|    Apr 27 Fri, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയാളികളുടെ തിരോധാനം; പ്രകടമാവുന്നത് പോലിസിന്റെ കടുത്ത മുസ്‌ലിം വിരുദ്ധത

Published : 31st July 2016 | Posted By: SMR

റഹീം  നെട്ടൂര്‍

കൊച്ചി: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇരുട്ടില്‍ തപ്പുന്ന പോലിസ് അന്വേഷണത്തിന്റെ പേരില്‍ പ്രകടിപ്പിക്കുന്നത് കടുത്ത മുസ്‌ലിംവിരുദ്ധത. മുസ്‌ലിം ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് പോലിസ് ലക്ഷ്യംവച്ചിരിക്കുന്നത്. മുസ്‌ലിംകളുടെ വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നെ നടത്തിയിട്ടുള്ള ഒരു സ്ഥാപനമാണ് ഇപ്പോള്‍ പോലിസ് ലക്ഷ്യംവച്ചിരിക്കുന്നത്. നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ റെയ്ഡ് നടത്തിയും വിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയും സ്ഥാപനത്തിന്റെ യശസ്സിടിക്കുകയാണ് പോലിസ്.
ദൂരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്ന തമ്മനം സ്വദേശി മെറിന്‍ എന്ന മറിയയുടെ സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതി മാത്രമാണ് പോലിസിന്റെ പിടിവള്ളി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തേ പോലിസ് വൈറ്റിലയിലെ സലഫി സെന്ററില്‍ പരിശോധന നടത്തിയിരുന്നു. ഐഎസ് ബന്ധം ചാര്‍ത്തി കേസന്വേഷിക്കുന്ന പോലിസിനു പക്ഷേ, ഐഎസ് ബന്ധം സ്ഥാപിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല.
കേവലം പരാതിയുടെ അടിസ്ഥാനത്തില്‍ കാണാതായ എല്ലാവരുടെയും പേരില്‍ യുഎപിഎ ചുമത്തി കേസന്വേഷിക്കുന്ന പോലിസ് ഇപ്പോള്‍ പരാതിക്കാരന്റെ മൊഴിയില്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരേ തിരിഞ്ഞിരിക്കുന്നത്. കാണാതായ മെറിന്‍ ഈ സ്‌കൂളില്‍ ജോലിചെയ്തിരുന്നു എന്ന പരാതിയാണ് പോലിസ് സ്‌കൂളില്‍ പരിശോധന നടത്താന്‍ ഇടയാക്കിയത്.
തന്നെ ഐഎസിലേക്കോ മറ്റേതെങ്കിലും സംഘടനയിലേക്കോ റിക്രൂട്ട് ചെയ്യാന്‍ യഹിയയും മുംബൈയിലെ ഐആര്‍എഫ് പിആര്‍ഒ ഖുറേഷിയും ആവശ്യപ്പെട്ടതായി എബിന്‍ നല്‍കിയ മൊഴിയിലില്ല. എന്നിട്ടും ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ പോലിസ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് പോലിസ് മുംബൈയിലെത്തി ഖുറേഷിയെയും റിസ്‌വാന്‍ഖാന്‍ എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. മതപ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇരുവരും ഇസ്‌ലാമിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നവരാണെന്നത് വളരെ പരസ്യമായ കാര്യമാണ്. ഇവരുടെ പക്കല്‍ മുസ്‌ലിമായവരുടെ വിവരങ്ങള്‍ ഉണ്ടാവുന്നതും സ്വാഭാവികമാണ്. എന്നാല്‍, മതപരിവര്‍ത്തനത്തിന് സഹായിച്ചത് എന്തോ വലിയ അപരാധമായാണ് പോലിസും ചില മാധ്യമങ്ങളും കാണുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പടയ്ക്കുകയാണു പലരും.
ഖുറേഷിയില്‍നിന്നും റിസ്‌വാന്‍ഖാനില്‍നിന്നും ലഭിച്ച വിവരങ്ങള്‍ എന്ന നിലയ്ക്ക് പോലിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്ന വാര്‍ത്തകളിലെവിടെയും ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത വിവരങ്ങളില്ല. അതേസമയം, മതപരിവര്‍ത്തനത്തിനു സഹായിച്ചെന്ന വിവരത്തിനൊപ്പം ഐഎസ് ബന്ധം എന്നു ചേര്‍ത്തുപറയുന്നത് വഴി സമൂഹത്തില്‍ ഭയാശങ്കകള്‍ വളര്‍ത്തുകയാണു ലക്ഷ്യം.
ക്രൈസ്തവ സ്ഥാപനങ്ങളിലും ഹിന്ദുമഠങ്ങളിലും ക്ഷേത്രങ്ങളിലും ആര്യസമാജത്തിലും മതപരിവര്‍ത്തനം നടത്തുന്നുവെങ്കിലും അതൊന്നും അന്വേഷണവിഷയമാവുന്നില്ലതാനും. മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തരുതെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോലിസ് പക്ഷേ, മുസ്‌ലിം സ്ഥാപനങ്ങളും ആരാധനാലയങ്ങളും ലക്ഷ്യംവയ്ക്കുമ്പോള്‍ മൗനംപാലിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss