|    May 27 Sat, 2017 12:40 am
FLASH NEWS

മലയാളികളെ കാണാതായ സംഭവം: അന്വേഷണസംഘം പടന്നയില്‍ തെളിവെടുപ്പ് നടത്തി

Published : 8th August 2016 | Posted By: SMR

തൃക്കരിപ്പൂര്‍: സംസ്ഥാനത്തുനിന്നു 21 പേരെ കാണാതായതുമായി ബന്ധപ്പെട്ടു പ്രത്യേക അനേഷണസംഘം ഇന്നലെ പടന്നയില്‍ തെളിവെടുപ്പ് നടത്തി. ബിഹാര്‍ സ്വദേശിനിയായ യാസ്മിന്‍ മുഹമ്മദി(29)നെ എത്തിച്ചാണ് അനേഷണസംഘം തെളിവെ—ടുപ്പിനെത്തിയത്.
പടന്നയില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഡോ. ഇജാസിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ യുവതിയെയുംകൊണ്ട് പോലിസ് എത്തിയത്. അതീവ രഹസ്യമായാണ് പോലിസ് ഇവരെ തെളിവെടുപ്പിനു കൊണ്ടുവന്നത്. തെളിവെടുപ്പ് നടത്തുന്നത് ചന്തേര പോലിസ് സ്‌റ്റേഷനില്‍പോലും അറിയിച്ചിരുന്നില്ല. എന്നാല്‍, ഉടുംബുന്തലയിലെ അബ്ദുര്‍റാഷിദിന്റെ വീട്ടിലും നേരത്തേ ജോലി ചെയ്തിരുന്ന സ്‌കൂളിലും യാസ്മിനെ കൊണ്ടുപോയില്ല. ഏതാനും മിനിറ്റ് നേരംകൊണ്ട് പരിശോധനയും തെളിവെടുപ്പും പൂര്‍ത്തിയാക്കി പോലിസ്‌സംഘം മടങ്ങി. തിരോധാന കേസ് അനേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഡിവൈഎസ്പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. യാസ്മിനെ കണ്ണൂര്‍ വനിതാ ജയിലില്‍നിന്ന് കനത്ത സുരക്ഷയില്‍ കാസര്‍കോട് കോടതിയില്‍ എത്തിച്ച ശേഷമായിരുന്നു പോലിസിനു കൈമാറിയത്.
മലയാളികളുടെ തിരോധാന കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് യാസ്മിനെ കേരള പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ നാലുവയസ്സുള്ള കുട്ടിയെയും ഒപ്പം കൂട്ടിയിരുന്നു. ഏറ്റെടുക്കാന്‍ ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുട്ടിയും മാതാവിനോടൊപ്പം തന്നെയുണ്ട്.
യാസ്മിന്‍ നേരത്തേ ജോലിചെയ്തിരുന്ന കൊല്ലത്തും കോട്ടക്കലിലും സുരക്ഷാപ്രശ്‌നത്തിന്റെ പേരില്‍ തെളിവെടുപ്പിനു കൊണ്ടുപോവാനായില്ല. പടന്നയില്‍നിന്നു കാണാതായ ഡോ. ഇജാസിന്റെ വീട്ടില്‍ തെളിവെടുപ്പിനു കൊണ്ടുപോയപ്പോള്‍ ബന്ധുക്കള്‍ യാസ്മിനെ തിരിച്ചറിഞ്ഞിരുന്നു. വിവാഹശേഷം യാസ്മിനെ ബന്ധുക്കള്‍ അന്വേഷിക്കാറില്ലെന്നും ബംഗളൂരുവിലാണ് പഠിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day