|    Mar 28 Tue, 2017 2:16 am
FLASH NEWS

മലയാളികളെ കാണാതായ സംഭവം: ബിഹാര്‍ സ്വദേശിനിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 6th August 2016 | Posted By: SMR

കാസര്‍കോട്: തൃക്കരിപ്പൂര്‍ സ്വദേശികളടക്കം സംസ്ഥാനത്തുനിന്ന് 21 പേരെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത ബിഹാര്‍ സ്വദേശിനി യാസ്മിനെ മൂന്നുദിവസത്തേക്കു ജില്ലാ സെഷന്‍സ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍റഷീദിന്റെ സുഹൃത്തായ ബിഹാര്‍ സ്വദേശിനി യാസ്മിനെ ഡല്‍ഹി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍വച്ചാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി സമര്‍പ്പിച്ച ഹരജിയിലാണു ജില്ലാ സെഷന്‍സ് കോടതി ഇന്നലെ കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു വന്‍ സുരക്ഷയോടെയാണു യുവതിയെ നാലുവയസ്സ് പ്രായമുള്ള കുട്ടിയോടൊപ്പം കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞ ജൂലൈ 10ന് ചന്തേര പോലിസ് തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളിലെ 17 പേരെ കാണാതായെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് യുഎപിഎ ചുമത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് അബ്ദുര്‍റഷീദിന് ബിഹാര്‍ സ്വദേശിനിയുമായി ബന്ധമുണ്ടെന്നു വ്യക്തമായത്. യുവതിക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്.
യാസ്മിനെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കാണാതായവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരിക്കൂവെന്ന് പോലിസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ കോടതിയില്‍ വാദിച്ചു. യാസ്മിന്‍ തീര്‍ത്തും നിര്‍വികാരയായാണു കോടതിയില്‍ ഹാജരായത്. ചോദ്യംചെയ്യലിനോട് പൂര്‍ണമായും സഹകരിക്കാമെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം റഷീദ് നിര്‍ബന്ധിച്ചല്ല അദ്ദേഹത്തിന്റെ ഭാര്യ ആയിഷ മതംമാറിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണു മതം സ്വീകരിച്ചതെന്നും ഇതിനുശേഷം കോഴിക്കോട്ടുനിന്നും വിവാഹിതരാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day