|    Jan 18 Wed, 2017 5:35 pm
FLASH NEWS

മലയാളികളുടെ തിരോധാനം: ഐഎസ് ബന്ധം സ്ഥാപിക്കാന്‍ വ്യഗ്രത; ലക്ഷ്യം സാക്കിര്‍ നായിക്ക്

Published : 27th July 2016 | Posted By: SMR

ISIS-MISSING

കൊച്ചി: മലയാളികളുടെ തിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഐഎസ് ബന്ധം സ്ഥാപിച്ചെടുക്കാന്‍ പോലിസില്‍ ഒരു വിഭാഗത്തിനു വ്യഗ്രത. കാണാതായ മലയാളികള്‍ ഐഎസിലേക്കു തന്നെയാണോ പോയതെന്ന് ഒരു ഉറപ്പുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ഡിജിപിയുമെല്ലാം ആവര്‍ത്തിക്കുമ്പോഴും ഐഎസ് ബന്ധം ചാര്‍ത്തുന്നതിനുള്ള വഴികളാണ് പോലിസ് ആലോചിക്കുന്നത്. ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഉന്നംവച്ചുള്ളതാണ് പോലിസിന്റെ നീക്കം.
സാക്കിര്‍ നായിക്കിനെ ചില കേന്ദ്രങ്ങള്‍ നോട്ടപ്പുള്ളിയാക്കിയിരുന്നെങ്കിലും ഐഎസ് ബന്ധം സ്ഥാപിച്ചെടുക്കാന്‍ പറ്റിയ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ നിന്നു കാണാതായ യുവതിക്കും ഭര്‍ത്താവിനും സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന ആരോപണമുയരുന്നത്. തമ്മനം സ്വദേശി മെറിന്‍ എന്ന മറിയവും ഭര്‍ത്താവ് ബെട്‌സന്‍ എന്ന യഹിയയും സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനു(ഐആര്‍എഫ്)മായി ബന്ധപ്പെട്ടിരുന്നെന്ന വിവരമാണ് പോലിസ് കച്ചിത്തുരുമ്പാക്കിയിരിക്കുന്നത്.
മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് കഴിഞ്ഞ 16ന് പാലാരിവട്ടം പോലിസില്‍ പരാതിയുമായി എത്തിയത്. തന്നെ മതം മാറാന്‍ യഹിയയും ഐആര്‍എഫ് പിആര്‍ഒ അര്‍ശി ഖുറേഷിയും നിര്‍ബന്ധിച്ചുവെന്ന് എബിന്റെ മൊഴിയില്‍ നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍, ഐഎസിലോ മറ്റേതെങ്കിലും രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളിലോ ചേരാന്‍ ഖുറേഷിയോ യഹിയയോ ആവശ്യപ്പെടുന്നതായി എബിന്‍ പറഞ്ഞുവെന്ന് പോലിസ് തയ്യാറാക്കിയ അസ്സല്‍ മൊഴിയില്‍ എവിടെയുമില്ല. എന്നിട്ടും ഐഎസില്‍ ചേരാന്‍ ഇരുവരും നിര്‍ബന്ധിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തുന്നതെന്നാണ് എഫ്‌ഐആറില്‍ പോലിസ് പറഞ്ഞിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്.
പരാതിക്കാരനായ എബിന്‍ വിദ്യാസമ്പന്നനായിരുന്നിട്ടും പോലിസ് പരാതി എഴുതിവാങ്ങിക്കുകയല്ല ചെയ്തിരിക്കുന്നത്. സാധാരണ അവശരായവരില്‍ നിന്നും എഴുത്തും വായനയുമറിയാത്തവരില്‍ നിന്നുമൊക്കെയാണ് പോലിസ് മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാറുള്ളത്. എന്നാല്‍, പരാതി പറയാനെത്തിയ എബിനില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പാലാരിവട്ടം എസ്‌ഐ മൊഴിയായി രേഖപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്.
യുഎപിഎ ചുമത്തുമ്പോള്‍ പോലിസ് ഉന്നത ഉദ്യോഗസ്ഥരുമായും ആഭ്യന്തരവകുപ്പുമായും ആലോചിക്കുക പതിവാണ്. എന്നാല്‍, ഇവിടെ പരാതി ലഭിച്ച അന്നുതന്നെ യുഎപിഎ ചുമത്തിയിരിക്കുകയാണ്. യുഎപിഎ ചുമത്താന്‍ ഉന്നതതലത്തില്‍ നേരത്തെ തീരുമാനിച്ച ശേഷമാണ് മൊഴിയെടുക്കലും എഫ്‌ഐആര്‍ തയ്യാറാക്കലുമൊക്കെ നടന്നിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഖുറേഷിക്കെതിരേ യുഎപിഎ ചുമത്തിയതിലൂടെ ഐആര്‍എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമിടാനും അതിലെ ജീവനക്കാരെ ഭയപ്പെടുത്താനും താല്‍ക്കാലികമായെങ്കിലും പോലിസിനു സാധിക്കും. അങ്ങനെ ഐആര്‍എഫിനു ലഭിക്കുന്ന സംഭാവനകള്‍ തടയാമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നത്. സംശയിക്കപ്പെടുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേ വേണമെങ്കിലും വ്യാപകമായി ഉപയോഗിക്കുന്ന യുഎപിഎ എന്ന കരിനിയമം വൈകാതെ സാക്കിര്‍ നായിക്കിനെതിരേ ചുമത്താനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. എബിന്റെ പരാതിയില്‍ ഖുറേഷിക്കെതിരേയും പിന്നീട് റിസ്‌വാന്‍ ഖാനെതിരേയുമുള്ള നീക്കങ്ങള്‍ സാക്കിര്‍ നായിക്കിനുള്ള കനത്ത മുന്നറിയിപ്പായിട്ടാണ് കരുതപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 446 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക