|    Jan 23 Mon, 2017 10:04 am
FLASH NEWS

മലയാള ഭാഷയില്‍ ലേഖനങ്ങളെഴുതി ഗിന്നസ് മാടസ്വാമി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍

Published : 6th October 2016 | Posted By: Abbasali tf

പീരുമേട്: സാമൂഹിക പ്രവര്‍ത്തകനും ഏലപ്പാറ പോസ്റ്റ് മാസ്റ്ററുമായ ഗിന്നസ് മാടസ്വാമി മലയാള ദിനപത്രങ്ങളിലെ എഡിറ്റോറിയല്‍ പേജുകളില്‍ നൂറോളം ലേഖനങ്ങള്‍ എഴുതിയതിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി. കഴിഞ്ഞ സപ്തംബര്‍ മുതലാണ് ഇദ്ദേഹം വിവിധ മലയാള ദിനപത്രങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ലേഖനങ്ങള്‍ എഴുതിയത്. ഐക്യരാഷ്ട്രസഭയുടെ ദിനാചരണങ്ങള്‍, അഴിമതി, സമാധാനം, പരിസ്ഥിതി, ജനസംഖ്യ, ടൂറിസം, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇദ്ദേഹം എഴുതിയ ലേഖനങ്ങളുടെ വിഷം.ഒരു വര്‍ഷത്തിനുള്ളില്‍  ഇദ്ദേഹം 100 ലേഖനമാണ് എഡിറ്റോറിയല്‍ പേജുകളില്‍ എഴുതിയത്. തമിഴ് വംശജനായ ഇദ്ദേഹം മലയാളത്തില്‍ ലേഖനങ്ങള്‍ എഴുതിയത് കൊണ്ടാണ് റെക്കോര്‍ഡ് കൈവരിക്കാന്‍ സാധിച്ചത്. മാടസ്വാമി 2011ല്‍ ലോകസമാധാനവും പരിസ്ഥിതിയും എന്നീ വിഷയത്തില്‍  30 മണിക്കൂറും ആറ് മിനിട്ടും തുടര്‍ച്ചയായി പ്രസംഗിച്ച് ഗിന്നസ് റെക്കോര്‍ഡ് ജേതാവായി. പിന്നീട് 2013ല്‍ വിവരാവകാശ നിയമം അനുസരിച്ച് ഒരു അപേക്ഷ നല്‍കി 600 ഓളം വ്യത്യസ്ത മറുപടികള്‍ ലഭിച്ചതിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍  ഇടം നേടി. സംസ്ഥാനത്ത് റോഡരികില്‍ അനാവശ്യമായി സൂക്ഷിച്ചിരിക്കുന്ന കെഎസ്ഇ ബിയുടെ വക കോണ്‍ക്രീറ്റ് പോസ്റ്റുകളുടെ കണക്കുകള്‍ തിരുവനന്തപുരത്ത് ആസ്ഥാനമായിട്ടുള്ള വൈദ്യുതി ഭവനില്‍ നിന്നു  ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ കണക്കുകള്‍ ഓഫിസില്‍ ലഭ്യമല്ലാത്തതുകൊണ്ട്  600 ഓളം വരുന്ന സെക്ഷന്‍ ഓഫിസുകളിലേയ്ക്ക് ഇദ്ദേഹത്തിന്റെ അപേക്ഷ അയച്ചുകൊടുത്തതിന്റെ ഫലമായാണ് ഇദ്ദേഹത്തിന് 600 ഓളം വ്യത്യസ്ത മറുപടി ലഭിച്ചത്. ഇതിലൂടെ ഇദ്ദേഹം ജോലി ചെയ്യുന്ന തപാല്‍ വകുപ്പിന് ലഭിച്ചത് 15000 രൂപയുടെ വരുമാനമാണ്. ലേഖനങ്ങള്‍ എഴുതിയതിലൂടെ  കരസ്ഥമാക്കിയ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് ഇദ്ദേഹത്തിന്റെ മൂന്നാമത്തെ  റെക്കോര്‍ഡാണ്. ഈ റെക്കോര്‍ഡ് സംബന്ധിച്ചുള്ള അറിയിപ്പ് ഫരീദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ് ടീമിന്റെ തലവനായ ഷഫാലിസിംഗ് ഇ.മെയിലിലൂടെ മാടസ്വാമിയെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക