|    Jan 17 Tue, 2017 10:23 am
FLASH NEWS

മലയാളി വിദ്യാര്‍ഥിയുടെ കൊല; പ്രതിഷേധം കത്തുന്നു

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ വിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മലയാളി സമൂഹത്തിന്റെ പ്രതിഷേധമിരമ്പി. സംഘടിതരായി തെരുവിലിറങ്ങിയ മലയാളികള്‍ രാത്രിയോടെ പാന്‍മസാലക്കട അഗ്നിക്കിരയാക്കുകയും മറ്റു ലഹരിവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. പ്രദേശത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനു മുമ്പും ഇവിടെ മലയാളികള്‍ക്കുനേരെ ഒട്ടേറെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തദ്ദേശീയരുടെ ആക്രമണത്തില്‍ ഈ മേഖലയില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.
ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും ഡല്‍ഹി പോലിസ് അനങ്ങാപ്പാറനയം സ്വീകരിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ലാല്‍ ബഹാദൂര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കൈമാറണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതിന് പോലിസ് തയ്യാറായില്ല. ഇതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കൈമാറുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ നിലപാട് സ്വീകരിച്ചത്. ഇതോടെ ആശുപത്രി പരിസരത്തേക്ക് മലയാളികള്‍ ഒന്നടങ്കം ഒഴുകിയെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുമെന്ന് വ്യക്തമായതോടെ സ്ഥലം എംഎല്‍എ മനോജ്കുമാര്‍ ആശുപത്രിയിലെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസന്വേഷണം ഊര്‍ജിതമാക്കുമെന്നതടക്കമുള്ള ഉറപ്പ് എംഎല്‍എ നല്‍കിയതോടെയാണ് പ്രദേശവാസികള്‍ അയഞ്ഞത്. മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം പാ ന്‍കടയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുവിഭാഗം തീരുമാനിച്ചു. എന്നാല്‍, സ്ഥിതിഗതികള്‍ വഷളാക്കുമെന്ന തിരിച്ചറിവില്‍ മലയാളി അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ട് മാര്‍ച്ചിനു പകരം പ്രതിഷേധയോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനകം തന്നെ പാന്‍കട തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് യോഗം നടക്കുന്നതിനിടെ കട അഗ്നിക്കിരയാക്കുകയും ചെയ്തു. കനത്ത പോലിസ് സന്നാഹം പ്രദേശത്തുണ്ട്.
പ്രദേശത്ത് പാന്‍മസാല വി ല്‍പനക്കാരില്‍നിന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പതിവാണെന്ന് മലയാളികള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും പോലിസിന്റെ ഭാഗത്തുനിന്ന് ഇവരെ ന്യായീകരിക്കുന്ന സമീപനമാണുണ്ടായിട്ടുള്ളതെന്ന് സമീപവാസികള്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക