|    Sep 26 Wed, 2018 10:39 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മലയാള സിനിമ വിചാരണ ചെയ്യപ്പെടണം

Published : 24th January 2017 | Posted By: fsq

ശ്രുതീഷ് കണ്ണാടി

വരേണ്യ കഥാപാത്രങ്ങള്‍ കുത്തിനിറച്ച കച്ചവട ഫോര്‍മുലകളിലൂടെയോ അതല്ലെങ്കില്‍ ചലച്ചിത്രോല്‍സവങ്ങളെ മാത്രം ലക്ഷ്യംവച്ചോ പുറത്തിറങ്ങുന്ന സവര്‍ണ മലയാള സിനിമാമേഖലയ്ക്ക് ഉള്‍ക്കൊള്ളാനാവുന്നതിനും അപ്പുറമാണ് വിസാരണൈ ഉള്‍പ്പെടെയുള്ള സമീപകാല തമിഴ് സിനിമകള്‍. കാക്കമുട്ടൈ, കബാലി, ഇരൈവി, മദ്രാസ് തുടങ്ങിയ വളരെ കൃത്യമായ രാഷ്ട്രീയം സംവദിക്കുന്ന മികച്ച ഒരുപിടി ചിത്രങ്ങള്‍ ഈയടുത്ത കാലത്ത് തമിഴ് ചലച്ചിത്ര മേഖലയുടെ സംഭാവനകളാണ്. നിലവിലെ പോപുലര്‍ കള്‍ച്ചര്‍ എന്ന വരേണ്യ നിര്‍മിതിയെ അതിസമര്‍ഥമായി പൊളിച്ചെഴുതുന്ന മികച്ച സാമൂഹിക-രാഷ്ട്രീയ ചിത്രങ്ങള്‍ തന്നെയാണ് ഇവയെല്ലാം. തമിഴ് ജനത സിനിമയുടെ അകത്തും പുറത്തുമുള്ള വരേണ്യ ഇടങ്ങളോട് കലഹിക്കുന്ന തരത്തിലേക്ക് ഉയരുന്ന ഘട്ടത്തിലും നായര്‍-നമ്പൂതിരി-ബ്രാഹ്മണ കഥാപാത്രങ്ങളിലും വരിക്കാശ്ശേരി മനകളിലും മലയാള സിനിമ ഇപ്പോഴും ഉടക്കിനില്‍ക്കുകയാണ്. പോപുലര്‍ കള്‍ച്ചറിന്റെ രൂപീകരണത്തില്‍ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു മാസ് മീഡിയം എന്ന നിലയില്‍ തന്നെ വേണം സിനിമയെ നാം വിലയിരുത്താന്‍. അത്തരമൊരു വായന സാധ്യമായാല്‍ മാത്രമേ കീഴാള ഇടങ്ങളെ ദൃശ്യവത്കരിക്കുന്ന, ഭരണകൂട ഹിംസകളെ ചോദ്യം ചെയ്യുന്ന, ജനാധിപത്യം സംസാരിക്കുന്ന, മേല്‍പറഞ്ഞ സിനിമകളുടെ പ്രസക്തി വ്യക്തമാവുകയുള്ളൂ. എന്നാല്‍, ജാതിയിടങ്ങളാല്‍ കെട്ടിപ്പടുത്ത മലയാള സിനിമാലോകം നവീനമായ കാഴ്ചപ്പാടുകളെ ബോധപൂര്‍വം തിരസ്‌കരിച്ച് നായര്‍ തറവാടിത്തത്തിന്റെ വീക്ഷണകോണില്‍ നിന്നു പുറത്തുകടക്കില്ലെന്ന കടുംപിടിത്തത്തില്‍ തന്നെ നില്‍ക്കുകയാണ്. മലയാള സിനിമയും അതിന്റെ ചുറ്റുപാടുകളും വരേണ്യമായിത്തന്നെ നിലനിര്‍ത്തേണ്ടത് ചിലപ്പോഴൊക്കെ പലരുടെയും ബോധപൂര്‍വമായ താല്‍പര്യമാണെന്നു സംശയിച്ചാലും തെറ്റുണ്ടെന്നു പറയാനാവില്ല. സെക്കുലര്‍ നാമകരണം മുതല്‍ വാര്‍പ്പുമാതൃകകള്‍ നിറഞ്ഞ കഥാപാത്രസൃഷ്ടി പോലും മലയാള സിനിമയുടെ വരേണ്യ മനോഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ഇത്തരം ചില സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്”വിസാരണൈ ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങള്‍ക്ക് പ്രസക്തി ഏറെയുണ്ടന്നു നിസ്സംശയം പറയേണ്ടിവരുന്നത്. ശക്തമായ കീഴാള രാഷ്ട്രീയ ഉണര്‍വുകളെ കുറിച്ചൊന്നുമല്ല വിസാരണൈയില്‍ പറയാന്‍ ശ്രമിക്കുന്നതെങ്കിലും ഭരണകൂട ഹിംസകളെക്കുറിച്ചു സംസാരിക്കുമ്പോഴും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും കീഴാള ശരീരങ്ങള്‍ കടന്നുവരുന്നതിന്റെ സ്വാഭാവിക രാഷ്ട്രീയം സിനിമ പങ്കുവയ്ക്കുന്നുണ്ട്. ഭരണകൂടങ്ങള്‍ക്കെല്ലാം ഒരേ മുഖമാണെന്നും ദേശം, രാഷ്ട്രീയം തുടങ്ങിയ അതിരുകള്‍ക്കപ്പുറം അവ ഉല്‍പാദിപ്പിക്കുന്നത് കൃത്യമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തന്നെയാണെന്നും ഏറ്റവും ശക്തമായ ഭാഷയില്‍ വിസാരണൈയില്‍ ദൃശ്യവത്കരിക്കുന്നുണ്ട്. ഭരണകൂട ഹിംസകള്‍ അന്യമല്ലാതായി മാറിയ ഇക്കാലത്ത് വിസാരണൈയില്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനു മൂര്‍ച്ചയേറെയുണ്ട്. ചിതറിക്കപ്പെട്ട ജീവിതങ്ങളിലൂടെ, അവരുടെ നിസ്സഹായതയിലൂടെ മുന്നേറുന്ന ഈ വെട്രിമാരന്‍ ചിത്രം ചില പൊള്ളയാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. ഭരണകൂട-സൈനിക അടിച്ചമര്‍ത്തലുകള്‍ കേവലം ഒരു ആരോപണമല്ലെന്നും, മറിച്ച്, അതിനു പിറകിലുള്ള നിക്ഷിപ്ത താല്‍പര്യങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചും അതിന്റെ ഹിംസാത്മക ഭാവങ്ങളും ചിത്രം വരച്ചുകാട്ടുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയെ അധികരിച്ച് ആഭ്യന്തര കുടിയേറ്റങ്ങളുടെയും തുടര്‍ന്നുണ്ടാകുന്ന സാമൂഹിക-സാംസ്‌കാരിക വെല്ലുവിളികളുമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. തൊഴില്‍ അന്വേഷിച്ചു ഗുണ്ടൂരിലേക്കു കുടിയേറിയ നാലു തമിഴ് യുവാക്കള്‍ നേരിടേണ്ടിവന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലൂടെയും അവരുടെ ആത്മസംഘര്‍ഷങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. കഥാപാത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ജാതിയിടങ്ങള്‍, അവ നേരിടേണ്ടിവരുന്ന വെല്ലുവിളികളുടെ രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയവ പ്രേക്ഷകര്‍ക്കു യുക്തിപൂര്‍വം വായിച്ചെടുക്കാവുന്നതാണ്. കീഴാള സാമൂഹിക ചുറ്റുപാടില്‍ നിന്നു കുടിയേറിവരുന്ന, അന്യതാത്വം പേറുന്ന അടിസ്ഥാന ജനവിഭാഗത്തിന് അധികാരിവര്‍ഗത്തോട്- ഭരണകൂടത്തോട്- നിരന്തരം കലഹിക്കേണ്ടതായി വരുന്നുവെന്ന വസ്തുത യാഥാര്‍ഥ്യബോധത്തോടെ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ തിക്തഫലമായി ചിതറിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നുണ്ടെന്നുകൂടി ചിത്രം മുന്നറിയിപ്പു നല്‍കുന്നു. അതേസമയം, അടിസ്ഥാന വര്‍ഗത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രക്ഷാകര്‍തൃത്വം തങ്ങളുടെ കൈകളില്‍ തന്നെയാണെന്ന മറുപുറവും ചിത്രം സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്. വരേണ്യ-കീഴാള ഇടങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് സംബന്ധിച്ച തുറന്ന കാഴ്ചകള്‍ മുന്നോട്ടുവയ്ക്കുക മാത്രമല്ല, ആ ഇടങ്ങളിലെ ജീവിതത്തെ സംബന്ധിച്ച സാമൂഹിക-സാംസ്‌കാരിക സവിശേഷതകള്‍ കൂടി വിസാരണൈ പ്രമേയമാക്കിയിട്ടുണ്ട് എന്നു വേണം മനസ്സിലാക്കാന്‍. ദേശ-രാഷ്ട്രസങ്കല്‍പങ്ങള്‍ ഇരകളാക്കി മാറ്റിയ ലക്ഷക്കണക്കിനു മനുഷ്യര്‍ ലോകത്താകമാനം പലായനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ സമാനമായ സാമൂഹിക-രാഷ്ട്രീയ അസ്തിത്വ പ്രശ്‌നങ്ങള്‍ ആഭ്യന്തര കുടിയേറ്റങ്ങളിലും സംഭവിക്കുന്നുണ്ടെന്ന വസ്തുത ചിത്രം ചേര്‍ത്തുപിടിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെല്ലാം കുറ്റവാളികളാണെന്ന പൊതുബോധം പേറുകയും കീഴാള ഇടങ്ങളെ സ്റ്റീരിയോടൈപ് സങ്കല്‍പത്തിനകത്തു തളച്ചിടുകയും ചെയ്യുന്ന മലയാള സിനിമയ്ക്ക് ഒരുപക്ഷേ വിസാരണൈയുടെ രാഷ്ട്രീയം മനസ്സിലായിക്കൊള്ളണമെന്നില്ല. സവര്‍ണ ശരീരത്തെ പിന്‍പറ്റിയല്ലാതെ കീഴാള പാത്രസൃഷ്ടിക്ക് ഇന്നുവരെ തയ്യാറാവാത്ത മലയാള സിനിമയിലെ മാടമ്പിമാര്‍ക്ക് ഇത്തരമൊരു ആഖ്യാനരീതി ദഹിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ് ദേശീയബോധം പേറുന്നുണ്ടെന്നു തുടക്കത്തില്‍ വിസാരണൈ സംശയം ജനിപ്പിക്കുമെങ്കിലും ആദ്യ പകുതിയോട് അടുക്കുന്നതോടെ സിനിമ അതിന്റെ വ്യക്തമായ രാഷ്ട്രീയ ഇടത്തിലേക്കു കടക്കുകയാണ്. ഭരണകൂട അടിച്ചമര്‍ത്തലിന്റെ ഭീകരമുഖം പ്രേക്ഷകര്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കാന്‍ വിസാരണൈക്ക് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന ജനതയോടു മാത്രമല്ല, തങ്ങള്‍ക്കു വഴങ്ങാത്ത വരേണ്യ ഇടങ്ങളില്‍ ജീവിക്കുന്നവരെയും ഭരണകൂടം വേട്ടയാടുന്നുണ്ടെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. പോപുലര്‍ കള്‍ച്ചറിന്റെ നിര്‍മിതിയില്‍ ഭീകരമായ പങ്കുവഹിക്കുന്ന സിനിമ പോലൊരു മാസ് മാധ്യമത്തെ ഇത്രയും ശക്തമായ ഭരണകൂട വിരുദ്ധ രാഷ്ട്രീയം പറയാന്‍ ഉപയോഗിച്ച സംവിധായക ബുദ്ധി അഭിനന്ദനം അര്‍ഹിക്കുന്നു. സമൂഹം വരച്ചിട്ട അതിരുകളെ മറികടക്കാന്‍ ശ്രമിക്കുകയും ജാത്യാധികാരഘടനകളോട് നിരന്തരം കലഹിക്കുകയും ചെയ്യുന്ന കീഴാള ശരീരങ്ങള്‍ ഇരകളാക്കപ്പെടുന്നതിന്റെ സ്വാഭാവിക രാഷ്ട്രീയം ഒരു പരിധി വരെ ആത്മാര്‍ഥമായി വിസാരണൈ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഭരണകൂടവും സിവിലിയന്‍മാരും തമ്മില്‍ ഒരുതരത്തിലുള്ള ജനാധിപത്യ ഇടപെടലുകളും സാധ്യമല്ലെന്നു പറയുന്ന ചിത്രം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അധികാരത്തിന്റെ അതിരുകളിലേക്കും വെളിച്ചംവീശുന്നു. കീഴാള രാഷ്ട്രീയ ഉണര്‍വുകള്‍ ഒരുതരത്തിലും ഇവിടെ പ്രമേയമാവുന്നില്ലെങ്കിലും ഇരകളാക്കപ്പെടുന്ന കറുത്ത ശരീരങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതില്‍ സംവിധായകന്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല എന്നതുതന്നെയാണ് പ്രധാനം. ഭരണകൂട ഹിംസകളെയും അതിന്റെ ജനാധിപത്യ വിരുദ്ധതയെയും മുഖ്യപ്രമേയമാക്കിയ ഒരു ചിത്രം ഭരണകൂടത്തിന്റെ അനുമതിയോടെ ഓസ്‌കറിനായി പരിഗണിക്കപ്പെട്ടുവെന്നത് അഭിനന്ദനീയമാണെങ്കിലും ആ തിരഞ്ഞെടുപ്പിന്റെ അസ്വാഭാവികതയോടുള്ള ചില ആശങ്കകളും പ്രേക്ഷകരില്‍ ഉണ്ടായേക്കാം. ഭരണകൂട ഭാഷ്യത്തില്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്ന പലരുടെയും പിറകില്‍ യാഥാര്‍ഥ്യങ്ങളുടെ മറ്റൊരു ലോകം തന്നെയുണ്ടെന്നും അത് ഇരകളുടെ നിസ്സഹായതയില്‍ നിന്നു പണിതുയര്‍ത്തിയതാണെന്നുമുള്ള ശക്തമായ ഒരു ബോധം വിസാരണൈ മുന്നോട്ടുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടുവില്‍, പ്രതീക്ഷിച്ച പോലെ ഇരകളായ നാലു ചെറുപ്പക്കാരും, മനസ്സു കൊണ്ടെങ്കിലും അവരോടൊപ്പം നിന്ന പോലിസുകാരനും സഹപ്രവര്‍ത്തകരുടെ വെടിയേറ്റു കൊല്ലപ്പെടുകയാണ്. ശബ്ദിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ, വിരല്‍ ചൂണ്ടുന്നവരെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുന്ന ഭരണകൂട ഫാഷിസ്റ്റ് നയമാണ് ചിത്രം വരച്ചിടുന്നത്. സിനിമയില്‍ അവസാനത്തെ വെടി മുഴങ്ങിയപ്പോള്‍ ആദ്യം ഓര്‍മകളിലേക്കു കടന്നുവന്നത് ഭോപാലിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നു. എത്ര നിസ്സാരമായിട്ടായിരുന്നു ഭരണകൂടം ഒരു പോലിസുകാരന്‍ ഉള്‍പ്പെടെ എട്ടു സിമി പ്രവര്‍ത്തകരെ കൊന്നുതള്ളിയത്? വിഭിന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നതില്‍ ലോകത്തുള്ള ഭരണകൂടങ്ങള്‍ക്കെല്ലാം ഒരേ നിലപാടു തന്നെയാണെന്നതില്‍ നമുക്കൊരു തര്‍ക്കത്തിന്റെ ആവശ്യമില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഭരണകൂട ഹിംസകളുടെ ആയിരക്കണക്കിന് ഇരകളെ നമുക്കു കണ്ടെത്താനാവും. ജാതിയധികാരത്തിന്റെ സവിശേഷതകള്‍ അധികാരിവര്‍ഗത്തില്‍ പ്രകടമായി കാണാനാവുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ടതുണ്ടെന്നു കരുതുന്നില്ല. ഇവിടെ ഇരകളുടെ കറുത്ത ശരീരങ്ങള്‍ മാത്രമല്ല, മറിച്ച്, അവരുടെ സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകള്‍ തന്നെയാണ് ഭരണകൂട നടപടികള്‍ക്ക് അടിസ്ഥാന ജനത വിധേയമാകുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ആ രീതിയിലുള്ള ഒരു വായന കൂടി സാധ്യമാവുമ്പോള്‍ മാത്രമേ വിസാരണൈ ഇടയ്ക്ക് ബോധപൂര്‍വമോ അല്ലാതെയോ വിട്ടുപോയ ചില ഭാഗങ്ങള്‍ക്ക് വ്യക്തത കൈവരുകയുള്ളൂ. ജാതിയിടങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക ചുറ്റുപാടിനുള്ളില്‍ നിന്നുകൊണ്ട് ഹിംസകളെക്കുറിച്ചു സംവദിക്കാന്‍ ശ്രമിക്കുന്ന ഏതു കലാരൂപത്തിനും ജാതിയുടെ കൂടി പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയും അതിനെ അഭിസംബോധന ചെയ്യാതെയും ഒരുതരത്തിലും മുന്നോട്ടുപോവാന്‍ കഴിയില്ല എന്നുതന്നെയാണ് യാഥാര്‍ഥ്യം. ചുരുക്കത്തില്‍, വിസാരണൈ ഒരു മികച്ച ഭരണകൂടവിരുദ്ധ രാഷ്ട്രീയ സിനിമയാണെന്നു വിലയിരുത്തുമ്പോള്‍ പോലും അതു പ്രത്യക്ഷത്തില്‍ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്ന ചില സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്കു പ്രേക്ഷകനു സ്വമേധയാ കടന്നുചെല്ലേണ്ടിവരുന്നുണ്ട്. ചിത്രം അഭിസംബോധന ചെയ്യാതെ വിട്ടുകളഞ്ഞ ആ കറുത്ത ശരീരങ്ങളുടെ രാഷ്ട്രീയ ദൃശ്യതയിലേക്കു തുറന്നുവയ്ക്കുന്ന കാമറക്കണ്ണുകള്‍ ജനാധിപത്യ സിനിമാ മുന്നേറ്റങ്ങളുടെ കാലത്ത് ഒരിക്കല്‍ സാധ്യമാവുമെന്നു തല്‍ക്കാലം നമുക്ക് പ്രത്യാശിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss