|    Nov 18 Sun, 2018 5:16 pm
FLASH NEWS
Home   >  Kerala   >  

മലയാള സിനിമ സ്ത്രീവിരുദ്ധം, താരസംഘടനയിലുള്ളത് നിര്‍ഗുണന്‍മാര്‍: കമല്‍

Published : 1st July 2018 | Posted By: G.A.G


തിരുവനന്തപുരം: മലയാള സിനിമ ആവിഷ്‌ക്കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സംസ്‌കാര സാഹിതിയുടെ പ്രതിരോധത്തിന്റെ വര്‍ത്തമാനം സംസ്ഥാന ശില്‍പശാലയില്‍ സിനിമയും സ്വാതന്ത്ര്യവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാന്‍മാരെന്ന് നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാല് പെണ്‍കുട്ടികള്‍ ഇതിനെതിരേ മുന്നോട്ടുവന്നത് ചരിത്രമാണ്. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ട് തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല. അതു പ്രതീക്ഷിക്കുന്ന നമ്മള്‍ വിഢികളാണ്. ചലച്ചിത്രകാരന്‍മാര്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത് സമൂഹത്തിന് ദ്രോഹം ചെയ്യുന്നതാണെന്നു കമല്‍ വ്യക്തമാക്കി. സിനിമാ നിരൂപകന്‍  സിഎസ് വെങ്കിടേശ്വരന്‍, സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, എന്‍വി പ്രദീപ്കുമാര്‍ പ്രസംഗിച്ചു. ഫാഷിസവും എഴുത്തും ജീവിതവും എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍,  നെയ്യാറ്റിന്‍കര സനല്‍ സംസാരിച്ചു. സ്ത്രീ മുന്നേറ്റവും സാഹിത്യവും എന്ന വിഷയം ഡോ. മിനി പ്രസാദ് അവതരിപ്പിച്ചു. ലതിക സുഭാഷ്, ജോളി സക്കറിയ, ഓമന ഉണ്ണി, നിഷ സോമന്‍ പ്രസംഗിച്ചു. മാധ്യമങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ എംജി രാധാകൃഷ്ണന്‍, സി ഗൗരീദാസന്‍ നായര്‍, സണ്ണിക്കുട്ടി എബ്രഹാം പ്രസംഗിച്ചു. സമാപന സമ്മേളനം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. ഡോ. എംആര്‍ തമ്പാന്‍ അധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, അനി വര്‍ഗീസ്, മോഹന്‍ജി വെണ്‍പുഴശേരി, പ്രവീണ്‍ ഇറവങ്കര, പ്രദീപ് പയ്യന്നൂര്‍, വൈക്കം എംകെ ഷിബു, കാരയില്‍ സുകുമാരന്‍, കെആര്‍ജി ഉണ്ണിത്താന്‍, കെഎം ഉണ്ണികൃഷ്ണന്‍, രാജേഷ് മണ്ണാമൂല പ്രസംഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss