|    Jan 24 Tue, 2017 8:51 pm
FLASH NEWS

മലയാളികളുടെ തിരോധാനം: വിദേശ സഹായം തേടും; ഐഎസ് ബന്ധത്തിനു തെളിവില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യങ്ങളില്‍ സംസ്ഥാനത്തുനിന്നു കാണാതായവരെ കണ്ടെത്താന്‍ അവരുണ്ടെന്നു സംശയിക്കുന്ന രാജ്യങ്ങളുടെ സഹായം തേടും. ഇന്നലെ ഡല്‍ഹിയില്‍ നടന്ന കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെ യോഗത്തിലാണു തീരുമാനം.
കേരളത്തിലെ തിരോധാനം ചര്‍ച്ചചെയ്തതായും ഐഎസ് ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള തെളിവു ലഭിച്ചിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുത്തശേഷം സംസ്ഥാന ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നെന്ന് കരുതാന്‍ മാത്രമുള്ള തെളിവുകളില്ല. അതേസമയം, ഇവര്‍ ഐഎസുമായി ബന്ധം സ്ഥാപിച്ചിരിക്കാനും ഐഎസ് സ്വാധീന മേഖലയിലേക്കു പോവാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും യോഗം വിലയിരുത്തി. ഐഎസ് സാന്നിധ്യം സംബന്ധിച്ച് ജാഗ്രതപാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വീണ്ടും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ വിഷയങ്ങളാണ് ഗൗരവമായി ചര്‍ച്ചചെയ്തത്. ഇവരെക്കുറിച്ച് സംസ്ഥാന പോലിസിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും ഇതുവരെ ലഭിച്ച വിവരങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.
കേരളത്തില്‍നിന്നു കാണാതായവരെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങള്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് കേരളത്തിനു കൈമാറിയിട്ടുണ്ട്. കാണാതായ മലയാളികള്‍ യാത്രചെയ്തതായി കരുതുന്ന ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഓഫിസുകളുടെ സഹായം തേടാനും യോഗത്തില്‍ തീരുമാനിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പോലിസ്, രഹസ്യാന്വേഷണ വിഭാഗം മേധാവികളും റോ, ഐബി, എന്‍ഐഎ തുടങ്ങി കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലെ സംഭവങ്ങള്‍ക്കു സമാനമായ രീതിയില്‍ ആളുകളെ കാണാതായതായി മറ്റ് സംസ്ഥാനങ്ങള്‍ യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്നാണ് ഐഎസ് ബന്ധം സംശയിക്കാവുന്നതരത്തിലുള്ള ദുരൂഹമായ തിരോധാനം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക