|    Jan 19 Thu, 2017 1:55 am
FLASH NEWS

മലയാള സിനിമയില്‍ മാറ്റത്തിന്റെ ചുവടുമായി കന്യകാ ടാക്കീസ്

Published : 10th August 2015 | Posted By: admin

.

സുദേവന്റെ ക്രൈം നമ്പര്‍ 89 മൂന്നാഴ്ച തിയേറ്ററില്‍ കളിച്ച ധൈര്യത്തിലാണ് കെ.ആര്‍. മനോജ് കന്യകടാക്കീസ് തിയേറ്ററില്‍ എത്തിച്ചത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തില്‍ ഉദ്ഘാടനചിത്രമായും തിരുവനന്തപുരം മേളയില്‍ ഫിപ്രസി അവാര്‍ഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ട ഈ സിനിമയുടെ രണ്ടാംവരവില്‍ നിരൂപകരും സിനിമാവിദ്യാര്‍ഥികളും ഒരുപോലെ സന്തോഷത്തിലാണ്. സിനിമയുടെ ആ നല്ലകാലം പരിമിതമായെങ്കിലും തിരിച്ചെത്തിക്കാന്‍ കെ.എസ്.എഫ്.ഡി.സിക്കായെന്ന് അവര്‍ പറയുന്നു. നാലു പ്രധാന ഇന്ത്യന്‍ മേളകളില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരവും നിരൂപകപ്രശംസയും നേടിയ കന്യക ടാക്കീസ്, പ്രമേയത്തിലും പരിചരണത്തിലും ചിരസമ്മതമായ നടപ്പുരീതികളില്‍നിന്നു മാറി സഞ്ചരിച്ച സിനിമയാണ്.

ദാരിദ്ര്യവും പലായനവും പോലെ മൂന്നാംലോക രാജ്യങ്ങളിലെ സമാന്തരസിനിമകള്‍ നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുന്ന പ്രമേയപരിസരങ്ങളെ ഒഴിവാക്കിയതു തന്നെ പുതുമയായി. അശ്ലീലസിനിമകള്‍ ഉല്‍പ്പാദിപ്പിക്കുന്ന തൃഷ്ണയെ മതവും സമൂഹവുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന അന്വേഷണമാണ് മനോജ് ഈ സിനിമയിലൂടെ നടത്തുന്നത്. മനുഷ്യന്റെ പാപബോധങ്ങളെയും അടക്കിവച്ച ലൈംഗികകാമനകളെയും ധ്യാനാത്മകമായി ഈ ചിത്രം പിന്തുടരുന്നു. ടാക്കീസും പള്ളിയുംഒരു മലയോരഗ്രാമത്തിലെ ജനങ്ങളുടെ ഏക വിനോദോപാധിയായിരുന്നു യാക്കോബ് മുതലാളിയുടെ കന്യക ടാക്കീസ്. മലയാളത്തിലെയും തമിഴിലെയും കുടുംബസിനിമകള്‍ മുതല്‍ എല്ലാ തരം സിനിമകളും കന്യകയിലൂടെ ജനം കണ്ടു. ഇതിനിടയില്‍ നാട്ടുകാര്‍ക്ക് കമ്മ്യൂണിസത്തിന്റെ അസ്‌കിത പിടിപെടുന്നു. സിനിമ, ബൂര്‍ഷ്വാസിയുടെ ഇടമായി തോന്നാന്‍ തുടങ്ങിയതോടെ കാണികള്‍ കന്യക തിയേറ്റര്‍ കൈയൊഴിഞ്ഞു. പിടിച്ചുനില്‍ക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതായതോടെയാണ് യാക്കോബ് തന്റെ ടാക്കീസില്‍ അശ്ലീലസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

ഇതോടെ ജനം വിശപ്പിനെയും മാര്‍ക്‌സിനെയും മറന്ന് കന്യകയിലേക്ക് ഇരച്ചു കയറുന്നു. വൃദ്ധര്‍ വരെ കന്യക ടാക്കീസിലെ നിത്യസന്ദര്‍ശകരായി. ഇതിനിടയില്‍ യാക്കോബിന്റെ മൂത്ത മകള്‍ ഒളിച്ചോടി. ഭാര്യ കത്രീന ഹൃദയാഘാതം വന്ന് വിട്ടുപിരിഞ്ഞു. ഈ തിരിച്ചടികള്‍ അയാളെ ആകെ തളര്‍ത്തി. രണ്ടാമത്തെ മകളും മൂന്നാമത്തെ മകളും ഒളിച്ചോടിയതോടെ അയാള്‍ക്ക് ഭ്രാന്തുപിടിച്ച പോലെയായി. കന്യകടാക്കീസ് പള്ളിക്ക് എഴുതിക്കൊടുക്കാനും ശിഷ്ടകാലം പോട്ടയില്‍ ധ്യാനിച്ചിരിക്കാനും അയാള്‍ തീരുമാനിക്കുന്നു. കന്യക ടാക്കീസ് മലമുകളിലെ പള്ളിയായി        രൂപം മാറുന്നു. ആ പള്ളി യിലേക്കാണ് മൈക്കിളച്ചന്‍ എന്ന വികാരി ചാര്‍ജെടുക്കാനെത്തുന്നത്. പള്ളിമേടയില്‍ ഉറങ്ങാന്‍ കിടന്ന ഒരു രാത്രിയില്‍ മൈക്കിളച്ചന്‍ ഏതോ ഒരു സ്ത്രീയുടെ ശീല്‍ക്കാരശബ്ദം കേള്‍ക്കുന്നു. ഇടയ്ക്കു ചില സിനിമാ ഡയലോഗുകള്‍, പശ്ചാത്തലസംഗീതശകലങ്ങള്‍… പിന്നീടത് പതിവാകുന്നു. കുര്‍ബാനയ്ക്കിടയില്‍ സുവിശേഷത്തിനു പകരം അശ്ലീലസിനിമകളിലെ സംഭാഷണങ്ങള്‍ പറഞ്ഞുപോകും വണ്ണം കന്യകടാക്കീസ് അച്ചനെ കുടുക്കിയിടുകയാണ്.

കുടുംബകൂദാശ കൊള്ളാന്‍ വന്ന, വിവാഹമുറപ്പിച്ച പെണ്‍കുട്ടിയോടും അച്ചന്‍ പറഞ്ഞത് അശ്ലീലസിനിമയിലെ ഭാഷണങ്ങള്‍ തന്നെ. ”ഇല്ല, ഞാന്‍ വിടില്ല. കൊന്നാലും വിടില്ല. എനിക്കു നിന്നെ വേണം. അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നതില്‍ ഒരു പാപവുമില്ല…” തന്നെ വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങളെ ഒഴിവാക്കാന്‍ രഹസ്യമായി മന്ത്രവാദിയെയും വൈദ്യനെയും ഒക്കെ കാണാന്‍ ശ്രമിക്കുന്നുണ്ട് മൈക്കിളച്ചന്‍. വിശ്വാസചിന്തകള്‍ ലൈംഗികതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച പാപബോധത്തിന്റെ നേര്‍ചിത്രമായി അവിടന്നങ്ങോട്ട് സിനിമ മാറുകയാണ്. ടാക്കീസും പള്ളിയും രണ്ടു               രീതിയില്‍ മനുഷ്യരുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നുവെന്നാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്. പള്ളിയിലും ടാക്കീസിലും ആളുകള്‍ പോവുന്നത് മനശ്ശാന്തിക്കാണല്ലോ. പി.വി. ഷാജികുമാറിന്റെ കഥ സിനിമയ്ക്കു കൊള്ളാമെന്ന് മനോജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ഭാര്യ രഞ്ജിനികൃഷ്ണന്‍ തന്നെയാണ്. നിലവിലുള്ള സിനിമാരീതികളില്‍നിന്നു മാറി പുതിയൊരു തീമില്‍ സിനിമ ചെയ്യണം എന്നാഗ്രഹിച്ചിരുന്ന മനോജ് ഇത് സ്വീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര പ്രശസ്തനായ രാജീവന്‍ അയ്യപ്പനാണ് സൗണ്ട് ഡിസൈനിങും സംഗീതസംവിധാനവും നിര്‍വഹിച്ചത്. മലയാള സിനിമയ്ക്ക് ഏറെ പരിചിതരായ മുരളി ഗോപി മൈക്കിള്‍ അച്ചന്റെ വേഷം അനശ്വരമാക്കി. സുധീര്‍ കരമന, മണിയന്‍ പിള്ള രാജു, ബാലകൃഷ്ണന്‍, ലെന തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലും എത്തി. മൈക്കിളച്ചന്റെ അനുഭവങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ കാണിച്ച പിശുക്ക് സിനിമയുടെ മനോഹാരിതയെ തെല്ലൊന്ന് നശിപ്പിക്കുന്നുണ്ട്. മതാത്മകതയുടെ പരിമിതികള്‍ തന്നെയാണ് ഈ പിശുക്കിനു പിന്നിലെന്ന് മനോജ് പറയുന്നു. അതേസമയം സംവിധായകന്‍ ഉദ്ദേശിച്ച അര്‍ഥത്തില്‍ പ്രേക്ഷകര്‍ സിനിമയെ ഉള്‍ക്കൊണ്ടോ എന്നു സംശയമാണ്. മൈക്കിളച്ചനെ മനോരോഗിയായി കാണുന്ന പ്രേക്ഷകനും പഴയ സിനിമാകൊട്ടകകളുടെ നൊസ്റ്റാള്‍ജിക് ടൂര്‍ ഇല്ലാതെപോയതില്‍ പ്രതികരിച്ച പ്രേക്ഷകരും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

LE

ഫിലിംസൊസൈറ്റിയിലൂടെസിനിമയിലേക്ക്

മനോജിന്റെ കന്നി ഫീച്ചര്‍ഫിലിം ആണ് കന്യകടാക്കീസ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്ത് പനയമുട്ടം എന്ന ഉള്‍നാടന്‍ ഗ്രാമത്തിലാണ് മനോജിന്റെ ജനനവും കുട്ടിക്കാലവും. തിരുവനന്തപുരം നഗരത്തിലെ ഫിലിം ക്ലബ്ബുകള്‍ വഴിയും റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വഴിയും കലാമൂല്യമുള്ള സിനിമകളിലേക്ക് നടക്കാനായി. ആദ്യത്തെ ഷോര്‍ട്ട് ഫിലിം അഗ്നിയാണ്. സിതാരയുടെ കഥയെ ആസ്പദമാക്കി 2003ല്‍ ആയിരുന്നു ഇത്. പിന്നീട് രണ്ടു ഡോക്യുമെന്ററി സിനിമകള്‍, 16 എം എം മെമ്മറീസ് മൂവ്‌മെന്റ് ആന്റ് എ മെഷീനും എ പെസ്റ്ററിങ് ജേര്‍ണിയും എഴുപതുകളിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ കുറിച്ചായിരുന്നു. 2007ല്‍ പുറത്തുവന്ന 16 എം.എം. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. എ പെസ്റ്ററിങ് ജേണിക്ക് 2010ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നേര്‍ക്കാഴ്ചയായിരുന്നു ഈ സിനിമ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക