|    Jun 24 Sun, 2018 10:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലയാളികളുടെ തിരോധാനം: മുസ്‌ലിം വിരുദ്ധ വികാരം പടര്‍ത്താന്‍ ശ്രമം

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: കാസര്‍കോട് നിന്നും പാലക്കാട് നിന്നും മലയാളികളെ കാണാതായ സംഭവത്തിന്റെ പേരില്‍ മുസ്‌ലിംവിരുദ്ധ വികാരം പടര്‍ത്താന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ തിരോധാനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളുടെ നിജസ്ഥിതി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മലയാളികളെ കാണാതായ പ്രശ്‌നമുണ്ടായപ്പോള്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ മുതലെടുപ്പിനു ശ്രമിക്കുന്നുണ്ട്. അവരുടെ ഉദ്ദേശ്യം എന്താണെന്നതു വ്യക്തമാണ്. സംസ്ഥാനം ഗൗരവമായി കാണേണ്ട പ്രശ്‌നമാണിത്. ഭീകരവാദത്തിനും തീവ്രവാദത്തിനും മതാടിസ്ഥാനമില്ല. എല്ലാ മതത്തില്‍പ്പെട്ടവരും തീവ്രവാദികളും ഭീകരവാദികളുമായി മാറുന്നുണ്ട്. ഭീകരവാദത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളെ യോജിപ്പിച്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാത്തതാണ് നമ്മുടെ നാട്. മുസ്‌ലിംകളിലെ മഹാഭൂരിപക്ഷം ആളുകളും ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ ചിന്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്നവരാണ്. ഒരു ചെറിയ വിഭാഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അടിപ്പെടാനുള്ള പ്രവണത കാണിക്കുന്നത്. ഇതു തടയുന്നതിന് സര്‍ക്കാര്‍ നടപടികള്‍ മാത്രം മതിയാവുമെന്ന നിലപാടെടുക്കരുത്. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ പൊതുബോധം ഉയര്‍ത്താന്‍ ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കണം. എല്ലാ ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ തിരുത്താനും ഒറ്റപ്പെടുത്താനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി കരുണാകരന്‍ എംപിയും എം രാജഗോപാല്‍ എംഎല്‍എയുമാണ് നിവേദനത്തിലൂടെ ഈ പ്രശ്‌നം സമൂഹശ്രദ്ധയില്‍ ആദ്യം കൊണ്ടുവന്നത്. കേരളത്തില്‍നിന്ന് ചില യുവതീയുവാക്കള്‍ ഐഎസില്‍ ചേരാനായി സിറിയയില്‍ പോയതായും സിറിയയിലും അഫ്ഗാനിലുമുള്ള ഐഎസ് ക്യാംപില്‍ എത്തിയതായും സംശയിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. അതേസമയം, കേരളത്തില്‍നിന്ന് കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇത്തരത്തില്‍ വാര്‍ത്തകളുണ്ടെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. കാസര്‍കോട് നിന്ന് 17 പേരെയും പാലക്കാട് നിന്ന് നാലുപേരെയും കാണാതായെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
കാസര്‍കോട്ടെ 17 പേരില്‍ എട്ടു യുവാക്കളും ആറു യുവതികളും മൂന്നുകുട്ടികളും ഉള്‍പ്പെടുന്നു. രണ്ടു യുവാക്കളും രണ്ടു യുവതികളുമാണ് പാലക്കാട് നിന്നു പോയത്. കാസര്‍കോട് നിന്ന് പോയതില്‍ ഫിറോസ് എന്നയാളെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് പിടികൂടിയതായാണ് അറിയുന്നത്. കാണാതായ എല്ലാവരും വ്യത്യസ്ത ആവശ്യങ്ങള്‍ പറഞ്ഞാണ് വീടുകളില്‍നിന്നു പോയത്. സിറിയയിലെത്തിയശേഷം ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നതാണ് പത്രവാര്‍ത്തയെന്നും പിണറായി നിയമസഭയില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss