|    Mar 30 Thu, 2017 8:31 am
FLASH NEWS

മലയാളികളുടെ തിരോധാനം; കാസര്‍കോട്ട് അറസ്റ്റിലായ യുവതിക്കെതിരേ യുഎപിഎ

Published : 3rd August 2016 | Posted By: SMR

ISIS-MISSING

കാസര്‍കോട്: ദമ്പതിമാര്‍ ഉള്‍പ്പെടെ മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹ്മദി(32)നെതിരേ പോലിസ് യുഎപിഎ ചുമത്തി. തീവ്രവാദ സംഘടനയില്‍ ചേരുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തതിന് 38, 39 സെക്ഷനുകള്‍ പ്രകാരം കേസെടുത്തു.
കാസര്‍കോട്ടെ തിരോധാനം അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് യുവതിയെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്നു ഹരജി ഫയല്‍ ചെയ്യും.  മലപ്പുറം കോട്ടക്കലിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ബിഹാറിലെ സീതാമാരി ജില്ലയിലെ മുറോള്‍ ആണ് യാസ്മിന്റെ സ്വദേശം. മാതാപിതാക്കള്‍ സൗദി അറേബ്യയിലാണ്. സൗദിയില്‍ ജനിച്ചുവളര്‍ന്ന യുവതിയുടെ വിദ്യാഭ്യാസം അവിടെത്തന്നെയായിരുന്നു. ബന്ധുവായ സയ്യിദ് അഹമ്മദിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ നാലു വയസ്സുള്ള കുട്ടിയുണ്ട്. ഈ കുട്ടിയും ഇപ്പോള്‍ ജയിലിലാണ്. രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും കോട്ടക്കലിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപകരായി എത്തിയത്. സയ്യിദ് അഹമ്മദ് മദ്‌റസാ അധ്യാപകനും യാസ്മിന്‍ ഇംഗ്ലീഷ് അധ്യാപികയുമായിരുന്നു. അതിനിടെ, സയ്യിദിന്റെയും യാസ്മിന്റെയും ദാമ്പത്യത്തില്‍ വിള്ളല്‍വീണു. പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളുകളുടെ അധ്യാപകരുടെ ട്രെയ്‌നറായ അബ്ദുല്‍റാഷിദ് അബ്ദുല്ലയാണ് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചത്. യാസ്മിന്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയും റാഷിദുമായി അടുപ്പത്തിലാവുകയും ചെയ്തു. ഒരുവര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ച യാസ്മിന്‍ ഡല്‍ഹിയില്‍ താമസമാക്കി. പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍നിന്ന് കാണാതായ 17 പേരുടെ യാത്രാരേഖകളും മറ്റും ശരിയാക്കുന്നതിനാണ് യാസ്മിന്‍ ഡല്‍ഹിയില്‍ താമസിച്ചതെന്നാണ് പോലിസ് ഭാഷ്യം.
റാഷിദ് യാസ്മിന് പണമയച്ചതിനും ഇവര്‍ തമ്മില്‍ ടെലിഗ്രാം വഴി ബന്ധപ്പെട്ടതിനും തെളിവുണ്ടെന്നും യാസ്മിന്‍ മകനൊപ്പം കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day