|    Jun 25 Mon, 2018 9:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലയാളി ദലിത് വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവം; അശ്വതിയില്‍ നിന്ന് മൊഴിയെടുത്തു

Published : 28th June 2016 | Posted By: SMR

കോഴിക്കോട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്‍ഖമര്‍ നഴ്‌സിങ് കോളജില്‍ റാഗിങ്ങിനിരയായ എടപ്പാള്‍ കാലടി കളരിക്കല്‍ പറമ്പ് അശ്വതി(18)യില്‍ നിന്ന് ഗുല്‍ബര്‍ഗ പോലിസ് ഇന്നലെ മൊഴിയെടുത്തു. മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു എഫ്‌ഐആര്‍ കര്‍ണാടക ഗുല്‍ബര്‍ഗ പോലിസിന് കൈമാറിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആറംഗസംഘം ഇന്നലെ കോഴിക്കോട്ടെത്തിയത്.
വനിതാ ഡിവൈഎസ്പി എസ് ജാന്‍വി, സിഐ ശങ്കര്‍ ഗൗഡപാട്ടില്‍ എന്നിവരാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച തെളിവെടുപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു. ലാപ്‌ടോപ്പിലാണ് തല്‍സമയ മൊഴി രേഖപ്പെടുത്തിയത്. മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് കുന്ദമംഗലം സ്വദേശി മോഹന്‍ദാസ് ആണ് ഹിന്ദിയില്‍ നടത്തിയ ചോദ്യം ചെയ്യലിന് ദ്വിഭാഷിയായി ഉണ്ടായിരുന്നത്. ചോദ്യം ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാല്‍ ഘട്ടം ഘട്ടമായാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.
കുട്ടിയുടെ അമ്മ, അമ്മാവന്‍മാരായ ഭാസ്‌കരന്‍, വേണു എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. നേരത്തേ നല്‍കിയ മൊഴി കൂടാതെ ചില കാര്യങ്ങള്‍ കൂടി അശ്വതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയുണ്ടായി. അഞ്ച് മാസമായി തുടര്‍ച്ചയായി റാഗിങിന് ഇരയായെന്നാണ് മൊഴിയിലുള്ളത്. സീനിയര്‍ വിദ്യാര്‍ഥികള്‍ നിനക്ക് ആരോടൊക്കെയാണ് ഇഷ്ടമുള്ളതെന്ന് ചോദിച്ചു. അവരുടെ പേരു പറഞ്ഞു. ആരോടാണ് ഇഷ്ടമില്ലാത്തതെന്ന് ചോദിച്ചു ഇഷ്ടമില്ലാത്തവരുടെ പേരും പറഞ്ഞു. ആ സമയത്താണ് ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിച്ചത്. താന്‍ നിലത്തുവീണു നിലവിളിച്ചപ്പോള്‍ മറ്റു വിദ്യാര്‍ഥികളാണ് ഗുല്‍ബര്‍ഗയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ ഒരു ദിവസം കാഷ്വാലിറ്റിയിലും മൂന്നു ദിവസം ഐസിയുവിലും കിടത്തി. ഇനി ഹോസ്റ്റലില്‍ കൊണ്ടുപോയി ഡ്രിപ്പ് നല്‍കാമെന്ന് പറഞ്ഞു നിര്‍ബന്ധിച്ചു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തി എടപ്പാള്‍ ആശുപത്രിയിലും തൃശൂര്‍ ആശുപത്രിയിലും ചികില്‍സ നല്‍കി. അസുഖം ഭേദമാവാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
റാഗിങ്ങിനു ഇരയാവുന്നതിനു മുമ്പ് വെക്കേഷന്‍ ആയതിനാല്‍ നാട്ടില്‍ പോവേണ്ടതായിരുന്നു. എന്നാല്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് ഹോസ്റ്റലില്‍ നിര്‍ത്തുകയായിരുന്നുവെന്നു പറയുന്നു. കറുത്തവളേ എന്നു വിളിച്ച് സ്ഥിരമായി പരിഹസിക്കാറുണ്ടെന്നും പറയുന്നു. വിവസ്ത്രയായി നൃത്തം ചെയ്യാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു. ഗുല്‍ബര്‍ഗ റൂറല്‍ എസ്പിക്ക് റിപോര്‍ട്ട് കൈമാറുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ നഴ്‌സിങ് കോളജിനെതിരേ നടപടിക്ക് സാധ്യതയുണ്ട്. മലയാളി ദലിത് വിദ്യാര്‍ഥിനി ക്രൂര റാഗിങിനിരയായ സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു പരിശോധനയില്‍ കണ്ടെത്തിയതായും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍. കൗണ്‍സില്‍ പ്രസിഡന്റ് ടി ദിലീപ്കുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. റാഗിങ് തടയാനുള്ള യുജിസി നിര്‍ദേശം നടപ്പാക്കിയിട്ടില്ല. കോളജിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കും.
അന്വേഷണ റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കര്‍ണാടകയില്‍ ആന്റി റാഗിങ് സെല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ്, മെഡിക്കല്‍ കോളജുകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണപ്രകാശ് പാട്ടീല്‍ പറഞ്ഞു. അധ്യാപകര്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയുടെ അന്വേഷണ റിപോര്‍ട്ട് ലഭിച്ചാലുടന്‍ കോളജിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss