|    Oct 23 Mon, 2017 8:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലയാളികളെ പുകഴ്ത്തിയതിന് നന്ദി പറഞ്ഞ് പിണറായി

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: മലയാളികളെ പുകഴ്ത്തി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ സുപ്രിംകോടതി മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിയും നന്ദി അറിയിച്ചത്.
മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്നും നിങ്ങളില്‍ ഞാന്‍ കാണുന്നത് ഇന്ത്യയുടെ സത്തയാണെന്നുമായിരുന്നു കട്ജുവിന്റെ പരാമര്‍ശം. കേരളത്തെക്കുറിച്ച് താങ്കള്‍ ഫേസ്ബുക്കിലെഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു മലയാളിയെന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും താങ്കളുടെ നല്ല വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നു. അങ്ങയുടെ പോസ്റ്റില്‍ സൂചിപ്പിക്കപ്പെട്ട പോലെ വ്യത്യസ്ത ദേശങ്ങളില്‍നിന്നും മതവിഭാഗങ്ങളില്‍നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ദലിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന ഒരു വാചകം താങ്കളുടെ പോസ്റ്റില്‍ കാണുകയുണ്ടായി. ചരിത്രപരമായി അത് തെറ്റാണെന്ന് സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടേതുമായ ഒരുകാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ജാതിവിവേചനങ്ങള്‍ക്കെതിരേയും ജാതീയതയെ ഉദ്ദീപിപ്പിച്ച ജന്മിത്വവ്യവസ്ഥയ്‌ക്കെതിരേയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നുകാണുന്ന ഒരു കേരളം കെട്ടിപ്പടുക്കാന്‍ സാധിച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ ഭാരതമൊന്നാകെ പടര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ ഭരണഘടനാശില്‍പ്പികള്‍ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാവുകയുള്ളൂ. അത് എത്രയും പെട്ടെന്ന് സാധ്യമാവുമെന്ന് പ്രത്യാശിക്കുന്നതായും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
പറഞ്ഞത് സുഖിപ്പിക്കാന്‍
വേണ്ടിയല്ലെന്ന് കട്ജു
ന്യൂഡല്‍ഹി: മലയാളികളെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സുഖിപ്പിക്കലല്ലെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മലയാളികളെ പുകഴ്ത്തിയുള്ള തന്റെ കുറിപ്പിന് വിശദീകരണം നല്‍കിയാണ് കട്ജു വീണ്ടും ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
വോട്ടിനു വേണ്ടിയല്ല അതൊന്നും പറഞ്ഞത്. കേരളത്തിലോ മറ്റെവിടെയെങ്കിലുമോ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും കട്ജു വ്യക്തമാക്കി. ബഹുസ്വര ഇന്ത്യയുടെ സമ്പൂര്‍ണ പ്രതിനിധികള്‍ നിങ്ങളാണ്. വടക്കന്‍ അമേരിക്ക പോലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇന്ത്യക്കാര്‍. ഇന്ത്യയുടെ സത്ത നിങ്ങളിലാണ് ഞാന്‍ കണ്ടത്. അതുകൊണ്ട് നിങ്ങളാണ് ഇന്ത്യക്കാരില്‍ ഏറ്റവും മികച്ചവര്‍. എല്ലാ ഇന്ത്യക്കാരും നിങ്ങളെ കണ്ടാണ് പഠിക്കേണ്ടതെന്ന് പറഞ്ഞ കട്ജു കേരളക്കാര്‍ നീണാള്‍ വാഴട്ടെയെന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക