|    Oct 21 Sat, 2017 7:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയാളികളില്‍ ഒന്നാമന്‍ യൂസുഫലി; അതിസമ്പന്നന്‍ മുകേഷ് അംബാനി

Published : 17th September 2016 | Posted By: SMR

ദുബയ്: തുടര്‍ച്ചയായി അഞ്ചാംവര്‍ഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെ. മലയാളികളില്‍ ഒന്നാംസ്ഥാനത്ത് എം എ യൂസുഫലി. ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. 1.63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് മുകേഷ് ഈ സ്ഥാനത്തെത്തിയത്.
സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്‌വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍- ആസ്തി 1.21 ലക്ഷം കോടി രൂപ. ഈ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്തുള്ള മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ്. അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ 14 മലയാളികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യക്കാരില്‍ കഴിഞ്ഞ വര്‍ഷം നാലാംസ്ഥാനത്തുണ്ടായിരുന്ന അസീം പ്രേംജി ഇത്തവണ 74,700 കോടി രൂപയുടെ ആസ്തിയുമായി ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷാപൂര്‍ജിയുടെ ചെയര്‍മാനായ പല്ലോന്‍ജി മിസ്ത്രി മൂന്നാംസ്ഥാനം നിലനിര്‍ത്തി. ഇദ്ദേഹത്തിന്റെ ആസ്തി 1.01 ലക്ഷം കോടി രൂപയാണ്. ഹിന്ദുജ സഹോദരന്മാരാണ് ഒരുലക്ഷം കോടി രൂപയുടെ ആസ്തിയുമായി നാലാംസ്ഥാനത്തുള്ളത്. 36,600 കോടി രൂപയുടെ ആസ്തിയുള്ള എം എ യൂസുഫലി ഇന്ത്യയിലെ സമ്പന്നരില്‍ 16ാം സ്ഥാനത്താണുള്ളത്. വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാരില്‍ മൂന്നാംസ്ഥാനവും യൂസുഫലിക്കാണ്.
ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് 18,800 കോടി രൂപയുടെ ആസ്തിയുമായി മലയാളികളില്‍ രണ്ടാമത്. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (14,200 കോടി രൂപ), ഇന്‍ഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണന്‍ (8,400 കോടി), ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ (7,000 കോടി) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ഇതാദ്യമായി പതഞ്ജലി ഗ്രൂപ്പ് സിഇഒ ആചാര്യ ബാലകൃഷ്ണ 25,600 കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ 26ാമനായി ഇടംപിടിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക