|    Jan 18 Wed, 2017 7:09 am
FLASH NEWS

മലയാളിയുടെ ബംഗാളിപ്പേടി

Published : 10th June 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

ചെമ്മീന്‍ സിനിമയില്‍ സലില്‍ ചൗധരി സംഗീതം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു ക്രൂരമായ തമാശ കേട്ടിട്ടുണ്ട്. 1965ല്‍ ഇറങ്ങിയ ആ സിനിമയില്‍ സലില്‍ ചൗധരി ആണ് സംഗീതം ചെയ്തതെന്നും ബംഗാളാണ് അദ്ദേഹത്തിന്റെ സ്വദേശമെന്നും ഒരു അമ്മ മകന്റെ സംശയം തീര്‍ത്തുകൊടുക്കുമ്പോള്‍ ആ കുട്ടി ചോദിച്ചത്രെ, അന്നുമുതലേ ബംഗാളികള്‍ ഇവിടെ പണിക്കു വരാറുണ്ടായിരുന്നോയെന്ന്. പക്ഷേ, ഈ തമാശ ഒരു കാര്യം വ്യക്തമാക്കിത്തരുന്നുണ്ട്. മലയാളികള്‍ക്ക് ബംഗാളിയല്ല പ്രശ്‌നം, ബംഗാളി എന്ന് ഇപ്പോള്‍ അവര്‍ മനസ്സിലാക്കുന്ന ആള്‍ക്കാരോടാണ്. അവരോടാണ് മലയാളികളുടെ ഇടയിലെ ‘ബംഗാളിപ്പേടി’ നിലനില്‍ക്കുന്നത്. സത്യജിത് റായ്, ബുദ്ധദേവ് ദാസ്ഗുപ്ത, മൃണാള്‍സിങ്, ഋതുപര്‍ണ ഘോഷ്, അപര്‍ണാ സെന്‍ തുടങ്ങിയ സിനിമാ സംവിധായകരായ ബംഗാളികളോട് പ്രശ്‌നമില്ല. നന്ദിതാ ബോസ് അടക്കമുള്ള നടികളും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍നിന്നാണെങ്കിലും അമലയെന്ന ബംഗാളി നടി ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക് എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധനേടി. സലില്‍ ചൗധരി ചെമ്മീനില്‍ സംഗീതം ചെയ്യാന്‍ കുട്ടനാട് കുറച്ചുനാള്‍ താമസിക്കുകയും ചെയ്തു. മലയാള സിനിമയുടെ ‘മലയാളിത്തത്തെ’ ഉണ്ടാക്കാന്‍ അപ്പോള്‍ ബംഗാളികളും വേണ്ടിവന്നു എന്ന് ചുരുക്കം. എന്നാല്‍, ഇന്നു കേരളത്തിലെ പൊതുയിടത്ത് ദൃശ്യത/ശബ്ദ സാന്നിധ്യം നേടിയിട്ടുള്ള ബംഗാളികളോടാണ് മലയാളിക്ക് ഇപ്പോള്‍ പ്രശ്‌നം. അതാരാണ്?
മലയാളിയുടെ ബംഗാളിപ്പേടി കൃത്യമായും കേരളത്തില്‍ തൊഴിലെടുക്കാന്‍ എത്തുന്ന കീഴാളരോടാണ്, കൂടുതലും കീഴാളജാതികളില്‍പ്പെട്ട തൊഴിലാളികളോടാണ്. എന്റെ സുഹൃത്ത് രെജേഷ് പോള്‍ സൂചിപ്പിച്ചതുപോലെ അസമില്‍ നിന്നോ ഒഡീഷയില്‍ നിന്നോ എവിടെ നിന്നു വന്നാലും ഇവര്‍ മലയാളികള്‍ക്ക് ബംഗാളിയാണ്. ബംഗാളി എന്നത് വടക്കു നിന്നോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നോ ഒക്കെ വരുന്നവരെ തിരിച്ചറിയാന്‍ കഴിയുന്ന ഒന്നായി മാറി. ഇവര്‍ക്കാണ് ഒരു ഭാരംപോലെ അതി’ബംഗാളിത്തം’ ഉള്ളത്. ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെയും ബുദ്ധിജീവി സിനിമാ പാരമ്പര്യത്തെയും ആരാധിക്കുന്ന മലയാളികള്‍ക്ക് ‘ഇതര’ സംസ്ഥാന തൊഴിലാളികളുടെ കീഴാളത്തം അറപ്പുളവാക്കുന്നു. അവര്‍ പൊതുയിടത്ത് ‘മനസ്സിലാവാത്ത’ ഭാഷ ഉറക്കെ സംസാരിക്കുന്നത് മലയാളികള്‍ക്ക് അസ്വസ്ഥത ഉളവാക്കുന്നു.
ഈ ‘അന്യ’രോട് തോന്നുന്ന വിദ്വേഷത്തിന്റെ ജാതീയ ഉള്ളടക്കം മനസ്സിലാക്കാന്‍ മറ്റൊരു ഉദാഹരണം തമിഴരോടുള്ള സമീപനമാണ്. ഈ അടുത്തകാലത്ത് ഒരു തമിഴ് നാടോടി സ്ത്രീയെ ബസ്സില്‍നിന്ന് ഇറക്കിവിട്ട സംഭവമുണ്ടായി. അതേപോലെ പഴയ ഒരു പത്ര റിപോര്‍ട്ടില്‍ തിരുവനന്തപുരത്ത് മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ഒരു സ്ത്രീ ശ്രമിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ ‘തമിഴ്‌നാട് സ്വദേശിനി എന്നു തോന്നിക്കുന്ന കറുത്ത് വണ്ണമുള്ള സ്ത്രീ’ എന്നാണ് എഴുതിയിരുന്നത്. ഈ നിലയ്ക്കാണ് കറുത്ത, ‘കീഴാളര്‍’ എന്നു തിരിച്ചറിയപ്പെടുന്ന അടയാളങ്ങളെക്കുറിച്ചുള്ള മലയാളി പൊതുധാരണകള്‍. ‘പാണ്ടികള്‍’ എന്ന് വിളിക്കുന്നതും കീഴാള തമിഴരെ തന്നെ. ലോറികള്‍ വരെ പാണ്ടിലോറിയെന്നു വിളിക്കുന്നത് വലിയ പുച്ഛത്തോടെയാണ്. എന്നാല്‍, ഈ മനോഭാവം ശ്രേഷ്ഠജാതിയില്‍പ്പെട്ട തമിഴരോടില്ല. ടി എം കൃഷണ ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ശാസ്ത്രീയ സംഗീതരംഗത്തെ പ്രമുഖരോട് മലയാളികള്‍ക്ക് കടുത്ത ആരാധനയാണ്. തമിഴ്‌നാട്ടില്‍നിന്ന് ഈ സംഗീതജ്ഞരെ കേരളത്തിലെ വേദികളിലേക്കു ക്ഷണിക്കുന്നതു തന്നെ വലിയ അഭിമാനത്തോടെയാണ്. ശ്രേഷ്ഠ സംസ്‌കാരം എന്ന് അടയാളപ്പെടുത്തിയിട്ടുള്ളതാണ് ഈ തമിഴരോട് ഇത്രയും ബഹുമാനമുണ്ടാക്കുന്നത്. ഈ ശ്രേഷ്ഠ സംഗീതജ്ഞരെ ‘പാണ്ടി’ എന്നു വിളിക്കാറില്ല. അതേപോലെ തന്നെയാണ് കേരളത്തിലെ ആര്യാസ് ‘പ്യുവര്‍’ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ കയറി ആഹാരം കഴിക്കുന്നതു തന്നെ അഭിമാനമായി കാണുന്നവരുണ്ട്. ‘അന്യ’സംസ്ഥാനക്കാരെ ‘അന്യര്‍’ ആക്കുന്നത് ജാതിയും കൂടിയാണ്.
മലയാളി/കേരളം എന്ന രൂപീകരണത്തില്‍ ജാതി വഹിച്ച പങ്ക് ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. തിരുവിതാംകൂറിലെ സര്‍ക്കാര്‍ ജോലികളിലെ തമിഴ് ബ്രാഹ്മണ ആധിപത്യത്തെ ചോദ്യംചെയ്ത 1891ലെ മലയാളി മെമ്മോറിയലും നായര്‍ തന്നെയാണ് മലയാളി എന്ന സങ്കല്‍പ്പത്തെ വികസിപ്പിക്കുന്നതിലെ ചുവടുവയ്പായിരുന്നു. സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കാനുള്ള ഈ മുന്നേറ്റങ്ങളും ‘ബ്രാഹ്മണവിരുദ്ധം’ ആയിരുന്നില്ല. ഈ മലയാളിബോധം കേരളം എന്ന് അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലത്തെ ആന്തരികമായ അപരര്‍ക്കെതിരേയാണ് വികസിച്ചത്. ദലിതരെയും ആദിവാസികളെയും മുസ്‌ലിംകളെയും പുറന്തള്ളിക്കൊണ്ട്തന്നെയാണ് ഈ ‘മലയാളിത്തം’ വികസിച്ചത്. ഈ ആന്തരികമായ ‘അപര’വല്‍ക്കരണവും ‘അന്യ’സംസ്ഥാന തൊഴിലാളികളോടുള്ള മലയാളി ബോധവും എങ്ങനെ ഒത്തു പോവുന്നു? അല്ലെങ്കില്‍ ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട വിവേചനത്തിന്റെയും വിടവുകളുടെയും പശ്ചാത്തലത്തില്‍ എങ്ങനെയാണ് ‘അന്യ’സംസ്ഥാന തൊഴിലാളികളോടുള്ള ഒരു മലയാളി ഉണ്ടാക്കപ്പെടുന്നത്?
ഭൂമിയുടെ കാര്യം തന്നെയെടുക്കുകയാണെങ്കില്‍ ഈ പുറത്തുനിന്നു വരുന്ന തൊഴിലാളികളെപ്പോലെ തന്നെ ഇവിടെ ഇടമില്ലാത്തവരാണ് ദലിതരും ആദിവാസികളും മുസ്‌ലിംകളും ട്രാന്‍സ് ജെന്‍ഡറുകളും. ഈ സമുദായ രൂപീകരണങ്ങളുടെ മാനദണ്ഡം വേറെയാണ്. ട്രന്‍സ് ജെന്‍ഡറുകളുടെ അവസ്ഥയെടുക്കാം. കേരളത്തില്‍ താമസിക്കാന്‍ കഴിയാതെ, കേരളത്തിലെ പൊതുയിടത്തെ ഹിംസകള്‍ താങ്ങാന്‍ കഴിയാതെ ബംഗളൂരുവിലോ ചെന്നൈയിലോ ഒക്കെ പോയി താമസിക്കേണ്ടി വരുന്നു. ഇന്ന് സാഹചര്യം മാറിവരുന്നുണ്ട്. ഇതേപോലെ ദലിതരും ആദിവാസികളും ഭൂമിയില്ലാത്തവരായി തുടരുന്നു. മുസ്‌ലിംകള്‍ സ്വന്തം നാട്ടില്‍ തന്നെ സംശയത്തോടെ വീക്ഷിക്കപ്പെടുന്നു. ‘അപരത്വം’ ഒരു ഭാരംപോലെ കൊണ്ടുനടക്കേണ്ടിവരുന്നു. ഈ വിവേചനങ്ങളുടെ ഇടയില്‍ മലയാളി എന്ന സമുദായം നിലവില്‍ വരുന്നത് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തമിഴ്‌നാട്ടുകാര്‍ക്കെതിരായ വംശീയവെറിയിലൂടെയും ബംഗാളിപ്പേടിയിലൂടെയുമാണ്.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യം തന്നെ നോക്കുക. ഒരുഭാഗത്ത് ജാതീയതയുടെ ഏറ്റവും പ്രകടമായ ഹിംസ നിലനില്‍ക്കുന്നു. മറുഭാഗത്ത് പ്രതിസ്ഥാനത്തു സങ്കല്‍പിക്കപ്പെടുന്നത് ബംഗാളിയാണ്. ദലിത് ജീവിതസാഹചര്യങ്ങളും ദലിത് സ്ത്രീകള്‍ക്കെതിരായ ആക്രമണവും എല്ലാം വെളിവാക്കപ്പെട്ട ഈ കൊലപാതകത്തിന്റെ അവസരത്തില്‍ തന്നെയാണ് കൈലാഷ് ജ്യോതി ബെഹ്ര എന്ന അസമില്‍ നിന്നുള്ള തൊഴിലാളി കോട്ടയത്ത് നാട്ടുകാരുടെ കോടതിയില്‍ കൊലചെയ്യപ്പെടുന്നത്. ജിഷയുടെ കൊലപാതകത്തില്‍ ആദ്യം മുതലേ ബംഗാളിയെ തിരയുകയാണ് കേരള പോലിസ്. പോലിസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന രേഖാചിത്രവും ബംഗാളിയെകുറിച്ചുള്ള എത്‌നോഗ്രഫിക് ബോധങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ‘കുറ്റവാളി ഗോത്രമായി’ ഈ തൊഴിലാളികളെ കാണുന്ന മനോഭാവം തന്നെ വംശീയമായ ഹിംസയാണ്. ഇതിലൂടെ കുറ്റം തലയില്‍ കെട്ടിവയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ടവരായി അവരെ മാറ്റിക്കൊണ്ട് മലയാളികള്‍ക്ക് തടിയൂരാന്‍ കഴിയുന്നു.
ഭാഷാസംസ്ഥാന രൂപീകരണം എന്നു പറയുന്നതു മാത്രമാണ് കേരളം എന്ന ഒരതിരും അതിനു പുറത്തുള്ളവരെ ‘അന്യരും’ ആയി ചിന്തിക്കാന്‍ അവസരം നല്‍കുന്നത്. കേരളം എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഭൂമിശാസ്ത്രപരമായ ഇടത്ത് വ്യത്യസ്ത ഭാഷ സംസാരിക്കുന്ന എത്രയോ സമുദായങ്ങളുണ്ട്. കേരളം എന്ന അതിരിനെ നേര്‍ത്തതാക്കുന്ന ഭാഷാസമുദായങ്ങളുണ്ട്. തുളുവെന്ന ഭാഷയുടെ പരിസരം തന്നെ ഇതു മനസ്സിലാക്കിത്തരും. ബംഗാളിലെ സവര്‍ണ/വരേണ്യ സമുദായങ്ങളെയാണ് ഭദ്രലോക് എന്നു പറയുന്നത്. കേരളത്തിലെ ‘അന്യ’സംസ്ഥാനത്തെ ആള്‍ക്കാരോടുള്ള വിരോധം ജാതിയഭിമാനത്തിലും ഇടതു ബോധത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാവണം. കേരളത്തിന്റെ പുരോഗമനം ശ്രേഷ്ഠത എന്നത് തെളിഞ്ഞുകാണാന്‍ എപ്പോഴും ചില അപരരെ വേണം. ബിഹാര്‍ ആണ് മലയാളിയുടെ ‘മുന്നാക്കാവസ്ഥയെ’ എടുത്തുകാട്ടാന്‍ ഉപയോഗിക്കുന്ന ഒരു അപരദേശം. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന തൊഴിലാളികളുടെ പൊതുദൃശ്യതയാണ് മലയാളിയെ പേടിപ്പെടുത്തുന്നതും ആ പേടിയിലൂടെയാണ് മലയാളി അതിന്റെ ഹിംസാത്മകമായ ജാതിചരിത്രത്തെ മറയ്ക്കുന്നതും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 528 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക