മണിയോടെയാണ് മഴ അല്‍പം ശമിച്ചത്. പുന്നപ്പുഴക്ക് കുറുകെ മുട്ടിക്കടവിലും മുപ്പിനിയിലുമുള്ള കോസ്വേകള്‍ക്ക് മുകളിലും വെള്ളം കയറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss