|    Sep 20 Wed, 2017 4:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലയാളികളുടെ തിരോധാനം: ഇറാന്റെ സഹായം തേടി

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി/കാസര്‍കോട്: മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഇന്ത്യ ഇറാന്റെ സഹായം തേടിയതായി വിവരം. കാസര്‍കോട്ടുനിന്ന് കാണാതായ 17 പേര്‍ ടൂറിസ്റ്റ് വിസയില്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെ യോഗത്തില്‍, ഇവരുണ്ടെന്നു സംശയിക്കുന്ന രാജ്യങ്ങളുടെ സഹായം തേടാന്‍ തീരുമാനിച്ചിരുന്നു.
ദുബയിലെത്തിയ ശേഷം സംഘം ഇറാനിലേക്കു പോയെന്നാണു സൂചന. അവിടെനിന്ന് സര്‍ബാസ് പ്രദേശത്തേക്കു കടന്നിരിക്കാമെന്നും അധികൃതര്‍ സംശയിക്കുന്നു. ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഓഫിസുകളുടെ സഹായവും തേടിയിട്ടുണ്ട്. കേരളത്തിനു പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ ആളുകള്‍ അപ്രത്യക്ഷരായിട്ടുണ്ട്. ഇവരില്‍ മലയാളികളെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങള്‍ വിശദമായ അന്വേഷണങ്ങള്‍ക്കായി കേരളത്തിനു കൈമാറിയിരുന്നു. റോ, ഐബി, എന്‍ഐഎ തുടങ്ങി കേന്ദ്ര സുരക്ഷാ ഏജന്‍സികളാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
അതിനിടെ, കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍നിന്നു കാണാതായ 17 പേരെക്കുറിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും പാസ്‌പോര്‍ട്ടിന്റെ വിവരങ്ങളും ശേഖരിച്ചു. കാണാതായവരുടെ ബന്ധുക്കള്‍ ചന്തേര പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.
തെഹ്‌റാനിലേക്കു പോയ ഇവര്‍ യമനിലേക്ക് കടന്നിരിക്കാമെന്നാണ് സംശയം. ഇറാന്റെ സിറിയന്‍ അതിര്‍ത്തി അടച്ചതിനാല്‍ അങ്ങോട്ടു കടക്കാന്‍ സാധ്യതയില്ലെന്നും അഫ്ഗാനിസ്താനിക്ക് പോവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇന്റലിജന്‍സ് സൂചിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക