|    Aug 20 Mon, 2018 4:18 pm
FLASH NEWS

മലയാളിയുവതി യുഎസില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം; സിബിഐക്ക് അനുമതി നിഷേധിച്ച നടപടി പുനപ്പരിശോധിക്കണം: ഹൈക്കോടതി

Published : 3rd August 2018 | Posted By: kasim kzm

കൊച്ചി: മലയാളി യുവതി അമേരിക്കയില്‍ മരിച്ച സംഭവത്തില്‍ വിദേശത്തെത്തി അന്വേഷണം നടത്താന്‍ സിബിഐക്ക് അനുമതി നിഷേധിച്ച നടപടി പുനപ്പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി. പാലക്കാട് കാവില്‍പാട് സ്വദേശിനി അനിത കാലിഫോര്‍ണിയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യണമെന്നും ഇതിനായി സിബിഐ നടപടി സ്വീകരിക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസേന്വഷണത്തിന് സിബിഐക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് അനിതയുടെ പിതാവ് കെ ഗോപിനാഥന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഭര്‍ത്താവുമൊത്ത് അമേരിക്കയില്‍ കഴിഞ്ഞിരുന്ന അനിത 2004 സപ്തംബര്‍ ഒമ്പതിനാണ് പൊള്ളലേറ്റ് മരിച്ചത്. നെയില്‍ പോളിഷ് വിരലില്‍ നിന്ന് നീക്കം ചെയ്യുന്നതിനിടെ സിഗരറ്റില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റെന്നായിരുന്നു ഭര്‍ത്താവ് സന്തോഷ് ഹരജിക്കാരനോടു പറഞ്ഞത്.
ഇതില്‍ സംശയം തോന്നിയ ഹരജിക്കാരന്‍ പാലക്കാട് ഹേമാംബിക പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സന്തോഷിനും മാതാപിതാക്കള്‍ക്കുമെതിരേ കേസെടുത്തിരുന്നു. സന്തോഷ് വിദേശത്തായതിനാല്‍ പോലിസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
2010 ല്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയെങ്കിലും ഇതു തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെയാണ് വിദേശത്ത് പോയി അന്വേഷണം നടത്താന്‍ സിബിഐ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയത്. കാലമേറെ കഴിഞ്ഞതിനാല്‍ അമേരിക്കയില്‍ പോയി അന്വേഷണം നടത്തുന്നത് ഫലപ്രദമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. 2007 നുശേഷം സന്തോഷ് നാട്ടിലേക്ക് വന്നിട്ടില്ലെന്ന് കോടതി വിലയിരുത്തി. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐയെ നിസഹായാവസ്ഥയിലാക്കുന്നത് ശരിയായ നടപടിയല്ല.
അതിനാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍ തീരുമാനം പുനപരിശോധിക്കണം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സന്തോഷിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യണം. ലുക്ക് ഔട്ട് നോട്ടീസോ റെഡ് കോര്‍ണര്‍ നോട്ടീസോ നല്‍കി ഇത് നടപ്പാക്കാനാവും. സന്തോഷിന്റെ പാസ്‌പോര്‍ട്ട് സംബന്ധിച്ചും ചില പ്രശ്‌നങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉടമ്പടിയിലെ സാധ്യത കൂടി കണക്കിലെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss