|    Dec 19 Wed, 2018 3:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളത്തെ കരകയറ്റാം: പിണറായി

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ശമ്പളം ഒറ്റയടിക്കു നല്‍കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തെവിടെയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്ന് ആലോചിക്കണം. ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം നല്‍കണം. അങ്ങനെ നല്‍കിയാല്‍ പത്തു മാസം കൊണ്ട് 30 ദിവസത്തെ ശമ്പളം നല്‍കാനാവും. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തകരുന്നതിന് മുമ്പുള്ള കേരളമല്ല നമ്മുടെ ലക്ഷ്യം. മറിച്ച്, പുതിയൊരു കേരളമാണ്. ഇതു വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍, അതെല്ലാം സാധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്നാണ് കരുതുന്നത്. ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ഇവയെല്ലാം സര്‍ക്കാരിന് ഒറ്റയ്ക്കു ചെയ്യാനാവില്ല. സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരെയും സര്‍ക്കാര്‍ ഒപ്പം നിര്‍ത്തും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ബാങ്കുകളുടെ സഹായം തേടും. വായ്പ ലഭ്യമാക്കുന്നത് പരിഗണിക്കുന്നുണ്ട്. പുനര്‍നിര്‍മാണത്തിനായി ദേശീയ, രാജ്യാന്തര ഏജന്‍സികളുടെ സഹായം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം നേരിട്ട ദുരന്തത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു പൂര്‍ണബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ശുചിയാക്കും. ക്യാംപുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്കും പ്രളയം ബാധിച്ച സ്‌കൂളുകള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം സര്‍ക്കാരിനൊപ്പം: ചെന്നിത്തല

തിരുവനന്തപുരം: കേരളം പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാമ്പത്തികസഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയ്യാറാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. പ്രളയദുരിതത്തെ തുടര്‍ന്ന് ബന്ധുവീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss